തിരുവനന്തപുരം- വിദേശത്തു നിന്ന് മലയാളികളെ കൊണ്ടുവരുന്നതിന് കൂടുതല്‍ ചാർട്ടേഡ് വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കേന്ദ്രം ആവശ്യപ്പെട്ടാല്‍ ഇനിയും ചാർട്ടേഡ് വിമാനങ്ങള്‍ക്ക് അനുമതി നല്‍കും. കോവിഡ് അവലോകനത്തിനുശേഷം വാർത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്പൈസ് ജെറ്റിന് കേരളത്തിലേക്ക് 300 വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. അബുദാബിയിലെ ഒരു സംഘടനക്ക് 40 ചാർട്ടേഡ് വിമാനങ്ങള്‍ക്കും അനുമതി നല്‍കി. കേന്ദ്രത്തിന് അനുമതി നല്‍കിയ വിമാനങ്ങള്‍ തന്നെ ഇനിയും ഷെഡ്യൂള്‍ ചെയ്യാനുണ്ട്. കോവിഡ് പരിശോധന നടത്തി നെഗറ്റീവാകുന്നവരെ മാത്രമേ കൊണ്ടുവരൂ എന്ന് സ്പൈസ് ജെറ്റ് ഉറപ്പ് നല്‍കിയിട്ടുണ്ട്. രണ്ട് നിബന്ധനകള്‍ മാത്രമാണ് കേരളം മുന്നോട്ടു വെച്ചിട്ടുള്ളത്. പ്രവാസികളില്‍നിന്ന് ചാർജ് വാങ്ങുകയാണെങ്കില്‍ അമിത നിരക്ക് ഈടാക്കരുത്. രോഗികള്‍, ഗർഭിണികള്‍, ജോലി നഷ്ടമായവർ തുടങ്ങി നേരത്തെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പെട്ടവർക്കായിരിക്കണം ചാർട്ടർ വിമാനങ്ങളില്‍ മുന്‍ഗണ നല്‍കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.






