ഹാദിയ കേസില്‍ വനിതാ കമ്മീഷന്‍ സുപ്രീം കോടതിയെ സമീപിക്കും

തിരുവനന്തപുരം- ഇസ്‌ലാം സ്വീകരിച്ചതിനെ തുടര്‍ന്ന് കോടതി ഉത്തരവ് പ്രകാരം മാതാപിതാക്കള്‍ക്കൊപ്പം കഴിയുന്ന ഹാദിയ എന്ന അഖില അവകാശലംഘനം നേരിടുന്നുവെന്ന പരാതിയില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ ഇടപെടുന്നു.  കേസില്‍  സുപ്രീംകോടതിയെ സമീപിക്കാനാണ് കമ്മീഷന്റെ നീക്കം. വനിതാ സംഘടനകളുടെ പരാതികളും നിവേദനങ്ങളും ലഭിച്ച സാഹചര്യത്തിലാണ് ഇടപെടുന്നതെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍ പറഞ്ഞു.

സ്ത്രീപക്ഷവിഷയങ്ങളില്‍ ഇടപെടേണ്ടത് വനിതാ കമ്മിഷന്റെ ചുതലയാണെന്നും ഇക്കാര്യത്തില്‍ നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോടതിയെ സമീപിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. സംഭവത്തില്‍ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനിതാ കമ്മിഷന്‍ കോടതിയുടെ അനുമതി തേടുന്നതിനു പുറമെ ഹാദിയയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്താനും അനുമതി തേടും.

വൈക്കം സ്വദേശിനി ഹാദിയയെ മാതാപിതാക്കള്‍ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന പരാതി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അടുത്ത മാസം മൂന്നിനു പരിഗണിക്കാനിരിക്കയാണ്. പിതാവ് അശോകനില്‍നിന്നു കമ്മീന്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ പരാതിയില്‍ കമ്മീഷന്‍ അംഗം കെ.മോഹന്‍കുമാറാണു കേസ് പരിഗണിക്കുന്നത്.

Latest News