Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ക്വാറന്റൈനിൽ മാനസിക പീഡനം: യുവാവ് നിയമ നടപടിക്ക് 

കണ്ണൂർ-  കോവിഡ് അപവാദ പ്രചാരണത്തെത്തുടർന്ന് ആരോഗ്യ പ്രവർത്തക ആത്മഹത്യക്കു ശ്രമിച്ച കണ്ണൂരിൽ കള്ള പ്രചാരണങ്ങൾക്കും മോശം പെരുമാറ്റത്തിനുമെതിരെ കണ്ണൂരിൽ ഹോം ക്വാറന്റൈനിൽ കഴിയുന്ന യുവാവ് നിയമ നടപടിക്കൊരുങ്ങുന്നു.
കോവിഡ് രോഗിയെന്ന വിധത്തിൽ ക്വാറന്റൈൻ ലംഘിച്ച് പുറത്ത് നടക്കുന്നതായി കള്ള പ്രചാരണം നടത്തുകയും ഭക്ഷണവുമായി എത്തുന്ന ബന്ധുക്കളോട് മോശമായി പെരുമാറുകയും ചെയ്യുന്നുവെന്നാണ് പരാതി. ബാംഗ്ലൂരിൽ ഐ.ടി കമ്പനി ഉദ്യോഗസ്ഥനായ യുവാവാണ് പരാതിക്കാരൻ.
കഴിഞ്ഞ 29 നാണ് യുവാവ് കണ്ണൂർ വിമാനത്താവളത്തിലെത്തിയത്. കോവിഡ് ജാഗ്രത പോർട്ടലിൽ വ്യക്തമായ വിവരങ്ങൾ നൽകിയാണ് നാട്ടിലെത്തിയത്. ക്വാറന്റൈനിൽ കഴിയുന്ന സ്ഥലമുൾപ്പെടെ സർക്കാർ നിർദേശിക്കുന്ന എല്ലാ കാര്യങ്ങളും എഴുതിക്കൊടുത്താണ് ഹോം ക്വാറന്റൈനിൽ കഴിയുന്നതിന് കണ്ണൂർ ആറാട്ട് റോഡിലുള്ള ഫഌറ്റിൽ യുവാവ് എത്തിയത്. യുവാവിന്റെ താവക്കരയിലുളള വീട്ടിൽ പ്രായമായരും കുട്ടികളും ഉള്ളതുകൊണ്ട് അടുത്ത ബന്ധുവിന്റെ ഈ ഫഌറ്റ് 14 ദിവസം സ്വയം നിരീക്ഷണത്തിൽ കഴിയാൻ വേണ്ടി യുവാവ് തെരഞ്ഞെടുക്കുകയായിരുന്നു. മാത്രമല്ല, സർക്കാറിന് വിവരം കൈമാറുന്നതിന് മുൻപ് തന്നെ ആവശ്യം പറഞ്ഞത് ഫഌറ്റ് അസോസിയേഷൻ ഭാരവാഹികളുടെ അനുവാദം വാങ്ങുകയും ചെയ്തിരുന്നു. 
എന്നാൽ എത്തി അടുത്ത ദിവസം മുതൽ ഫഌറ്റുകളിൽ താമസിക്കുന്നവർ മാനസികമായി ബുദ്ധിമുട്ടിക്കുകയാണ്. തന്നെ കോവിഡ് രോഗി എന്ന തരത്തിലാണ് ഇവിടെയുള്ളവർ നോക്കി കാണുന്നത്. ഇതിനിടയിൽ നിരവധി തവണ ഫോൺ കോളുകൾ യുവാവ് താമസിക്കുന്ന ഫഌറ്റുടമയായ ബന്ധുവിന് വന്നു കഴിഞ്ഞു. ഇപ്പോഴും അത് തുടരുകയും ചെയ്യുന്നു. 


കോവിഡ് കെയർ സെന്ററിൽ നിന്നും ആരോഗ്യ വകുപ്പിൽ നിന്നും താൻ ക്വാറന്റൈൻ ലംഘനം നടത്തിയെന്ന പരാതി ലഭിച്ചുവെന്ന് പറഞ്ഞ് വിളിക്കുന്നുണ്ടെന്നും യുവാവ് പറയുന്നു. ഫഌറ്റിൽ കഴിയാൻ അനുവാദം തന്ന അസോസിയേഷൻ ഭാരവാഹികളും ഇപ്പോൾ ഇവിടെനിന്ന് മാറണമെന്നാവശ്യപ്പെട്ട് നിരന്തരം സമ്മർദം ചെലുത്തുന്നതായും യുവാവ് പറയുന്നു. ഇതിനിടയിൽ കണ്ണൂർ ടൗൺ സി.ഐ ഫഌറ്റിലെത്തി കാര്യങ്ങൾ അന്വേഷിച്ച് ഫഌറ്റിൽ തന്നെ 14 ദിവസം ക്വാറന്റൈനിൽ കഴിയാൻ നിർദേശിക്കുകയായിരുന്നു. 
പ്രധാനമായും പ്രചാരണം നടത്തുന്നത്, യുവാവ് ദുബായിൽ നിന്നു വന്നതാണ് എന്നും പുറത്തിറങ്ങി നടക്കുന്നുണ്ടെന്നും ലിഫ്റ്റ് ഉപയോഗിക്കുന്നുണ്ട് എന്നൊക്കെയാണ്. താൻ ക്വാറന്റൈൻ ലംഘനം നടത്തിയിട്ടുണ്ടോ എന്ന് സി.സി.ടി.വി ഫൂട്ടേജ് പരിശോധിച്ചാൽ മനസ്സിലാകുമെന്ന് സി.ഐയുടെ സാന്നിദ്ധ്യത്തിൽ യുവാവ് പറഞ്ഞപ്പോൾ സി.സി.ടി.വി പ്രവർത്തനക്ഷമമല്ലെന്നാണ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചത്. 


എങ്കിൽ തന്റെ ദൃശ്യം ഫോണിൽ പകർത്താമല്ലോ എന്ന ചോദ്യത്തിനും ഉത്തരമുണ്ടായിരുന്നില്ല. സി.ഐക്ക് കാര്യങ്ങൾ ബോധ്യപ്പെട്ടതുകൊണ്ടാണ് തന്നോട് ഫഌറ്റിൽ തന്നെ കഴിയാൻ പറഞ്ഞതെന്നും യുവാവ് പറയുന്നു. 
തനിക്ക് ഭക്ഷണം കൊണ്ടുതരുന്ന പിതാവിനെയും സെക്യൂരിറ്റി ജീവനക്കാരൻ അധിക്ഷേപിച്ചതായും യുവാവ് പറയുന്നു. ക്വാറന്റൈനിൽ കഴിയുന്നവർക്കെതിരെ അപവാദ പ്രചാരണം നടത്തരുതെന്ന് നിരന്തരം മുഖ്യമന്ത്രി ആവർത്തിക്കുമ്പോഴാണ് ഇത്തരത്തിൽ കണ്ണൂർ നഗരത്തിൽ തന്നെയുള്ള യുവാവിന് ദുരനുഭവം നേരിടേണ്ടി വരുന്നത്. 
ന്യു മാഹിയിൽ ഇത്തരത്തിൽ പ്രചാരണം നടത്തിയതിന് ആത്മഹത്യക്ക് ശ്രമിച്ച യുവതി ഗുരുതരാവസ്ഥയിൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. നിരീക്ഷണത്തിൽ കഴിയുന്നവർ രോഗികളല്ലെന്ന യാഥാർഥ്യം പൊതുസമൂഹം ഇനിയും ഉൾക്കൊള്ളുന്നില്ലെന്നാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണം.

 

Latest News