Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വീഡിയോ കോണ്‍ഫറന്‍സിനിടെ വനിതാ മന്ത്രിയുടെ തോളില്‍ തൂങ്ങി മകന്‍-video

യെമനില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും കൊറോണ നിര്‍മാര്‍ജന പദ്ധതിക്കും ധനസമാഹരണം ലക്ഷ്യമിട്ട് സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെ യു.എ.ഇ അന്താരാഷ്ട്ര സഹകരണകാര്യ സഹമന്ത്രി റീം ബിന്‍ത് ഇബ്രാഹിം അല്‍ഹാശിമിക്ക് സമീപം മകന്‍ എത്തിയപ്പോള്‍.

റിയാദ്- യെമനില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും കൊറോണ നിര്‍മാര്‍ജന പദ്ധതിക്കും ധനസമാഹരണം ലക്ഷ്യമിട്ട് സംഘടിപ്പിച്ച സമ്മേളനത്തിനിടെ വനിതാ മന്ത്രിയുടെ തോളില്‍ തൂങ്ങി മകന്‍.
യു.എ.ഇ അന്താരാഷ്ട്ര സഹകരണകാര്യ സഹമന്ത്രി റീം ബിന്‍ത് ഇബ്രാഹിം അല്‍ഹാശിമി ഓണ്‍ലൈന്‍ സമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി മകന്‍ മന്ത്രിക്ക് സമീപമെത്തി തോളില്‍ കൈയിട്ട് തൂങ്ങിനിന്നത് .
സ്വന്തം രാജ്യത്തെ പ്രതിനിധീകരിച്ച് സമ്മേളനത്തില്‍ മന്ത്രി പ്രസംഗിക്കുന്നതിനിടെ പെട്ടെന്ന് ലൈവ് സംപ്രേഷണത്തില്‍ മകന്‍ കടന്നുവരികയായിരുന്നു. അപ്രതീക്ഷിത സാഹചര്യം പുഞ്ചിരിയോടെ കൈകാര്യം ചെയ്ത മന്ത്രി മകന്റെ രംഗപ്രവേശത്തിലൂടെ പ്രസംഗം തടസ്സപ്പെട്ടതില്‍ എല്ലാവരോടും ക്ഷമാപണം നടത്തി. ഇതിന്‍റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി.

സമ്മേളനത്തില്‍  സൗദി അറേബ്യ യെമന് 50 കോടി ഡോളര്‍ സഹായം പ്രഖ്യാപിച്ചു. കിംഗ് സല്‍മാന്‍ സെന്റര്‍ ഫോര്‍ റിലീഫ് ആന്റ് ഹ്യുമാനിറ്റേറിയന്‍ എയിഡ് സൂപ്പര്‍വൈസര്‍ ജനറല്‍ ഡോ. അബ്ദുല്ല അല്‍റബീഅയാണ് വീഡിയോ കോണ്‍ഫറന്‍സ് രീതിയില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ സൗദി സഹായം പ്രഖ്യാപിച്ചത്. സൗദി സഹായത്തില്‍ 30 കോടി ഡോളര്‍ യു.എന്‍ ഏജന്‍സികള്‍ വഴിയും അവശേഷിക്കുന്ന 20 കോടി ഡോളര്‍ സൗദി, പ്രാദേശിക, അന്താരാഷ്ട്ര സംഘടനകളുമായി സഹകരിച്ച് കിംഗ് സല്‍മാന്‍ സെന്റര്‍ ഫോര്‍ റിലീഫ് ആന്റ് ഹ്യുമാനിറ്റേറിയന്‍ എയിഡ് വഴിയുമാണ് ചെലവഴിക്കുകയെന്ന് ഡോ. അബ്ദുല്ല അല്‍റബീഅ പറഞ്ഞു.
2014 സെപ്റ്റംബറില്‍ യെമന്‍ പ്രതിസന്ധി ആരംഭിച്ച ശേഷം ഇതുവരെ യെമന് സൗദി അറേബ്യ 1,694 കോടിയിലേറെ ഡോളറിന്റെ സഹായങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് സമ്മേളനത്തില്‍ സംസാരിച്ച സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ നിര്‍ദേശാനുസരണം യു.എന്നിന്റെ പങ്കാളിത്തത്തോടെ സൗദി അറേബ്യയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. 66 രാജ്യങ്ങളും 15 യു.എന്‍ സംഘടനകളും മൂന്നു അന്താരാഷ്ട്ര ഗവണ്‍മെന്റ് സംഘടനകളും 39 എന്‍.ജി.ഒകളും ഇസ്‌ലാമിക് ഡെവലപ്‌മെന്റ് ബാങ്കും ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് ദി റെഡ് ക്രോസും ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് റെഡ് ക്രോസ് ആന്റ് റെഡ് ക്രസന്റ് സൊസൈറ്റീസും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.


 

 

Latest News