Sorry, you need to enable JavaScript to visit this website.

ആനയോടുള്ള ക്രൂരത; ലോഗോയില്‍ നിന്ന് ആനയുടെ ചിത്രം മായ്ച്ചുകളഞ്ഞ് ബ്ലാസ്‌റ്റേഴ്‌സ്

കൊച്ചി-  ഗര്‍ഭിണിയായ കാട്ടാന സ്ഫോടകവസ്തു ഒളിപ്പിച്ച പൈനാപ്പിളില്‍ കഴിച്ച് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി കേരള ബ്ലാസ്റ്റേഴ്‌സ്.  വേദനാജനകമായ സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തിയ ബ്ലാസ്‌റ്റേഴ്‌സ് പ്രതികരണമെന്നോണം സ്വന്തം ലോഗോയില്‍നിന്ന് ആനയുടെ ചിത്രം മായ്ച്ചുകളഞ്ഞു.

'ആരെയും ഉപദ്രവിക്കാത്ത ഒരു പാവം മൃഗത്തോട് ചിലർ ചെയ്ത ക്രൂരതയെകുറിച്ച് അറിഞ്ഞു. കഠിനമായ വേദന സഹിച്ചാണ് ആ സാധു മൃഗം മരണപ്പെട്ടത്. ഗർഭിണിയായ ആനയെ പടക്കം തീറ്റിക്കുന്നത് രസം കണ്ടെത്തിയ ചിലരാണ് ഈ ദൗര്‍ഭാഗ്യകരമായ സംഭവത്തിനു പിന്നിൽ. സംസ്ഥാനത്തെ എല്ലാവരും ജ്ഞാനം, വിശ്വസ്തത എന്നിവയുടെ പ്രതീകമായി കാണുന്ന ആനപതിറ്റാണ്ടുകളായി നമ്മുടെയും നമ്മുടെ സംസ്കാരത്തിന്റെയും ഭാഗമാണ്. അതിനാൽ, ഇത്തരം പ്രവർത്തനങ്ങൾ എല്ലാവരും അപലപിക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.' ബ്ലാസ്റ്റേഴ്സ് ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

 നിലമ്പൂരില്‍ തിരുവിഴാംകുന്ന് വനമേഖലയില്‍ അമ്പലപ്പാറയിലെ വെള്ളിയാറിലായിരുന്നു 20 വയസിനടുത്ത് പ്രായമുള്ള പിടിയാന ദാരുണമായി കൊല്ലപ്പെട്ടത്. പടക്കങ്ങള്‍ നിറച്ച കൈതച്ചക്ക കഴിക്കുന്നതിനിടെ പൊട്ടിത്തെറിയില്‍ വായില്‍ മുറിവും പൊള്ളലുമേറ്റ് ഭക്ഷണം പോലും കഴിക്കാനാവാതെയാണ് ഗര്‍ഭിണിയായ ആന മരണത്തിന് കീഴടങ്ങിയത്.

തുമ്പിക്കൈയ്ക്കും വായ്ക്കകത്തും സാരമായ പൊള്ളലേറ്റതിനെ തുടര്‍ന്ന് വെള്ളത്തിലിറങ്ങിയ ആന അതേ നില്‍പ്പില്‍ തന്നെ മരണപ്പെടുകയായിരുന്നു. നിലമ്പൂര്‍ ഫോറസ്റ്റ് സെക്ഷന്‍ ഓഫീസറായ മോഹന്‍ കൃഷ്ണനാണ് സംഭവം പുറംലോകത്തെ അറിയിച്ചത്. ആരാണ് ഇതിന് പിറകിലെന്ന് വ്യക്തമല്ല.
 

Latest News