Sorry, you need to enable JavaScript to visit this website.
Friday , September   25, 2020
Friday , September   25, 2020

നിർദേശങ്ങൾ പാലിച്ചില്ല; റിയാദിലും ജിദ്ദയിലും സ്ഥിതി ഗുരുതരമെന്ന് ആരോഗ്യ മന്ത്രാലയം

കോവിഡ് കാലത്തും ജിദ്ദ ഷറഫിയയിലെ തിരക്ക്‌
  • എല്ലാവരും മുൻകരുതൽ സ്വീകരിക്കണമെന്ന് സാമൂഹിക പ്രവർത്തകർ

റിയാദ്- സാമൂഹിക അകലം പാലിക്കലും മാസ്‌ക്, ഗ്ലൗസ് ധരിക്കലുമുൾപ്പെടെ ആരോഗ്യ മന്ത്രാലയം നിർദേശിച്ച മുൻകരുതൽ പാലിക്കാൻ ആളുകൾ തയ്യാറാകാത്തതാണ് ജിദ്ദയിലും റിയാദിലും കോവിഡ് വ്യാപനം ഗുരുതരമാക്കിയതെന്ന് ആരോഗ്യമന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അൽഅബ്ദുൽ ആലി വ്യക്തമാക്കി. മന്ത്രാലയത്തിന്റെ നിർദേശങ്ങൾ ജനങ്ങൾ അവഗണിക്കുകയാണ്. മുൻകരുതലുകൾ പാലിക്കാതെയാണ് മാർക്കറ്റുകളിലും ഓഫീസുകളിലും തൊഴിൽ സ്ഥലങ്ങളിലും പലരും പെരുമാറുന്നത്. ഇത് രോഗവ്യാപനത്തിന് ആക്കം കൂട്ടി. ഇനിയുള്ള ദിവസങ്ങൾ 24 മണിക്കൂറും ജാഗ്രത പാലിക്കേണ്ടിവരുമെന്നും ഇല്ലെങ്കിൽ ഗുരുതര പ്രതിസന്ധിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

തൽസമയം വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക

അതേസമയം മുൻകരുതലുകളോ നിർദേശങ്ങളോ പാലിക്കാത്തതാണ് റിയാദിൽ രോഗവ്യാപനത്തിന് കാരണമായതെന്ന് വിവിധ സാമൂഹിക-സംസ്‌കാരിക സംഘടന നേതാക്കൾ പറഞ്ഞു. തനിക്ക് അസുഖം വരില്ലെന്ന വിചാരത്തോടെ സുരക്ഷ വ്യവസ്ഥകൾ പാലിക്കാതെ പലരും കറങ്ങി നടക്കുന്നുണ്ട്. ഇവർ പലസ്ഥലങ്ങളിലും പോയി വൈറസ് വാഹകരായി റൂമുകളിലും ജോലി സ്ഥലങ്ങളിലും എത്തും. ഇതോടെ അവിടെയുള്ള ആസ്തമയടക്കമുള്ള രോഗമുള്ളവരെ വളരെ പെട്ടെന്ന് വൈറസ് പിടികൂടും.  ക്ലിനിക്കുകളിലും മറ്റും വരുന്നവരോട് സാമൂഹിക അകലം പാലിക്കാൻ ആവശ്യപ്പെട്ടാൽ ഗൗനിക്കാറില്ല. മാസ്‌കോ, സാനിറ്റൈസറോ, ഗ്ലൗസോ ഉപയോഗിക്കുന്ന ശീലവും പലർക്കുമില്ല. റൂമുകളിൽ രണ്ടോ അതിലധികമോ ആളുകളുണ്ടെങ്കിൽ പോലും മാസ്‌ക് ഉപയോഗിക്കണെമന്നും ഗ്ലൗസിടാത്ത കൈകളിൽ നോട്ടുപയോഗിക്കരുതെന്നും രോഗമുള്ളവർ സ്വയം ചികിത്സക്ക് തയ്യാറാകാതെ ഡോക്ടർമാരുടെ നിർദേശം തേടണമെന്നും നിരവധി രോഗികളെ ആശുപത്രിയിലെത്തിക്കാനും മരുന്നുകൾ നൽകാനും മരണാനന്തര കാര്യങ്ങൾ ചെയ്യാനും നേതൃത്വം നൽകുന്ന റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി മുസ്തഫ പറഞ്ഞു.
കോവിഡ്  പോസിറ്റീവ് ആണ് എന്നറിഞ്ഞിട്ടും യാതൊരുവിധ മുൻകരുതലും സ്വീകരിക്കാതെ സമൂഹത്തിനിടയിലേക്ക് ഇറങ്ങുന്നു എന്നത് സാധാരണയായിരിക്കുന്നു. ബാച്ചിലേഴ്‌സ് റൂമുകളിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത് നമുക്ക് ആലോചിക്കാൻ പോലും കഴിയാത്ത കാര്യങ്ങളാണ്. കോവിഡ് ബാധിച്ച ഒരാളെ കാറിൽ ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ ഭയമാണ്.

എന്നാൽ കോവിഡ് പോസിറ്റീവ് ആയ ആളുകളുള്ള റൂമുകളിൽനിന്ന് അയാളുടെ കൂടെ താമസിക്കുന്ന ടെസ്റ്റ് ചെയ്യാത്ത, യാതൊരു ലക്ഷണവും കാണിക്കാത്ത ആളുകൾ ജോലിക്ക് സാധാരണ പോലെ പോകുന്നു.  ലക്ഷണമില്ലാത്ത കോവിഡ് പോസിറ്റീവുള്ളവർ നമുക്കിടയിൽ നിരവധി പേരുണ്ട്. അതാണ് വിദേശികൾ തിങ്ങിപ്പാർക്കുന്നയിടങ്ങളിൽ രോഗം പടരാൻ കാരണമായത്.  പോസിറ്റീവ് ആയ ആളുകളുള്ള റൂമുകളിലുള്ളവർ അവർക്ക് ലക്ഷണങ്ങൾ ഇല്ലെങ്കിലും അവർ മറ്റുള്ളവരിൽനിന്ന്  അകലം പാലിക്കുന്നില്ല. പലർക്കും വൈകിയാണ് ലക്ഷണങ്ങൾ കാണുന്നത്. അപ്പോഴേക്കും അവർ ഈ രോഗം മറ്റുള്ളവരിലേക്ക് എത്തിച്ചിരിക്കും. പോസിറ്റീവ് ആയ ആളുമായി ബന്ധമുള്ളവർ പതിനാലു ദിവസം റൂമുകളിൽ തന്നെ കഴിയണം എന്നാണ് ആരോഗ്യമന്ത്രാലയം പറയുന്നത്. നമ്മുടെ സംസ്ഥാനം സാധാരണ ചുമ വന്നാൽ പോലും കോവിഡ് ടെസ്റ്റ് നടത്തണമെന്ന് പറയുന്നു. എന്നാൽ ഇവിടെ നമ്മുടെ ആളുകൾ അക്കാര്യം തൃണവൽഗണിക്കുന്നു. -ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുല്ല വല്ലാഞ്ചിറ പറഞ്ഞു.


എത്ര സുരക്ഷ പാലിച്ചിട്ടും മറ്റുള്ളവരുമായി ഉള്ള സമ്പർക്കമോ മറ്റോ കാരണമായാണ് രോഗവ്യാപനം നടക്കുന്നതെന്ന് നിരവധി രോഗികളെ ആശുപത്രിയിലെത്തിക്കാനും മറ്റും നേതൃത്വം നൽകിയ റിയാദ് കേളി കലാ സാംസ്‌കാരിക വേദി പ്രസിഡന്റ് ശമീർ കുന്നുമ്മൽ അഭിപ്രായപ്പെട്ടു. 24 മണിക്കൂർ കർഫ്യൂ സമയത്ത് പോലും ഇൻഡസ്ട്രിയൽ മേഖലയടക്കമുള്ള ഭാഗങ്ങളിൽ ആളുകൾ വേണ്ടത്ര സുരക്ഷ പാലിച്ചിരുന്നില്ല. മാസ്‌കുകളും ഗ്ലൗസുകളും ആവശ്യം കഴിയുന്നതോടെ റോഡുകളിലും പൊതുസ്ഥലങ്ങളിലും ഉപേക്ഷിക്കുകയാണ്. ഇതുവഴി രോഗവ്യാപനം ഉണ്ടാകാൻ സാധ്യതയുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ മുൻകരുതലുകളും നിർദേശങ്ങളും അറിഞ്ഞ മട്ടില്ലാത്ത നിലയിലാണ് വഴിവാണിഭക്കാരുടെയും മറ്റും പെരുമാറ്റങ്ങൾ. ഇത് സാമൂഹിക വ്യാപനത്തിന് കാരണമാകുന്നു -ശമീർ പറഞ്ഞു.


പ്രവാസികൾ കൂട്ടത്തോടെ താമസിക്കുന്ന ഏരിയയിൽ ആർക്കെങ്കിലും വൈറസ് ബാധയുണ്ടായാൽ എല്ലാവർക്കും ബാധിക്കുന്ന അവസ്ഥയാണിപ്പോഴുള്ളതെന്ന് കുമ്മിൾ സുധീർ നവോദയ പറഞ്ഞു. പനിയുണ്ടാകുമ്പോൾ വൈറൽ പനിയാണെന്ന് ധരിച്ച് കാര്യമായ ചികിത്സക്കോ ഐസൊലേഷനോ തയ്യാറാകാതിരിക്കുന്നത് മൂലം കൂടെ ജോലി ചെയ്യുന്നവർക്കും രോഗം സമ്മാനിക്കുകയാണ് പലരും. ഇത് സ്ഥിതി കൂടുതൽ വഷളാക്കുന്നു. രോഗമുള്ളവർ തൊട്ടടുത്ത ചികിത്സാ കേന്ദ്രങ്ങൾ ഒഴിവാക്കി ബത്ഹയിലേക്ക് വരുന്നതും ആശങ്കയുളവാക്കുന്നു. ഇങ്ങനെ ബത്ഹയിലെത്തുന്നവർ രോഗാവസ്ഥയോടെ പല കടകളിലും കയറിയിറങ്ങുന്നു. ഇത് വലിയ സമ്പർക്കത്തിന് കാരണമാവുകയും രോഗവ്യാപനത്തിന് വഴിയൊരുക്കുകയും ചെയ്യുന്നു- അദ്ദേഹം പറഞ്ഞു.
കോവിഡിനെ കുറിച്ചുള്ള നിർദേശങ്ങളും മറ്റും അവഗണിക്കുന്ന ചിലരാണ് മറ്റുള്ളവരിലേക്ക് കൂടി രോഗം വ്യാപിക്കാൻ കാരണക്കാരാകുന്നത്. രോഗം വർധിച്ചതോടെ ഗുരുതര അവസ്ഥയിലുള്ളവരെ മാത്രമേ ആശുപത്രികൾക്ക് സ്വീകരിക്കാനാകുന്നുള്ളൂ. നിലവില സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി ക്വാറന്റൈനും ചികിത്സയും തുടരുകയും ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശങ്ങൾ അനുസരിക്കുകയുമാണ് എല്ലാവരും ചെയ്യേണ്ടത്- റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ ഹയർ സെക്കണ്ടറി ഹെഡ്മിസ്ട്രസ് മൈമൂന അബ്ബാസ് പറഞ്ഞു.