Sorry, you need to enable JavaScript to visit this website.
Sunday , July   12, 2020
Sunday , July   12, 2020

കോർപറേറ്റുകൾക്ക് ഇന്ത്യയെ തീറെഴുതിക്കൊടുത്തവർ

രണ്ടാം മോഡി ഗവൺമെന്റിന്റെ ഒന്നാം വാർഷികം കടന്നു പോകുമ്പോഴും കോവിഡിന്റെ മറവിൽ രാജ്യത്തെ കൊള്ളയടിക്കുന്ന നയം അവർ നിർബാധം തുടരുക തന്നെയാണ്. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയുടെ തകർന്നടിഞ്ഞ അവസ്ഥ സംബന്ധിച്ച് റിസർവ് ബാങ്ക് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഡിമാൻഡിൽ ഗണ്യമായ കുറവുണ്ടായെന്നും 2020-21 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ വളർച്ചാ നിരക്ക് നെഗറ്റീവ് സോണിൽ എത്തുമെന്നും ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസാണ് വെളിപ്പെടുത്തിയത്. രാജ്യത്തെ മൊത്തം ആഭ്യന്തര ഉൽപാദനം (ജി.ഡി.പി) ഗണ്യമായി ചുരുങ്ങുമെന്നും അദ്ദേഹം പറയുന്നു. രൂക്ഷമായ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ഇതിൽ 1,86,650 കോടി രൂപയുടെ പാക്കേജാണ് യഥാർത്ഥത്തിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. ഇത് ജി.ഡി.പിയുടെ 0.91 ശതമാനം മാത്രമാണ്. ജി.ഡി.പിയുടെ പത്ത് ശതമാനമാണ് പ്രത്യേക സാമ്പത്തിക പാക്കേജായി പ്രഖ്യാപിച്ചെന്നാണ് സർക്കാർ വാദം. ഭൂമി, തൊഴിൽ, പണം, നിയമം എന്നിങ്ങനെയുള്ള നാല് മേഖലകളിൽ നിക്ഷേപം നടത്തുന്നതിനാണ് 20 ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചത്.
ലോക്ഡൗൺ പ്രഖ്യാപിച്ച ശേഷം നാലാം തവണ രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇക്കാര്യം പ്രഖ്യാപിച്ചത്. പട്ടിണി, വിഭവ സ്രോതസ്സുകളുടെ അഭാവം, മഹാമാരി, തൊഴിൽ നഷ്ടപ്പെട്ട ലക്ഷക്കണക്കിന് തൊഴിലാളികൾ, വീടുകളിൽ തിരികെയെത്താൻ നൂറുകണക്കിന് കിലോമീറ്റർ കാൽനടയായി താണ്ടുന്ന സ്ത്രീകളും കുട്ടികളും അടങ്ങുന്ന കുടിയേറ്റ തൊഴിലാളികളുടെ കുടുംബങ്ങൾ അതിരൂക്ഷമായ ഇത്തരം നൊമ്പരങ്ങൾക്കിടെയാണ് കേന്ദ്ര സർക്കാറിന്റെ പൊള്ളയായ വാഗ്ദാനങ്ങളും അതിന്റെ ഭാഗമായി ജനങ്ങൾക്ക് നൽകുന്ന തലതിരിഞ്ഞ ആത്മവിശ്വാസവും. 2015 ൽ തന്നെ ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മോഡി സർക്കാർ ചില അവകാശവാദങ്ങൾ ഉന്നയിച്ചിരുന്നു. 
കോർപറേറ്റുകളുടെ താൽപര്യങ്ങൾക്ക് അനുസൃതമായ വിധത്തിലുള്ള നിയമ ഭേദഗതിയാണ് സർക്കാർ ലക്ഷ്യമിട്ടത്. ഇതിനായി നിലവിലുണ്ടായിരുന്ന ഭൂമി ഏറ്റെടുക്കൽ നിയമത്തിൽ ഭേദഗതി വരുത്തി. കോർപറേറ്റുകളുടെ ആവശ്യത്തിനായി സർക്കാറിന് ഭൂമി ഏറ്റെടുക്കാൻ കഴിയുന്ന വിധത്തിലാണ് 2015 ൽ ഭേദഗതി വരുത്തിയത്. ഇതിൽ പ്രൈവറ്റ് എന്റിറ്റി (സ്വകാര്യ വസ്തു) എന്നത് പ്രൈവറ്റ് എന്റർപ്രൈസ് (സ്വകാര്യ സംരംഭം) എന്നാക്കി മാറ്റി. ഇതിന്റെ പിന്നിലുള്ള ലക്ഷ്യം പകൽ പോലെ വ്യക്തമാണ്.
വിദേശികൾ ഉൾപ്പെടെയുള്ള കോർപറേറ്റുകൾക്ക് കർഷക ഭൂമി ഏറ്റെടുത്ത് നൽകുകയാണ് മോഡി സർക്കാർ ഇതിലൂടെ ലക്ഷ്യമിട്ടത്. ആറാം വർഷം പൂർത്തിയാക്കിയ സർക്കാറിന് കർഷകർ നേരിടുന്ന പ്രശ്‌നങ്ങൾക്ക് ഒരു പരിഹാരവും കണ്ടെത്താൻ കഴിഞ്ഞില്ല. ബാക്കിയുള്ള കൃഷിഭൂമിയും കോർപറേറ്റുകളുടെ കൈകളിൽ എത്തിക്കാനുള്ള നടപടിയാണിത്. അടുത്തതായി തൊഴിലും തൊഴിൽ നിയമങ്ങളും. 
രാജ്യത്തെ എല്ലാ പൗരന്മാർക്കും ഭരണഘടന അനുവദിച്ച് നൽകുന്ന അടിസ്ഥാന അവകാശങ്ങളെ വളച്ചൊടിക്കാനുള്ള നടപടികൾ കോർപറേറ്റുകളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയാണ്. തൊഴിൽ പ്രശ്‌നങ്ങൾ കൺകറന്റ് പട്ടികയിൽ ഉൾപ്പെട്ടതാണ്. എന്നാൽ ഇപ്പോൾ സംസ്ഥാനങ്ങൾ തൊഴിലാളികളുടെ അടിസ്ഥാന അവകാശങ്ങൾ റദ്ദാക്കുന്ന നടപടികൾ ആരംഭിച്ചു. ജോലി സമയം എട്ടിൽ നിന്നും 12 മണിക്കൂറാക്കി വർധിപ്പിച്ചു. തൊഴിലാളികളുടെ സംഘടിക്കാനുള്ള അവകാശം റദ്ദാക്കി, വേതനവും വെട്ടിക്കുറച്ചു. ഈ അവകാശങ്ങൾ ആഗോള തലത്തിൽ ദീർഘകാലത്തെ പോരാട്ടങ്ങളിലൂടെ നേടിയെടുത്തവയാണ് എന്ന കാര്യം ഗവൺമെന്റ് വിസ്മരിക്കുന്നു. കോവിഡിന്റെ മറ പറ്റി രാജ്യത്തെ കോർപറേറ്റുകൾക്ക്്് അടിയറ വെക്കുകയാണ് മോഡി സർക്കാർ.
രാജ്യത്തെ തൊഴിലാളികളും ജീവനക്കാരും മറ്റും സർക്കാറിന്റെ വികല നയങ്ങൾക്കെതിരായ പോരാട്ടങ്ങളിൽ പങ്കെടുത്ത് അനീതികൾക്കെതിരെ പോരാടി വിജയം കണ്ടവരാണ് എന്നതാണ് പൂർവ ചരിത്രം. ഇന്ത്യയിലെ തൊഴിലാളികൾ ഇതിലൂടെ ഒരു പുതിയ ചരിത്രം സൃഷ്ടിക്കുകയായിരുന്നു. എന്നാലിപ്പോൾ അന്ന് നേടിയെടുത്ത ഈ അവകാശങ്ങളത്രയും ഓരോന്നായി റദ്ദാക്കുന്നു. ഇപ്പോഴുള്ള ഈ ഭേദഗതികൾ വ്യാവസായിക വളർച്ചയല്ല, മറിച്ച് സമൂഹത്തിൽ അസംതൃപ്തി സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. തൊഴിലാളികൾ വിവരണാതീതമായ കഷ്ടതകളാണ് നേരിടുന്നത്. വ്യവസായികൾ, ചെറുകിട - ഇടത്തരം വ്യവസായ സംരംഭകർ എന്നിവരൊക്കെ സമാനമായ അവസ്ഥയിലാണ്. ഉൽപാദന വളർച്ച ദുർബലമായി. എല്ലാ മേഖലകളിലുമുള്ള ശോഷണം ജനങ്ങളുടെ വാങ്ങൽ ശേഷിയെ പ്രതികൂലമായി ബാധിച്ചു. പണം ആഗോള കുത്തകകളിൽ മാത്രം ഒതുങ്ങി. 
ഇതിന്റെ ഭാഗമായി ചെറുകിട ഇടത്തരം വ്യവസായങ്ങൾ തകർച്ചയുടെ വക്കിലാണ്. ആവശ്യകതയിലുള്ള കുറവ്, ഗുരുതരമായ സാമ്പത്തിക മാന്ദ്യം എന്നീ ഘടകങ്ങൾ ഉൽപാദന മേഖലയുടെ ഘടന തന്നെ തകർത്തു. ലോഹങ്ങൾ, ലോഹ ഉൽപന്നങ്ങൾ, എൻജിനീയറിങ്, നിർമാണം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിലെ തൊഴിലാളികൾക്ക് വേതനം പോലും കൊടുക്കാൻ കഴിയാത്ത പ്രതിസന്ധിയിലാണെന്ന് ആർ.ബി.ഐ നടത്തിയ സർവേയിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായി നേരത്തേ പ്രഖ്യാപിച്ച വായ്പാ പുനഃക്രമീകരണം നടപ്പാക്കിയെങ്കിലും വേണ്ടത്ര പ്രയോജനം ഈ സ്ഥാപനങ്ങൾക്ക് ലഭിച്ചില്ലെന്നതിന് തെളിവാണ് ഇത്തരം സ്ഥാപനങ്ങൾ ഇപ്പോൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി. ഇപ്പോൾ ഈ പ്രതിസന്ധി പരിഹരിക്കാൻ കഴിയാത്ത അവസ്ഥയിലെത്തി. ഇനി പ്രതീക്ഷകൾക്കൊന്നും വകയില്ലാത്ത വിധം കാര്യങ്ങൾ ജീർണിച്ചു കൊണ്ടിരിക്കുകയാണ്. വൻകിട കുത്തകകളുടെ കടം എഴുതിത്തള്ളുകയും പാവപ്പെട്ടവരെ കൂടുതൽ കൊടിയ ദാരിദ്ര്യത്തിലേക്ക്്് എടുത്തെറിയുകയും ചെയ്യുന്ന മോഡി സർക്കാറിനെതിരായ ചെറുത്തുനിൽപിന് ശക്തി പകരുകയെന്നതിൽ കവിഞ്ഞ മറ്റു മാർഗങ്ങളൊന്നും ഇന്ത്യൻ ദരിദ്ര ജനകോടികളുടെ മുമ്പിൽ വേറെയില്ല.
 

Latest News