Sorry, you need to enable JavaScript to visit this website.
Saturday , August   15, 2020
Saturday , August   15, 2020

പുകയില വ്യവസായത്തിന്റെ തന്ത്രങ്ങളിൽ നിന്നും യുവാക്കളെ രക്ഷിക്കുക

പുകയില വ്യവസായത്തിന്റെ കുടില തന്ത്രങ്ങളിൽ നിന്നും യുവാക്കളെ രക്ഷിക്കുക എന്ന സുപ്രധാനമായ പ്രമേയം ചർച്ചക്ക് വെച്ചുകൊണ്ടാണ് ഈ വർഷം ലോക പുകയില വിരുദ്ധ ദിനം ലോകമെമ്പാടും ആചരിച്ചത്. പുകവലി സംസ്‌കാരത്തിന്നെതിരിലും പുകയില കമ്പനികളുടെ മാർക്കറ്റിംഗ്് തന്ത്രങ്ങൾക്കെതിരിലും യുവജനങ്ങളെ ശാക്തീകരിക്കുകയാണ് പ്രമേയം ലക്ഷ്യം വെക്കുന്നത്.  
ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെ അഭൂതപൂർവമായ വളർച്ചയെ തുടർന്ന് ലോകത്ത് വൈജ്ഞാനികമായ വമ്പിച്ച ഉണർവ് ഉണ്ടായെങ്കിലും നമ്മുടെ ബിഹേവിയറിൽ ആറ്റിറ്റിയൂഡിനെ ശരിയാം വണ്ണം സ്വാധീനിക്കാൻ വിദ്യാഭ്യാസ ക്രമത്തിനോ ശാസ്ത്ര ബോധത്തിനോ ഇനിയും സാധിച്ചിട്ടില്ല. അതിനാൽ ശക്തമായ ബോധവൽക്കരണ സംരംഭങ്ങളിലൂടെ പുകവലി വിരുദ്ധ നീക്കങ്ങൾ ശക്തി പ്രാപിച്ചെങ്കിൽ മാത്രമേ ഈ മഹാവിപത്തിൽ നിന്ന് മനുഷ്യ കുലത്തെ രക്ഷിക്കാൻ സാധിക്കുകയുള്ളൂ. എന്നാൽ നമ്മുടെ എല്ലാ ബോധവൽക്കരണ ശ്രമങ്ങളെയും പരാജയപ്പെടുത്താൻ പാകത്തിൽ ശക്തമായ പരസ്യങ്ങളിലൂടെയും വിപണന തന്ത്രങ്ങളിലൂടെയും യുവാക്കളും കുട്ടികളും സ്ത്രീകളുമടങ്ങുന്ന ലക്ഷക്കണക്കിനാളുകളെയാണ് ടുബാകോ കമ്പനികൾ പുകവലിക്ക് അടിപ്പെടുത്തിക്കൊണ്ടിരിക്കുന്നുവെന്നത് സാമൂഹ്യ പ്രവർത്തകരുടെ നെഞ്ചിടിപ്പ് കൂട്ടുകയാണ്.  
യുവാക്കളെയയും വിദ്യാർഥികളെയും ആകർഷിക്കുവാൻ വൈവിധ്യമാർന്ന തന്ത്രങ്ങളാണ് ടുബാകോ ഇൻഡസ്ട്രി കാലങ്ങളായി പയറ്റുന്നത്. സംഗീതവും നൃത്യനൃത്തങ്ങളും കോർത്തിണക്കുന്ന സ്‌മോക് പാർട്ടികളും വൈവിധ്യമാർന്ന പ്രചാരണ കാമ്പയിനുകളും നിരന്തരം നടക്കുന്നു.  
യുവജനങ്ങളെ ആകർഷിക്കുന്ന രുചിഭേദങ്ങൾ, കിടിലൻ ഡിസൈനുകൾ, താരതമ്യേന അപകടം കുറഞ്ഞതും സുരക്ഷിതവുമെന്ന തെറ്റിദ്ധരിപ്പിക്കൽ, കലാകായിക താരങ്ങളെ ദുരുപയോഗം ചെയ്യുന്ന പ്രൊമോഷനുകൾ തുടങ്ങി വൈവിധ്യമാർന്ന സ്ട്രാറ്റജിയും തന്ത്രങ്ങളുമാണ് ടുബാകോ ഇൻഡസ്ട്രി പ്രയോഗിക്കുന്നത്. 
ലൈംഗികതയുമായി ബന്ധപ്പെട്ട പ്രലോഭനങ്ങൾ നടത്തി യുവതീയുവാക്കളെ പുകവലിക്കാരാക്കി മാറ്റാനും ശ്രമങ്ങൾ നടക്കുന്നുണ്ടെന്നത് നാം കാണാതിരുന്നുകൂടാ. പുകവലിക്കുന്നവർ കൂടുതൽ ലൈംഗിക ശേഷിയും താൽപര്യവുമുള്ളവരായിരിക്കുമെന്നാണ് ടുബാകോ കമ്പനികളുടെ ഒത്താശകളോടെ പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. തികച്ചും വാസ്തവ വിരുദ്ധമായ ഒരു പ്രചാരണമാണിത്. ശാസ്ത്രീയമായി നോക്കിയാലും പ്രകൃതിപരമായി ചിന്തിച്ചാലും ഇത് അംഗീകരിക്കാനാവില്ല. മാത്രമല്ല, പുകവലിയുടെ ദുർഗന്ധം നല്ലൊരു ശതമാനം പേർക്കും അരോചകമാണെന്നതിനാൽ ഈ വാദഗതി ന്യായീകരിക്കാനും കഴിയില്ല. പക്ഷേ ഇന്റർനെറ്റടക്കമുള്ള എല്ലാ മാധ്യമങ്ങളുമുപയോഗിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
ഈ പശ്ചാത്തലത്തിലാണ് ഈ വർഷത്തെ പുകയില വിരുദ്ധ ദിനത്തിന്റെ സന്ദേശം കൂടുതൽ പ്രസക്തമാകുന്നത്. പുതിയ രൂപഭാവങ്ങളിൽ പ്രത്യക്ഷപ്പെടുന്ന പുകയില ഉൽപന്നങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെടുത്തുക,  ടുബാകോ കമ്പനികളുടെ മാർക്കറ്റിംഗ് തന്ത്രങ്ങളെ ക്രിയാത്മകമായി പ്രതിരോധിക്കുവാൻ യുവജനങ്ങളെ സജ്ജരാക്കുക, പുകവലി വിരുദ്ധ പ്രവർത്തകരെ ശാക്തീകരിക്കുക മുതലായവയൊക്കെ ഈ ദിനം മുന്നോട്ടു വെക്കുന്ന സുപ്രധാന ആശയങ്ങളാണ്.  
പ്രശ്‌ന സങ്കീർണമായ ലോകത്ത് മാനസിക സമ്മർദദ്ദം അനുഭവിക്കുന്നതും അടിക്കടി പ്രതിസന്ധികളെ നേരിടുന്നതുമായ പ്രവർത്തനങ്ങളിൽ വ്യാപൃതരാകുമ്പോൾ ഒരു താൽക്കാലികാശ്വാസം എന്ന നിലക്കാണ് പലരും പുകവലിയിൽ അഭയം തേടുന്നത്. ഇത് ക്രമേണ പ്രശ്‌നങ്ങൾ കൂടുതൽ സങ്കീർണമാക്കുകയും വ്യക്തിയുടെ  ജീവൻ തന്നെ ഇഞ്ചിഞ്ചായി നശിപ്പിക്കുകയുമാണ് ചെയ്യുന്നതെന്ന് മനുഷ്യൻ പലപ്പോഴും ഗൗരവത്തിൽ ചിന്തിക്കുന്നില്ല. 
പുകവലിക്കാരൻ അവന്റെ കാശും ആരോഗ്യവും നശിപ്പിക്കുന്നതോടൊപ്പം മറ്റുള്ളവരുടെ ആരോഗ്യത്തിന് ഹാനി വരുത്തുകയും പ്രകൃതി മലിനീകരണത്തിന് വഴിയൊരുക്കുകയും ചെയ്യുന്നു. അങ്ങനെ പുകവലിക്കാരനായ നിങ്ങൾ സിഗരറ്റിന് രണ്ടു തവണ വില നൽകേണ്ടിവരുന്നു. ഒന്ന് നിങ്ങൾ അത് കൈക്കലാക്കുമ്പോൾ, മറ്റൊന്ന്  നിങ്ങളെ അത് കൈക്കലാക്കുമ്പോഴും.
പുകവലിയുടെ മാരക വിപത്തുകൾ പൊതുജനങ്ങളെ ബോധ്യപ്പെടുത്തി  ഈ ദുശ്ശീലത്തിന്നെതിരെ ആവശ്യമായ മുന്നേറ്റങ്ങൾക്കായി സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നായി മുറവിളിയുയരുന്നുണ്ട് എന്നത് ശുഭോദർക്കമാണ്. പക്ഷേ ഇത്തരം പ്രവർത്തനങ്ങൾ ശാസ്ത്രീയമായ പ്രവർത്തന രീതിയും തുടർച്ചയായ പ്രവർത്തനങ്ങളുമില്ലാതെ ഉദ്ദേശിക്കുന്ന ലക്ഷ്യത്തിലെത്താതെ പോകുന്നു. കേവലം പ്രഖ്യാപനങ്ങൾക്കും പ്രചാരവേലകൾക്കുമുപരിയായി ആത്മാർഥമായ കൗൺസലിംഗ്, മെഡിസിൻ സൗകര്യങ്ങളോടെയുള്ള ചികിൽസ എന്നിവയിലൂടെ മാത്രമേ പുകവലിയെ കാര്യക്ഷമമായി പ്രതിരോധിക്കാൻ കഴിയുകയുള്ളൂ. 
പുകവലിയുടെ ദൂഷ്യങ്ങളെക്കുറിച്ച് വിപുലമായ ബോധവൽക്കരണ പ്രക്രിയക്ക് ആഹ്വാനം ചെയ്തുകൊണ്ടും ഗുണപരമായ മാറ്റത്തിന് സമൂഹത്തെ സജ്ജമാക്കാനുദ്ദേശിച്ചുകൊണ്ടും 1988 ലാണ്  ലോകാരോഗ്യ സംഘടന  മെയ് 31 ലോക പുകവലി വിരുദ്ധ ദിനമായി നിശ്ചയിച്ചത്. 
ജീവിതത്തിൽ നാം പല തീരുമാനങ്ങളുമെടുക്കാറുണ്ട്. തികഞ്ഞ ആത്മവിശ്വാസത്തോടെ പുകവലി നിർത്തണമെന്ന തീരുമാനത്തിലെത്തിയാൽ നമുക്കത് അവസാനിപ്പിക്കാൻ കഴിയും. മാത്രമല്ല, പുകവലിക്ക് നാം ചെലവാക്കുന്ന തുക കുറച്ചുകാലത്തേക്ക് ഒന്ന് ശേഖരിച്ചുവെക്കാൻ ശ്രമിച്ചുനോക്കൂ. ഫലം നമ്മെ അദ്ഭുതപ്പെടുത്തും. ഒരു ദുശ്ശീലം നാം മാറ്റിയതോടെ നമുക്ക് ഒരു വലിയ സമ്പാദ്യം ഉണ്ടാകുന്നതായി ബോധ്യപ്പെടും. ഇത് നേരിട്ടുള്ള സാമ്പത്തിക നേട്ടം. 
ആരോഗ്യപരമായും മറ്റുമുണ്ടാകുന്ന നേട്ടങ്ങളെ വിലയിരുത്തിയാൽ  സ്ഥിതി എത്രയോ വലുതായിരിക്കും.   പുകവലി വിരുദ്ധ ദിനത്തിലൂടെ കടന്നുപോകുമ്പോൾ ഈ മഹത്തായ കർമത്തിൽ ക്രിയാത്മകമായ എന്തു പങ്കാണ് നമുക്ക് ഓരോരുത്തർക്കും വഹിക്കാൻ കഴിയുക എന്ന ചിന്തയാണ് ഏറ്റവും പ്രസക്തമായിട്ടുള്ളത്. 
ലോകത്ത് പലപ്പോഴും വിപ്ലവങ്ങൾ സൃഷ്ടിച്ചത് യൗയനങ്ങളാണ്. പുകയില വിരുദ്ധ സമര രംഗത്ത് യുവജനങ്ങളെയും വിദ്യാർഥികളെയും ശാക്തീകരിക്കുന്ന ഈ സംരംഭം അതിനാൽ തന്നെ മാനവ രാശിയുടെ പ്രതീക്ഷയാണ്.
 

Latest News