Sorry, you need to enable JavaScript to visit this website.

ഉള്ളുലച്ച രണ്ട് കൊറോണക്കാഴ്ചകൾ

ദുരിതപർവം മാത്രം സമ്മാനിക്കുന്ന ഈ കൊറോണക്കാലത്ത് മനസ്സിനെ പിടിച്ചുലയ്ക്കുന്നത് രണ്ടു യുവതികളുടെ മുഖങ്ങൾ. സൗദി അറേബ്യയിൽ ഭർത്താക്കൻമാർക്കൊപ്പം കഴിയാൻ സന്ദർശക വിസയിലെത്തിയ രണ്ടു യുവതികൾ...ഖമറുന്നീസയും ജാസിറയും. ഏത്്് പ്രവാസി കുടുംബിനികളെയും പോലെ കുഞ്ഞു കുഞ്ഞു സ്വപ്‌നങ്ങൾ അവരുടെയുള്ളിലും തിരയടിച്ചിട്ടുണ്ടായിരുന്നു. 
ഭർത്താക്കൻമാർക്ക് കൊല്ലങ്ങൾക്കിടയിൽ ലഭിക്കുന്ന ഏതാനും മാസങ്ങളെ  ജീവിതമായി കാണാൻ വിധിക്കപ്പെട്ട ഹതഭാഗ്യരാണല്ലോ പ്രവാസികളുടെ ഭാര്യമാർ. അതിനിടയിൽ എപ്പോഴെങ്കിലും വീണു കിട്ടുന്ന സൗഭാഗ്യമാണല്ലോ ഈ സന്ദർശക വിസകൾ. പ്രിയപ്പെട്ടവരുടെ സുഖദുഃഖങ്ങളറിഞ്ഞ് മണലാരണ്യത്തിൽ അവരോടൊപ്പം, അവർക്കു വേണ്ടി ജീവിക്കുന്ന  ആ നിമിഷങ്ങളല്ലേ പ്രവാസി ഭാര്യമാരുടെ എക്കാലത്തെയും അസുലഭ മുഹൂർത്തങ്ങൾ.
നീണ്ട വർഷങ്ങൾ ഒരു കുഞ്ഞിനായി കാത്തിരുന്നപ്പോഴാണ് ചെമ്മാട്ടുകാരൻ സഫ്‌വാനും ഭാര്യ ഖമറുന്നീസക്കുമൊരു സന്ദർശക വിസയെടുത്തത്. ദാമ്പത്യ സൗഭാഗ്യമെന്നാൽ ലാളിക്കാനും സ്‌നേഹിക്കാനും ഒരു കുഞ്ഞെങ്കിലും ഉണ്ടാവുകയെന്നതാണല്ലോ, സഫ്‌വാനുമുണ്ടായിരുന്നു മനം നിറയെ  ചില വർണ സ്വപ്‌നങ്ങൾ. ഭാര്യ ഖമറുന്നീസ സൗദിയിൽ വന്നിറങ്ങിയത് മാർച്ച് എട്ടിനായിരുന്നു. ഒരു മാസം തികയും മുമ്പായിരുന്നു അത്. എല്ലാ  സ്വപ്‌നങ്ങൾക്കും മേൽ കരിനിഴൽ പോലെ കോവിഡ് രംഗബോധമില്ലാതെ നൃത്തമാടി. ഖമറുന്നീസയെ പ്രവാസ ലോകത്ത് തനിച്ചാക്കി ഏപ്രിൽ 5 ന് സഫ്‌വാൻ അല്ലാഹുവിന്റെ സന്നിധിയിലേക്ക് യാത്രയായി.
സഫ്‌വാൻ മരണപ്പെടുമ്പോൾ ഖമറുന്നീസയിലും കോവിഡ് ലക്ഷണങ്ങൾ കണ്ടു തുടങ്ങിയിരുന്നു. പോസിറ്റീവാണെന്ന റിപ്പോർട്ടും വന്നതോടെ ഖമറുന്നീസയും പിന്നീട് ഐസൊലേഷനിലായി. പ്രിയതമൻ സഫ്‌വാന്റെ മയ്യിത്ത് അതിനിടയിൽ തന്നെ കോവിഡ് പ്രോട്ടോകോൾ പ്രകാരം റിയാദിലെ മഖ്ബറത്തുശ്ശിമാലിൽ ഖബറടക്കുകയും ചെയ്തു. കടുത്ത പനിയെത്തുടർന്ന് ഡോക്ടറെ കാണിക്കാൻ പോയ ഭർത്താവ് ദിവസങ്ങൾക്കു ശേഷം മരണപ്പെട്ടെന്നറിഞ്ഞിട്ടും ഒരു നോക്കു കാണാനോ, അന്ത്യചുംബനം നൽകാനോ കഴിയാത്ത ആ നിസ്സാഹയത,  കോവിഡെന്ന മഹാമാരിക്കു മുമ്പിൽ മനുഷ്യരാശി വെറും നിസ്സാരരായി നിസ്സഹായരായി ചുരുങ്ങിപ്പോവുന്ന ഹൃദയഭേദകമായ കാഴ്ചയായിരുന്നു അത്.
കോവിഡ് ചികിത്സിച്ച് ഭേദമായതോടെ ഖമറുന്നീസക്കും നാട്ടിലേക്ക് തിരിച്ചു  പറക്കാനുള്ള എല്ലാ രേഖകളും കെ.എം.സി.സി നേതാക്കൾ ശരിയാക്കി നൽകി. പക്ഷേ, ഒരേയൊരാഗ്രഹം... തന്റെ പ്രിയതമന്റെ ഖബറിന്നരികിൽ ചെന്ന് ഇത്തിരി നേരമെങ്കിലും ഒന്നിരിക്കണം. മനം നിറഞ്ഞൊന്നു പ്രാർത്ഥിക്കണം. സഫ്‌വാൻ മരണപ്പെട്ടുവെന്നത് ആ ഖബർ കണ്ടെങ്കിലും ഒന്നു വിശ്വസിക്കണം. അങ്ങനെ റിയാദിലെ മഖ്ബറത്തുശ്ശിമാലിലെ 43 ആം നിരയിൽ 23 ആം നമ്പർ ഖബറിനു മുമ്പിൽ ഖമറുന്നീസ അന്ന് ഹൃദയം പൊട്ടി നിന്നു, പരിസരം പോലും മറന്നവൾ വിങ്ങിപ്പൊട്ടി. കൂടെയുണ്ടായിരുന്നവരിൽ പോലും അതൊരു വേദനയായി മാറി. ഭർത്താവിന്റെ ഖബറിടത്തിലേക്ക് തിരിഞ്ഞും മറിഞ്ഞും നോക്കി അവസാന സലാമും പറഞ്ഞ് പിരിഞ്ഞ അവർ നാട്ടിലേക്ക് വിമാനം കയറുമ്പോൾ ഈ കോവിഡ് കാലത്തെ ദുഃഖം നിറഞ്ഞൊരു വാർത്ത കൂടിയായിരുന്നല്ലോ അത്.  ഇനിയൊരിക്കലും കാണാൻ സാധ്യത പോലുമില്ലാത്ത വിദൂരതയിൽ പ്രിയതമൻ അന്തിയുറങ്ങുന്നത് ഏതു ഭാര്യക്കാണ് വിരഹത്തോടെയല്ലാതെ ഓർക്കാനാവുക? ഈ രണ്ടു മാസക്കാലത്തെ സന്ദർശക വിസയും വരവും ഇതിനൊക്കെയായിരുന്നല്ലോ എന്നോർക്കുമ്പോൾ ഖമറുന്നീസയുടെ മനസ്സിൽ ഒരുപാട് ഖമറുന്നീസമാർ മിന്നി മറഞ്ഞിട്ടുണ്ടാവണം. പ്രിയപ്പെട്ടവരുടെ മരണങ്ങൾ ഒരു സന്ദേശമായോ, ഫോൺ വിളിയായോ മാത്രം കേട്ട് വിശ്വസിക്കാൻ വിധിക്കപ്പെട്ട എത്രയെത്ര ഖമറുന്നീസമാർ... ഭർത്താക്കൻമാരുടെ ഖബറുകളൊരു തവണയെങ്കിലും കണ്ടു സലാം പറയാൻ  പോലും കഴിയാതെ, ആ ഖബറിനടുത്തു നിന്ന് ഒന്നു പ്രാർത്ഥിക്കാൻ പോലും കഴിയാതെ നമ്മുടെ വീടകങ്ങളിൽ കഴിയുന്ന എത്രയെത്ര ഖമറുന്നീസമാരുണ്ട്, രണ്ടു മാസത്തേക്കെങ്കിലും നിന്നെയിവിടെയെത്തിച്ചതും സഫ്‌വാന്റെ ഖബറിന്നരികിലെത്തി ഒരു നോക്കെങ്കിലും കാണാനും ആ മരണം വിശ്വസിക്കാനും ഉൾക്കൊള്ളാനും അല്ലാഹു മുൻപെ കണക്കു കൂട്ടി വെച്ചതായിരുന്നു ഇതൊക്കെയെന്നു കരുതി നീ സമാധാനിക്കണം. സഫ്‌വാൻ ബാക്കിയാക്കിയ കുഞ്ഞുസ്വപ്‌നങ്ങളെ സ്വർഗത്തിൽ വെച്ച് പൂർത്തീകരിക്കാമെന്ന പ്രതീക്ഷകളോടെ ഖമറുന്നിസാ, നീയൊരു ഖമറാകണം.. 
കഴിഞ്ഞ ദിവസം ജിദ്ദയിൽ മരണപ്പെട്ട ഗർഭിണിയായ യുവതി ജാസിറ ഈ കോവിഡ് കാലത്തെ ആത്മസംഘർഷങ്ങളുടെ ഇരയാണെന്നു പറയാം. തിരൂരങ്ങാടി കുണ്ടൂർ സ്വദേശി ഉള്ളക്കംതയ്യിൽ അനസിന്റെ ഭാര്യയായ അവർ അഞ്ചു മാസം ഗർഭിണിയായിരുന്നു. ഗർഭകാല രോഗങ്ങൾ കാരണം എത്രയും വേഗം നാടണയാൻ എംബസിയിൽ നിന്നും വിളി വരുന്നതും കാത്തിരിക്കുകയായിരുന്നു ആ കുടുംബം. പക്ഷേ അഞ്ചു മാസം വളർന്ന ഒരു കുഞ്ഞിനെ ഉദരത്തിലും പേറി ജാസിറ ഇപ്പോൾ അന്തിയുറങ്ങുന്നു -റുവൈസിലെ മഖ്ബറയിൽ.. 
ജിദ്ദ കെ.എം.സി.സിയുടെ സഹായത്തോടെ ഭാര്യയുടെ ഖബറടക്ക ചടങ്ങുകൾ പൂർത്തിയാക്കി അനസും ആ കൊച്ചു മകനും കഴിഞ്ഞ ദിവസം ജിദ്ദയിൽ നിന്നും പോയ വിമാനത്തിൽ നാടണഞ്ഞെങ്കിലും കണ്ടു നിൽക്കുന്നവരിൽ നൊമ്പരമായിരുന്നു, ആ പൈതൽ... ഉറ്റവർ നഷ്ടപ്പെട്ടതറിയാതെ അവരങ്ങനെ കുസൃതി കാണിക്കുന്നുണ്ടെങ്കിലും ഓടിച്ചാടി കളിക്കുന്നുണ്ടെങ്കിലും അതിനിടയിൽ 'മോനേ' എന്ന ഉമ്മയുടെ വിളിയവൻ കാതോർത്തിട്ടുണ്ടാവില്ലേ. ഇപ്പോഴും കാതോർക്കുന്നുണ്ടാവില്ലേ... ഉമ്മയെ ജിദ്ദയിൽ തനിച്ചാക്കി, ഉമ്മയില്ലാത്ത വീട്ടിലേക്ക് തിരിച്ചു കയറുമ്പോൾ ആ കുഞ്ഞിനോട് ആ ഉപ്പ എന്താവും മറുപടിയായി പറയുക...എല്ലാ ഉപ്പമാരുടെയുള്ളിലും ഇത്തരം സമയങ്ങളിൽ ഓരോ അഗ്നിപർവതമങ്ങനെ തിളച്ചു മറിയുന്നുണ്ടാവണം.
ജീവിത വഴിയിലെ സന്ദർശകയുടെ താൽക്കാലിക വേഷമായിരുന്നു ജാസിറക്കും. രണ്ടു മാസം മാത്രമേ അതനുഭവിക്കാൻ വിധിയുണ്ടായതുള്ളൂവെങ്കിലും.. മരിക്കുന്ന നേരത്തും ഖബറിൽ കിടക്കുന്ന നേരത്തും ആ കുഞ്ഞിളം കാലുകൾ ഉദരത്തിലങ്ങനെ കളിച്ചുല്ലസിക്കുമ്പോൾ, ഹൃദയത്തിലവൾ ചേർത്തുവെച്ചൊരു കുഞ്ഞുണ്ട്, അവളുടെ പ്രിയതമന്റെയും കൈയും പിടിച്ചങ്ങനെ ഭൂമിയിൽ...രണ്ടു മക്കളങ്ങനെ അനാഥത്വമറിയാതെ കളിച്ചുല്ലസിക്കുമ്പോൾ ജാസിറാ.. നീ ഭാഗ്യവതിയാണ്. സമാധാനത്തോടെ നിദ്ര കൊള്ളുക, അല്ലാഹു കൂടെയുണ്ട്.
 

Latest News