Sorry, you need to enable JavaScript to visit this website.

ലോക്ഡൗണ്‍ ദുരന്തം: വാഹനാപകടങ്ങളില്‍ മരിച്ചത് 198 കുടിയേറ്റ തൊഴിലാളികള്‍

ന്യൂദല്‍ഹി- ലോക്ഡൗണ്‍ കാലയളവില്‍ 198  കുടിയേറ്റ തൊഴിലാളികള്‍ക്ക് റോഡപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടതായി റോഡ് സുരക്ഷാ സന്നദ്ധ സംഘടനയായ  സേവ് ലൈഫ് ഫൗണ്ടേഷന്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.


മാര്‍ച്ച് 25 മുതല്‍ മെയ് 31 വരെ രാജ്യവ്യാപകമായി 1,461 അപകടങ്ങളുണ്ടായത്. ഇതില്‍ 198 കുടിയേറ്റ തൊഴിലാളികള്‍ ഉള്‍പ്പെടെ 750 പേര്‍ കൊല്ലപ്പെട്ടു. 1,390 പേര്‍ക്ക് പരിക്കേറ്റതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ലോക്ഡൗണ്‍ കാലത്തുണ്ടായ  വാഹനാപകട മരണങ്ങളില്‍ 26.4 ശതമാനാണ് നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമത്തിനിടെ കൊല്ലപ്പെട്ട കുടിയേറ്റ തൊഴിലാളികള്‍.  


കുടിയേറ്റക്കാരെ കൊണ്ടുപോകന്‍ നിയോഗിക്കപ്പെട്ട ബസ്, ട്രക്ക് െ്രെഡവര്‍മാരുടെ അമിത ജോലിയും  അമിത വേഗതയും റോഡുകളുടെ മോശം സ്ഥിതിയുമാണ് കൂടുതല്‍ അപകടങ്ങള്‍ക്കും മരണങ്ങള്‍ക്കും കാരണം. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മരണങ്ങളില്‍ 30 ശതമാനം (245) ഉത്തര്‍പ്രദേശിലാണ്. തെലങ്കാന (56), മധ്യപ്രദേശ് (56), ബീഹാര്‍ (43), പഞ്ചാബ് (38), മഹാരാഷ്ട്ര (36) എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ കണക്ക്.  


ഉത്തര്‍പ്രദേശ് (94), മധ്യപ്രദേശ് (38), ബീഹാര്‍ (16), തെലങ്കാന (11), മഹാരാഷ്ട്ര (9) എന്നിവയാണ് കുടിയേറ്റ തൊഴിലാളികളുടെ റോഡപകട മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ആദ്യ അഞ്ച് സംസ്ഥാനങ്ങള്‍. ഇരകളില്‍ 27 ശതമാനം കുടിയേറ്റ തൊഴിലാളികളാണെന്നും അഞ്ച് ശതമാനം പോലീസ്, ഡോക്ടര്‍മാര്‍, തുടങ്ങിയ അവശ്യ സേവനങ്ങളില്‍ ഏര്‍പ്പെട്ടവരാണെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.


സ്വദേശങ്ങളിലേക്ക് കാല്‍നടയായും വാഹനങ്ങളിലും പുറപ്പെട്ട കുടിയേറ്റ തൊഴിലാളികളാണ് അപകടങ്ങളില്‍ മരിച്ചത്.
മൂന്നാം ഘട്ടത്തിലും നാലാം ഘട്ടത്തിലും വിവിധ സംസ്ഥാനങ്ങളിലെ  നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞതോടെയാണ്  റോഡപകടങ്ങളില്‍ വര്‍ധനയുണ്ടായത്. കോവിഡ് 19 വ്യാപനം ഇപ്പോഴും തുടരുന്നതിനാല്‍ വാഹനാപകടങ്ങള്‍ ആരോഗ്യ മേഖലയില്‍ കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് സേവ് ലൈഫ് ഫൗണ്ടേഷന്റെ സ്ഥാപകനും സിഇഒയുമായ പീയൂഷ് തിവാരി പറഞ്ഞു.
കോവിഡ് പശ്ചാത്തലത്തില്‍ പൗരന്മാര്‍ അവശ്യ സുരക്ഷാ ശീലങ്ങള്‍ വളര്‍ത്തിയെടുത്തതുപോലെ റോഡ് സുരക്ഷയിലും ശ്രദ്ധിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

 

Latest News