Sorry, you need to enable JavaScript to visit this website.

സഞ്ചാരികളെ ക്ഷണിച്ച് ജപ്പാൻ 

അന്താരാഷ്ട്ര യാത്രകൾ നടത്തുന്ന ഏതൊരു സഞ്ചാരിയുടെയും മനസ്സിലെ ഏറ്റവും പ്രിയപ്പെട്ട രാജ്യങ്ങളിലൊന്ന് ജപ്പാനായിരിക്കും. ലോകത്തിലെ മറ്റു രാജ്യങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായി ജീവിക്കുന്ന ജനവിഭാഗവും അവരുടെ അതിലും വ്യത്യസ്തമായ ജീവിത ശൈലികളും സഞ്ചാരികൾക്ക് എന്നും അതിശയം തന്നെയാണ്. ജപ്പാനിലെ നഗരങ്ങളും ഗ്രാമങ്ങളുമെല്ലാം വ്യത്യസ്തങ്ങളായ നിരവധി കാഴ്ചകൾ സഞ്ചാരികൾക്ക് നൽകുന്നുണ്ട്. ലോകത്തിലെ മറ്റെല്ലാ രാജ്യങ്ങളെയും പോലെ കൊറോണ രൂക്ഷമായി ബാധിച്ച രാജ്യങ്ങളിലൊന്നായിരുന്നു ജപ്പാൻ. പ്രതിസന്ധിയിൽ നിന്നും കരകയറുമ്പോൾ പഴയ പ്രതാപത്തിലേക്ക് തിരികെ വരികയാണ് ഇനി രാജ്യത്തിന്റെ ലക്ഷ്യം. കോവിഡ് ഇവിടെ ഏറ്റവും തളർത്തിയ മേഖലകളിലൊന്ന് വിനോദ സഞ്ചാര രംഗമായിരുന്നു. ഇപ്പോൾ പുതിയ ചില പദ്ധതികളിലൂടെ കരകയറുവാനും സഞ്ചാരികളെ ആകർഷിക്കുവാനും ഒരുങ്ങുകയാണ് ജപ്പാൻ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നള്ള സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുവാനായി വളരെ വ്യത്യസ്തമായ പദ്ധതിക്കാണ് ജപ്പാൻ രൂപം കൊടുത്തിരിക്കുന്നത്.

ലോക്ഡൗണിനു ശേഷം വിനോദ സഞ്ചാരം പഴയ പടി ആരംഭിക്കുമ്പോൾ ഇവിടേക്ക് വരുന്ന സഞ്ചാരികൾ പകുതി മാത്രം പണം നൽകിയാൽ മതി. സഞ്ചാരികൾ പകുതി പണം മുടക്കുമ്പോൾ ബാക്കി പണം സഞ്ചാരികൾക്കായി സർക്കാർ നൽകും. പകുതി തുക സർക്കാർ ഏറ്റെടുക്കുന്ന ഈ പരിപാടിക്കായി 12.5 ബില്യൺ ഡോളറാണ് സർക്കാർ മാറ്റിവെച്ചിരിക്കുന്നത്. ജൂലൈ മാസം ഒന്നു മുതൽ ആണ് ഈ യാത്രാ പദ്ധതി നടപ്പിലാക്കുവാൻ തീരുമാനിച്ചിരിക്കുന്നത്. ജപ്പാൻ ടൂറിസം ഏജൻസി വക്താവായ ഹിരോഷി ടബാറ്റയാണ് ഈ വാർത്ത അറിയിച്ചത്. രാജ്യാന്തര വിമാന സർവീസുകൾ ആരംഭിക്കുന്നതു മുതൽ വിനോദ സഞ്ചാരം ഉൾപ്പെടെയുള്ള കാര്യങ്ങൾ പൂർവ സ്ഥിതിയിലെത്തുമെന്നാണ് പ്രതീക്ഷ. സഞ്ചാരികൾക്കായി തുറന്ന് രാജ്യങ്ങൾ ലോകം മെല്ലെ സാധാരണ നിലയിലേക്ക് വരുന്നതോടെ രാജ്യങ്ങൾ സഞ്ചാരികൾക്കായി തുറക്കുകയാണ്. കർശനമായ നിയന്ത്രണങ്ങളോടെയും ഉപാധികളോടെയും മാത്രമായിരിക്കും രാജ്യങ്ങൾ സഞ്ചാരികളെ സ്വാഗതം ചെയ്യുക. ഗ്രീസ്, കരീബിയൻ ദ്വീപുകൾ, ഐസ്‌ലാൻഡ് തുടങ്ങിയ രാജ്യങ്ങളാണ് ഇപ്പോൾ സഞ്ചാരികളെ സ്വീകരിക്കുവാനായി തയാറായിരിക്കുന്നത്.


 

Latest News