ലഖ്‌നൗ-സ്‌ഫോടകവസ്തുക്കള്‍ നിറച്ച പൈനാപ്പിള്‍ കഴിച്ച് മരണപ്പെട്ട ആനയുടെ വിഷയത്തില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവും മൃഗാവകാശപ്രവര്‍ത്തകയുമായ മേനകാ ഗാന്ധി. മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത സര്‍ക്കാര്‍ ഗൗരവമായി കാണുന്നില്ലെന്നും, ഇതുവരെ സംഭവത്തെ തുടര്‍ന്ന് ആരെയും അറസ്റ്റ് ചെയ്യാത്തത് ഗുരുതരമായ വീഴ്ചയാണെന്നും മേനകാ ഗാന്ധി ട്വീറ്റ് ചെയ്തു.മൃഗങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്ക് പേരുകേട്ട സ്ഥലമാണ് മലപ്പുറമെന്നും എന്നാല്‍ ഭീഷണി തടയാന്‍ അധികാരികള്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും മുന്‍ കേന്ദ്രമന്ത്രി വ്യക്തമാക്കി. നടപടി സ്വീകരിക്കാത്തതിനാലാണ് ഇതുപോലുള്ള ആക്രമണങ്ങള്‍ തുടര്‍ന്ന് വരുന്നത്, ഇതുപോലുള്ള പ്രവര്‍ത്തികള്‍ കണ്ടാല്‍ ഫോണ്‍, വിളിക്കുകയോ, ഇ-മെയില്‍ അയക്കുകയോ നടപടിക്കായി ആവശ്യപ്പെടുകയോ ചെയ്യണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വെള്ളിയാര്‍ പുഴയില്‍ മെയ് 27നാണ് വനപാലകര്‍ ആനയെ കണ്ടെത്തിയത്. 15 വയസോളം പ്രായമുള്ള കാട്ടാന, പടക്കം നിറച്ച പൈനാപ്പിള്‍ കഴിച്ചതിനെ തുടര്‍ന്ന് അത് പൊട്ടിത്തെറിച്ച് ആനയുടെ വായില്‍ നിറയെ മുറിവുകളുണ്ടായി. ഇതേത്തുടര്‍ന്ന് ഭക്ഷണം കഴിക്കാനാകാതെയാണ് ആന ചരിഞ്ഞത്. ഉദരത്തില്‍ ഒരു കുഞ്ഞിനെയും വഹിച്ച് മനുഷ്യരുടെ ക്രൂരതയ്ക്ക് ഇരയായി ആ കൊല്ലപ്പെട്ട മിണ്ടാപ്രാണിയോട് മാപ്പപേക്ഷിച്ചു കൊണ്ടുള്ള ഫോറസ്റ്റ് ഓഫീസറുടെ വികാരനിര്‍ഭരമായ കുറിപ്പ് വൈറലായാതെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തില്‍ പ്രതിക്ഷേധമറിയിച്ച് നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. ബോളിവുഡ് താരം അനുഷ്‌ക ശര്‍മ പ്രതികളെ പിടിക്കണമെന്ന് സര്‍ക്കാരിനോടാവശ്യപ്പെട്ടിരുന്നു. വെറുതെയല്ല കൊറോണ വന്നതെന്നാണ് നടന്‍ ഉണ്ണി മുകുന്ദന്‍ സംഭവത്തെ കുറിച്ച് പറഞ്ഞത്.