Sorry, you need to enable JavaScript to visit this website.

കാലാവസ്ഥ മാറുമ്പോള്‍ വീണ്ടും കോവിഡ് വരാമെന്ന് ഗവേഷകര്‍

സിഡ്‌നി- അന്തരീക്ഷത്തിലെ ഈര്‍പ്പം ഒരു ശതമാനം കുറയുന്നത് കോവിഡ് 19 കേസുകളുടെ എണ്ണം ആറ് ശതമാനം വര്‍ധിപ്പിക്കുമെന്ന് ഗവേഷകര്‍. പ്രാദേശിക കാലാവസ്ഥയും കൊറോണ വൈറസ് വ്യാപനവും തമ്മിലുള്ള ബന്ധമാണ് ശാസ്ത്രജ്ഞര്‍ പഠന വിധേയമാക്കിയത്.  രോഗം സീസണ്‍ മാറുന്നതനുസരിച്ച് പൊട്ടിപ്പുറപ്പെടാമെന്നും
ട്രന്‍സ്ബൗണ്ടറി ആന്‍ഡ് എമര്‍ജിംഗ് ഡിസീസസ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

ഈര്‍പ്പം കുറയുന്ന സീസണില്‍ ആവര്‍ത്തിക്കുന്ന ദീര്‍ഘകാല രോഗമാണ് കോവിഡ് 19. ശൈത്യകാലമാണെങ്കില്‍ അത് കോവിഡ് കാലമാണെന്നു പോലും ചിന്തിക്കേണ്ടിവരുമെന്ന് ഓസ്‌ട്രേലിയയിലെ സിഡ്‌നി സര്‍വകലാശാലയില്‍ പകര്‍ച്ചവ്യാധി വിദഗ്ധനായ  മൈക്കല്‍ വാര്‍ഡ് പറഞ്ഞു. ശൈത്യകാലവും അതുപോലെ തന്നെ ഏതൊക്കെ ഈര്‍പ്പവുമാണ് കോവിഡ് വ്യാപനത്തിന് സഹായകമാകുന്നതെന്ന കാര്യത്തില്‍ കൂടുതല്‍ പഠനം അനിവാര്യമാണെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

2002-03 ല്‍ സാര്‍സ് വൈറസ് മഹാമാരി സമയത്ത് കാലാവസ്ഥയുമായി ബന്ധപ്പെടുത്തി ഹോങ്കോങ്ങിലും ചൈനയിലും പഠനങ്ങള്‍ നടന്നിരുന്നു. സൗദി അറേബ്യയില്‍ മാര്‍സ് കൊറോണ വൈറസും കാലാവസ്ഥയും തമ്മിലുള്ള ബന്ധത്തെ കുറിച്ചും പഠനം നടന്നു.  കോവിഡ് 19 വ്യാപനവും ദൈനംദിന താപനിലയും ഈര്‍പ്പവും തമ്മില്‍ ബന്ധമുണ്ടെന്ന് ചൈനയില്‍ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനെക്കുറിച്ച് അടുത്തിടെ നടത്തിയ  പഠനത്തില്‍ കണ്ടെത്തുകയും ചെയ്തു.
ചൈന, യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളില്‍ കോവിഡ് പടര്‍ന്നുപിടിച്ചത് ശൈത്യകാലത്താണ്. ഇതുകൊണ്ടുതന്നെ  കോവിഡ് കേസുകളും കാലാവസ്ഥയും തമ്മിലുള്ള ബന്ധം ഓസ്‌ട്രേലിയയില്‍ വേനല്‍ക്കാലത്തിന്റെ അവസാനത്തിലും ശരത്കാലത്തിന്റെ തുടക്കത്തിലും വ്യത്യസ്തമാണോ എന്നറിയാനാണ് ഗവേഷണത്തിനു മുതിര്‍ന്നതെന്ന് മൈക്കല്‍ വാര്‍ഡ് പറഞ്ഞു.
തണുത്ത താപനിലയേക്കാള്‍ താഴ്ന്ന ഈര്‍പ്പമാണ് കോവിഡ് വ്യാപനത്തില്‍ പ്രധാന വില്ലനെന്ന് ഗവേഷകര്‍ കരുതുന്നു. ഈര്‍പ്പം കുറയുമ്പോള്‍ ശൈത്യകാലത്ത് അപകടസാധ്യത വര്‍ധിക്കുമെന്നാണ് ഇതിനര്‍ഥമെന്ന്  വാര്‍ഡ് പറഞ്ഞു. ഈര്‍പ്പം കുറവുള്ള പ്രദേശങ്ങളില്‍ വേനല്‍ക്കാലത്ത് പോലും അപകടസാധ്യത ഉണ്ടാകാമെന്നും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
വൈറസുകള്‍ പകരുന്നതില്‍ ഈര്‍പ്പത്തിനു പ്രാധാന്യമുണ്ടാകാന്‍ ജൈവശാസ്ത്രപരമായ കാരണങ്ങളുണ്ടെന്നും
ഈര്‍പ്പം കുറയുമ്പോള്‍ വായു വരണ്ടതാകുമെന്നും വൈറുസുകള്‍ തങ്ങിനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
തുമ്മുകയും ചുമക്കുകയും ചെയ്യുമ്പോള്‍ തുള്ളികളിലൂടെയുള്ള വൈറസ് വായുവില്‍ കൂടുതല്‍ നിലനില്‍ക്കാം. വായു ഈര്‍പ്പമുള്ളതാകുമ്പോള്‍ വൈറസ് പെട്ടെന്ന് നശിക്കും-   അദ്ദേഹം വിശദീകരിച്ചു.

ശാസ്ത്രജ്ഞന്‍ വാര്‍ഡും സംഘവും പ്രാദേശികമായി 749  കോവിഡ് -19 കേസുകളാണ് പഠിച്ചത്.  ഇവയില്‍ കൂടുതലും ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്തെ ഗ്രേറ്റര്‍ സിഡ്‌നി പ്രദേശത്ത്  ഫെബ്രുവരി 26 നും മാര്‍ച്ച് 31 നും ഇടയില്‍ റിപ്പോര്‍ട്ട് ചെയ്തവയായിരുന്നു.  കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവുമായി ബന്ധപ്പെട്ട്  ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവിലെ മഴ, താപനില, ഈര്‍പ്പം എന്നിവയും പഠിച്ചു.
വരണ്ട ശൈത്യകാലത്തേക്ക് കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് വാര്‍ഡ് പറഞ്ഞു. സിഡ്‌നിയില്‍ ശരാശരി ഈര്‍പ്പം ഏറ്റവും കുറയുന്നത് ഓഗ്‌സറ്റിലാണ്. ഓസ്‌ട്രേലിയയില്‍ കോവിഡ്  കേസുകള്‍ കുറഞ്ഞിട്ടുണ്ടെങ്കിലും ജാഗ്രത തുടരേണ്ടതുണ്ടെന്നും ഈര്‍പ്പം കുറഞ്ഞ കാലഘട്ടത്തില്‍ ഉണ്ടാകുന്ന അപകടസാധ്യതയെക്കുറിച്ച് പൊതുജനാരോഗ്യ സംവിധാനങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ടെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest News