മുംബൈ- വന്ദേഭാരത് മിഷനു കീഴിലെ പ്രത്യേക വിമാനങ്ങളില്‍ ഇന്ത്യയിലെത്തിയ ശേഷം കോവിഡ് സ്ഥിരീകരിച്ചവരുടെ കണക്ക് ഹാജരാക്കാന്‍ ബോംബെ ഹൈക്കോടതി എയര്‍ ഇന്ത്യയോടും ഡിജിസിഎ (ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) യോടും ആവശ്യപ്പെട്ടു. വിമാനം കയറിയപ്പോള്‍ രോഗബാധിതരല്ലാത്തവര്‍ക്കാണ് നാട്ടിലെത്തിയപ്പോള്‍ രോഗം സ്ഥിരീകരിക്കുന്നത്. വിമാനങ്ങളിലെ സൂക്ഷ്മതക്കുറവാണോ ഇതിനു കാരണമെന്ന് കണ്ടെത്താനാണ് കോടതി ഡാറ്റ ചോദിച്ചിരിക്കുന്നത്.
വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനിടെ ദേശീയ വിമാനക്കമ്പനിയില്‍ സാമൂഹിക അകലം പാലിച്ചില്ലെന്ന് ആരോപിച്ച് എയര്‍ ഇന്ത്യ പൈലറ്റ് ദേവന്‍ കാനാനി സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് ജസ്റ്റിസ് എസ്.ജെ കതവല്ല, ജസ്റ്റിസ് എസ്.പി തവാഡെ എന്നിവരടങ്ങിയ ബെഞ്ച് ഇക്കാര്യം ആവശ്യപ്പെട്ടത്. അഭിഭാഷകന്‍ അഭിലാഷ് പാനിക്കര്‍ വഴിയാണ് അപേക്ഷ സമര്‍പ്പിച്ചത്.
കോവിഡ് 19 വ്യാപനം തടയുന്നതിനുള്ള എല്ലാ സുരക്ഷയും സാമൂഹിക അകലവും പാലിച്ചാണ് പ്രത്യേക വിമാനങ്ങള്‍ പറത്തിയതെന്ന് ഡിജിസിഎയെയും എയര്‍ ഇന്ത്യയെയും പ്രതിനിധീകരിച്ച് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ബോധിപ്പിച്ചു. മധ്യ സീറ്റുകളില്‍ ഇരിക്കുന്ന യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യ, സിവില്‍ ഏവിയേഷന്‍ മന്ത്രാലയം, ഡിജിസിഎ എന്നിവ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ത്രീലേയേര്‍ഡ് മാസ്‌കുകള്‍ക്കൊപ്പം യാത്രക്കാര്‍ക്ക് ഫെയ്‌സ് ഷീല്‍ഡുകള്‍ പോലുള്ള മറ്റ് സംരക്ഷണ ഉപകരണങ്ങളും നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
വിമാനങ്ങളിലെ മധ്യ സീറ്റുകള്‍ ഒഴിച്ചിടുകയോ അല്ലെങ്കില്‍ അത്തരം സീറ്റുകള്‍ അനുവദിക്കുന്ന യാത്രക്കാര്‍ക്ക് മുഴുവന്‍ മറയ്ക്കാവുന്ന ഗൗണുകള്‍ നല്‍കണമെന്നും ഡിജിസിഎ വിമാന കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. മെയ് 25 ന് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിനെത്തുടര്‍ന്നായിരുന്നു ഇത്.






