കൊണ്ടോട്ടി- പ്രതിസന്ധികൾക്കൊടുവിൽ വന്ദേഭാരത് ദൗത്യ വിമാനങ്ങൾക്കിടിയിൽ റാസൽ ഖൈമയിൽ നിന്ന് അൽഹിന്ദ് കെ.എം.സി.സിക്ക് വേണ്ടി ചാർട്ടർ ചെയ്ത വിമാനം കരിപ്പൂരിലെത്തി. റാസൽ ഖൈമയിൽ നിന്ന് പുറപ്പെടാനൊരുങ്ങവെയാണ് സ്‌പെയ്‌സ് ജെറ്റ് വിമാനത്തിന് പറക്കൽ അനുമതി മുടങ്ങിയത്.തുടർന്ന് യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റുകയായിരുന്നു.പിന്നീട് വിമാനത്തിന് യു.എ.ഇ സമയം വൈകുന്നേരം 6.45 നാണ് കരിപ്പൂരിലേക്ക് പുറപ്പെടാൻ അനുമതി ലഭിച്ചിരുന്നത്.
പ്രായമായവരും ഗർഭണികളും കുട്ടികളുമടക്കം ഈ വിമാനത്തിൽ 159 യാത്രക്കാരാണുള്ളത്. ഇവർക്ക് ജില്ലാഭരണകൂടവും എയർപോർട്ട് അതോറ്റിയും സൗകര്യങ്ങളൊരുക്കി. അടുത്ത ചാർട്ടർ വിമാനം നാളെ റാസൽഖൈമയിൽ നിന്ന് പുറപ്പെടും.തുടർന്ന് യു.എ.ഇ,ഖത്തർ,സൗദി അറേബ്യ,കുവൈറ്റ്,ബഹ്‌റൈൻ എന്നിവടങ്ങളിൽ നിന്ന് അൽഹിന്ദ് ചാർട്ടർ വിമാനങ്ങൾ കരിപ്പൂർ,കൊച്ചി,കണ്ണൂർ,തിരുവനന്തപുരം വിമാനത്താവളങ്ങളിലെത്തും. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ അനുമതിക്കായി കാത്തിരിക്കുകയാണ്.വിവിധ സംഘടനകളും കോർപ്പറേറ്റ് കമ്പനികൾക്കും വേണ്ടിയാണ് വിമാനങ്ങൾ ചാർട്ടർ ചെയ്യുന്നതെന്ന് അൽഹിന്ദ് റീജിണൽ മാനേജർ യാസർ മുണ്ടോടൻ പറഞ്ഞു. കൂടുതൽ വിമാനങ്ങൾക്ക് അനുമതി ലഭിച്ചാൽ യാത്രക്കാർക്ക് ടിക്കറ്റ് നിരക്കും ഗണ്യമായി കുറയുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെ ജിദ്ദയിൽ മറ്റൊരു ചാർട്ടേർഡ് വിമാനം കരിപ്പൂരിലെത്തിയിരുന്നു.175 മലയാളികളും ഒരോ കർണാടക,മാഹി സ്വദേശികളുമാണ് വിമാനത്തിലെത്തിയത്.






