Sorry, you need to enable JavaScript to visit this website.

ദേവികയുടെ മരണം: ഉത്തരവാദി  കേരള സർക്കാർ -വെൽഫെയർ പാർട്ടി

തിരുവനന്തപുരം- ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാനാവാത്തതിൽ മനം നൊന്ത് ആത്മഹത്യ ചെയ്ത ദേവികയുടെ മരണത്തിനുത്തരവാദി കേരള സർക്കാരാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. കേരളത്തിൽ ടി.വിയോ സ്മാർട്ട് ഫോണോ ഇല്ലാത്ത രണ്ടര ലക്ഷം വിദ്യാർഥികൾ ഉണ്ട്. ഇതിൽ ഭൂരിപക്ഷവും   ആദിവാസി-ദലിത്-പിന്നാക്ക പാർശ്വവത്കൃത ജനവിഭാഗങ്ങളാണ്. കേരള വികസനത്തിന്റെ ഓഹരി ലഭിക്കാതെ പുറംതള്ളപ്പെട്ടു പോയവരെ പരിഗണിക്കാതെ പുതിയ വിദ്യാഭ്യാസരീതി ദുർവാശിമൂലം വേഗത്തിൽ നടപ്പാക്കിയ സർക്കാരിന് ഈ മരണത്തിന്റെ ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞ് മാറാനാവില്ല.
ഓൺലൈൻ പഠനത്തിനുള്ള സൗകര്യം വലിയൊരു വിഭാഗത്തിന് ഇല്ല എന്ന് മനസ്സിലാക്കിയിട്ടും അത്തരം വിദ്യാർഥികൾ പഠനം ആരംഭിക്കേണ്ടതില്ല എന്ന് വെച്ചതിലൂടെ പാർശ്വവത്കൃത ജനവിഭാഗങ്ങളെ രണ്ടാം തരം പൗരൻമാരായാണ് സർക്കാർ കാണുന്നതെന്ന് വ്യക്തമായിരിക്കുന്നു. എല്ലാവർക്കും സൗകര്യം ഉറപ്പാകുന്നത് വരെ പഠനം ആരംഭിക്കുന്നത് നീട്ടിവെച്ചിരുന്നെങ്കിൽ ദേവകി ജീവിച്ചിരിക്കുമായിരുന്നു. 


സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലുള്ള ജനവിഭാഗങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങളുറപ്പു വരുത്തുന്ന വികസനം ഇപ്പോഴും യാഥാർഥ്യമായിട്ടില്ലാ എന്നത് വികസന വായ്ത്താരികൾക്കിടയിൽ ഭരണകൂടം മറന്നുപോകരുത്. കോവിഡ് പ്രതിരോധത്തിലും സർക്കാർ പദ്ധതികളിലും എല്ലാവരെയും ചേർത്ത് പിടിച്ച് പ്രവർത്തനങ്ങൾ സംഘടിപ്പിക്കാതെ എല്ലാം സർക്കാർ ചെയ്യുന്നു എന്ന് മേനി നടിക്കാൻ വേണ്ടി ദുരഭിമാന ബോധത്തോടെ സർക്കാർ മുന്നോട്ട് പോകുന്നത് കൊണ്ട് ജനങ്ങളെ സഹായിക്കാൻ സന്നദ്ധരാകുന്നവരെ സർക്കാർ തടയുകയാണ്. 
പ്രയാസങ്ങൾ അനുഭവിക്കുന്നവരെ സഹായിക്കാൻ പോലും അനുവദിക്കാത്ത സർക്കാർ ഫാസിസം കേരള ജനതക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്.  എല്ലാ വിദ്യാർഥികൾക്കും ഓൺലൈൻ ക്ലാസുകളിൽ ഒരേപോലെ പങ്കെടുക്കാൻ കഴിയുന്ന സാഹചര്യം ഒരുക്കാൻ  സർക്കാർ തയ്യാറാകണം.  ദേവികയുടെ മരണത്തിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്തു  ദേവികയുടെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നൽകുകയും  ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

 

Latest News