സമരങ്ങളില്‍ ശ്വാസംമുട്ടി അമേരിക്കന്‍ നഗരങ്ങള്‍

വൈറ്റ് ഹൗസിലേക്ക് വീണ്ടും മാര്‍ച്ച്, പ്രതിഷേധത്തിനിടെ അക്രമവും, അടിച്ചമര്‍ത്താന്‍ ട്രംപിന്റെ നിര്‍ദേശം

വാഷിംഗ്ടണ്‍- കറുത്ത വര്‍ഗക്കാരനെ തെരുവില്‍ പോലീസ് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതിനെത്തുടര്‍ന്ന് യു.എസിലാകെ അലയടിക്കുന്ന പ്രതിഷേധങ്ങള്‍ കൂടുതല്‍ ശക്തമായി. യു.എസ് നഗരങ്ങള്‍ ചൊവ്വാഴ്ച രാത്രിയും സമരവേലിയേറ്റങ്ങള്‍കൊണ്ട് വീര്‍പ്പുമുട്ടി. അക്രമികളെ ശിക്ഷിക്കണമെന്നും കറുത്തവര്‍ക്കെതിരായ വിവേചനം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ഫ്‌ളോയ്ഡിന്റെ ഭാര്യ റോക്‌സ വാഷിംഗ്ടണും രംഗത്തെത്തി.
തുടര്‍ച്ചയായ എട്ടാം ദിവസമാണ് യു.എസ് നഗരങ്ങളില്‍ പ്രതിഷേധം കനക്കുന്നത്. പ്രക്ഷോഭകര്‍ വീണ്ടും വൈറ്റ് ഹൗസിലേക്ക് മാര്‍ച്ച് ചെയ്തതിനിടെ, പോലീസ് സുരക്ഷ ശക്തമാക്കി. ഏതാനും ദിവസം മുമ്പ് പ്രതിഷേധക്കാരെ ഭയന്ന് വൈറ്റ് ഹൗസിലെ ബങ്കറില്‍ ഒളിച്ചതായ റിപ്പോര്‍ട്ടുകള്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിഷേധിച്ചു.
കര്‍ശനമായ കര്‍ഫ്യൂവും മറ്റ് സുരക്ഷാ നടപടികളും മേയര്‍മാരുടെ അഭ്യര്‍ഥനയും തള്ളിയാണ് സമരക്കാര്‍ തെരുവുകളില്‍ നിറയുന്നത്. ലോസ്ആഞ്ചലസ്, ഫിലാഡെല്‍ഫിയ, അറ്റ്‌ലാന്റ, ന്യൂയോര്‍ക്ക് സിറ്റി, വാഷിംഗ്ടണ്‍ ഡിസി എന്നിവിടങ്ങളെല്ലാം തന്നെ പ്രതിഷേധത്തിലമര്‍ന്നു. പകല്‍ സമാധാനപൂര്‍വം നടക്കുന്ന പ്രതിഷേധം രാത്രിയാകുമ്പോള്‍ അക്രമാസക്തമാവുകയാണ്. തിങ്കളാഴ്ച രാത്രി അഞ്ച് പോലീസ് ഓഫീസര്‍മാര്‍ക്കാണ് വെടിയേറ്റത്. കലാപവും കൊള്ളയും അരങ്ങേറുന്നുണ്ട്.
യു.എസ് കാപിറ്റോളിന് മുന്നില്‍ ചൊവ്വാഴ്ച ഉച്ചക്ക് ശേഷം മുട്ടുകുത്തിനിന്ന് പ്രതിഷേധിച്ചവര്‍, നിശബ്ദത അക്രമമാണെന്നും നീതിയില്ലെങ്കില്‍ സമാധാനമില്ലെന്നും മുദ്രാവാദ്യം മുഴക്കി.

 

Latest News