Sorry, you need to enable JavaScript to visit this website.

ട്രെയിനുകൾ വീണ്ടും, ആദ്യ ദിനത്തിൽ 1.45 ലക്ഷം യാത്രക്കാർ

ഇന്ത്യയിൽ ഇന്നലെ മുതൽ കൂടുതൽ പാസഞ്ചർ ട്രെയിനുകൾ ഓടിത്തുടങ്ങി. ലോക്ഡൗൺ ഇളവുകൾ അനുവദിച്ചതിന് പിന്നാലെയാണ് ട്രെയിനുകൾ പുനരാരംഭിക്കാനുള്ള റെയിൽവേയുടെ തിരുമാനം. ആദ്യ ദിവസം 1.45 ലക്ഷം പേരാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. എ.സി, നോൺ എ.സി ട്രെയിനുകളാണ് ഓടിത്തുടങ്ങിയത്. 
തുരന്തോ, സംപർക് ക്രാന്തി, ജനശതാബ്ദി, പൂർവ എക്‌സ്പ്രസ് എന്നീ ട്രെയിനുകൾക്കാണ് മന്ത്രാലയം അനുമതി നൽകിയിരിക്കുന്നത്. ലോക് ഡൗണിനു പിന്നാലെ നിർത്തലാക്കിയ ട്രെയിൻ സർവീസുകൾ ഘട്ടം ഘട്ടമായി പുനരാരംഭിക്കാനാണ് റെയിൽവേയുടെ തീരുമാനം. ജൂൺ മാസത്തിൽ 26 ലക്ഷം പേരാണ് മുൻകൂട്ടി ടിക്കറ്റുകൾ ബുക്ക് ചെയ്തിരിക്കുന്നത്.

റെയിൽവേയുടെ മാർഗ നിർദേശങ്ങൾ 


ട്രെയിനുകളിൽ ജനറൽ കംപാർട്ട്‌മെന്റുകളിലെ യാത്രകൾക്കും സീറ്റ് ബുക്ക് ചെയ്യണം. നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കില്ല. ടിക്കറ്റ് നിരക്കിൽ മാറ്റം വന്നിട്ടില്ല. ട്രെയിൻ പുറപ്പെടുന്നതിന് 90 മിനിട്ട് മുമ്പ് സ്‌റ്റേഷനിൽ എത്തിയിരിക്കണം. മാസ്‌കുകൾ നിർബന്ധമായും ധരിക്കണം. സാമൂഹിക അകലം പാലിക്കണം. സാനിറ്റൈസറുകൾ ഉപയോഗിക്കണം.
എല്ലാ യാത്രക്കാരും ആരോഗ്യ സേതു ആപ് നിർബന്ധമായും ഡൗൺലോഡ് ചെയ്തിരിക്കണം. പ്ലാറ്റ്‌ഫോം ടിക്കറ്റുകൾ നൽകില്ല. വെയ്റ്റിംഗ് ലിസ്റ്റിൽ ഉള്ള യാത്രക്കാരെ അനുവദിക്കില്ല. യാത്രക്കാരെ തെർമൽ സ്‌കാനിംഗിന് വിധേയമാക്കും. രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കൂ.
നാലാം ഘട്ട ലോക്ഡൗൺ കാലയളവിൽ രാജ്യത്ത് 15 സ്‌പെഷ്യൽ ട്രെയിൻ സർവീസുകൾ ഓടിത്തുടങ്ങിയിരുന്നു. കുടിയേറ്റ തൊഴിലാളികൾക്കായി പ്രത്യേക ശ്രമിക് ട്രെയിനുകളും ഓടിയിരുന്നു. മെയ് 29 വരെ രാജ്യത്ത് 52 ലക്ഷം കുടിയേറ്റ തൊഴിലാളികളാണ് യാത്ര ചെയ്തത്. 3840 ട്രെയിനുകളാണ് ഓടിയത്. ലോക്ഡൗണിന് മുൻപ് രാജ്യത്ത് ഒരു ദിവസം 12,000 ട്രെയിനുകളാണോടിയത്. 
ലോക്ഡൗണിനെ തുടർന്ന് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തി കേരളത്തിൽ കുടുങ്ങിയവർക്ക് ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാം. തെരഞ്ഞെടുത്ത കൗണ്ടറുകൾ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം. എന്നാൽ മാസ്‌ക് ധരിച്ചെത്തുന്നവർക്കേ ടിക്കറ്റ് നൽകൂ.
അതേസമയം, ഞായറാഴ്ചകളിൽ ടിക്കറ്റ് കൗണ്ടർ തുറക്കില്ല. സമ്പൂർണ ലോക്ഡൗൺ ആയതിനാൽ ഞായറാഴ്ചകളിൽ തിരുവനന്തപുരം ഡിവിഷന്റെ കീഴിലുള്ള ബുക്കിങ് കൗണ്ടറുകൾ പ്രവർത്തിക്കില്ല. 

തിങ്കളാഴ്ച മുതൽ ആരംഭിച്ച ട്രെയിനുകളുടെ സമയ വിവരം 

$  തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദി (02076): തിരുവനന്തപുരത്തു നിന്ന് പുലർച്ചെ 5.45 ന് പുറപ്പെടും. മടക്ക ട്രെയിൻ കോഴിക്കോട്ടുനിന്ന് പകൽ 1.45 ന് (എല്ലാ ദിവസവും).
$  തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി (02082): തിരുവനന്തപുരത്തുനിന്ന് പകൽ 2.45 ന് പുറപ്പെടും (ചൊവ്വാഴ്ചയും ശനിയാഴ്ചയും ഒഴികെ). മടക്ക ട്രെയിൻ കണ്ണൂരിൽനിന്ന് പുലർച്ചെ 4.50 ന് പുറപ്പെടും (ബുധനാഴ്ചയും ഞായറാഴ്ചയും ഒഴികെ).
$  തിരുവനന്തപുരം - ലോകമാന്യ തിലക് (06346): തിരുവനന്തപുരത്തുനിന്ന് പകൽ 9.30 ന് പുറപ്പെടും. മടക്ക ട്രെയിൻ ലോക്മാന്യ തിലകിൽനിന്ന് പകൽ 11.40 ന് (എല്ലാ ദിവസവും).
$  എറണാകുളം ജങ്ഷൻ -നിസാമുദ്ദീൻ മംഗള എക്‌സ്പ്രസ് (02617): എറണാകുളത്തുനിന്ന് പകൽ 1.15 ന് പുറപ്പെടും. മടക്ക ട്രെയിൻ നിസാമുദ്ദീനിൽനിന്ന് രാവിലെ 9.15 ന് (എല്ലാ ദിവസവും)
$  എറണാകുളം ജങ്ഷൻ -നിസാമുദ്ദീൻ (തുരന്തോ) എക്‌സ്പ്രസ് (02284): എറണാകുളത്തുനിന്ന് ചൊവ്വാഴ്ചകളിൽ രാത്രി 11.25 ന് പുറപ്പെടും. മടക്ക ട്രെയിൻ ശനിയാഴ്ചകളിൽ നിസാമുദ്ദീനിൽനിന്ന് രാത്രി 9.35 ന്.
$  തിരുവനന്തപുരം സെൻട്രൽ - എറണാകുളം ജങ്ഷൻ (06302): പ്രതിദിന പ്രത്യേക ട്രെയിൻ പകൽ 7.45 മുതൽ സർവീസ് ആരംഭിക്കും.
$  എറണാകുളം ജങ്ഷൻ - തിരുവനന്തപുരം (06301): പ്രതിദിന പ്രത്യേക ട്രെയിൻ പകൽ ഒന്നിന് പുറപ്പെടും.
$  തിരുച്ചിറപ്പള്ളി-നാഗർകോവിൽ (02627): പ്രതിദിന സൂപ്പർ ഫാസ്റ്റ് തിങ്കളാഴ്ച പകൽ ആറു മുതൽ സർവീസ് ആരംഭിക്കും. മടക്ക ട്രെയിൻ പകൽ മൂന്നിന് നാഗർകോവിലിൽനിന്ന് പുറപ്പെടും.


സ്‌റ്റോപ് ക്രമീകരണം


തിരുവനന്തപുരം- ലോക്മാന്യതിലക് നേത്രാവതി എക്‌സ്പ്രസിന്റെ (06345, 06346) ചെറുവത്തൂരിലെ സ്‌റ്റോപ് ഒഴിവാക്കി. തിരൂർ സ്‌റ്റോപ് നിലനിർത്തി. എറണാകുളം ജങ്ഷനും ദൽഹിക്കും (ഹസ്രത്ത് നിസാമുദ്ദീൻ) ഇടയിൽ സർവീസ് നടത്തുന്ന മംഗള ലക്ഷദ്വീപ് എക്‌സ്പ്രസിന്റെ (02617/02618) ആലുവ, പട്ടാമ്പി, കുറ്റിപ്പുറം, തിരൂർ, പരപ്പനങ്ങാടി, ഫറോക്ക്, കൊയിലാണ്ടി, വടകര, തലശ്ശേരി, പഴയങ്ങാടി, പയ്യന്നൂർ, നീലേശ്വരം, കാഞ്ഞങ്ങാട് സ്‌റ്റോപ്പുകളും ഒഴിവാക്കി. ജനശതാബ്ദിയുടെ കായംകുളം, മാവേലിക്കര, വടകര, തലശ്ശേരി സ്‌റ്റോപ്പുകളും ഒഴിവാക്കി. 

 


 

Latest News