കോവിഡ് രോഗികള്‍ക്ക് ആശുപത്രിയും ബെഡും കണ്ടെത്താന്‍ മൊബൈല്‍ ആപ്പ്

ന്യൂദല്‍ഹി- ദേശീയ തലസ്ഥാനത്തെ ഏത് ആശുപത്രിയില്‍ എത്ര കിടക്കകള്‍ ഒഴിഞ്ഞുകിടക്കുന്നുവെന്ന് അറിയാന്‍ സഹായിക്കുന്ന മൊബൈല്‍ ആപ്പുമായി കെജ്‌രിവാള്‍ സര്‍ക്കാര്‍. കോവിഡ് രോഗികള്‍ക്ക് ദല്‍ഹി സര്‍ക്കാര്‍ മതിയായ ചികിത്സാ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ വാര്‍ത്താ സമ്മേളനത്തില്‍ അവകശാപ്പെട്ടു. ആശുപത്രികള്‍, ആശുപത്രികളിലെ ഐസിയു സൗകര്യം, എത്ര വെന്റിലേറ്ററുകള്‍ എന്നിവ കണ്ടെത്താന്‍ ആപ്പ് സഹായിക്കും.
ആശുപത്രികളില്‍ ഒഴിവില്ലെന്ന് ജനങ്ങള്‍ക്ക്  യഥാസമയം സര്‍ക്കാരിനെ അറിയിക്കാന്‍ കഴിയുന്നില്ലെന്ന സാഹചര്യം ഒഴിവാക്കാന്‍ മൊബൈല്‍ ആപ്പിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.   ഇന്റര്‍നെറ്റിലും ഇത് ആക്‌സസ് ചെയ്യാം. ആപ്ലിക്കേഷന്‍ ഡൗണ്‍ ലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് ലഭിക്കുന്നതിന് 8800007722 എന്ന വാട്ട്‌സ്ആപ്പ് നമ്പറും മുഖ്യമന്ത്രി പുറത്തിറക്കി. ആശുപത്രികളിലെ സ്ഥിതി  1031 ഹെല്‍പ്പ് ലൈന്‍ നമ്പറിലൂടെയും അറിയാനാകുമെന്ന് അദ്ദേഹം പറഞ്ഞു.

മൊബൈല്‍ ആപ്ലിക്കേഷന്‍ ദിവസേന രാവിലെ 10 നും വൈകുന്നേരം ആറിനും രണ്ടുതവണ അപ്‌ഡേറ്റ് ചെയ്യും . ഇതുവഴി ദേശീയ തലസ്ഥാനത്തെ ആശുപത്രികളുടെ ഏറ്റവും പുതിയ സ്ഥിതിയെ കുറിച്ച് ജനങ്ങള്‍ക്ക് അറിയാം.
ഒരു ആശുപത്രിയില്‍ കിടക്കകള്‍ കാലിയാണെന്ന് ആപ്ലിക്കേഷനിലൂടെ  അറിഞ്ഞാല്‍ അവിടെ പ്രവേശിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ വിസമ്മതിക്കുന്ന സാഹചര്യമുണ്ടായല്‍ 1011 ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ വിളിക്കാം. സ്‌പെഷ്യല്‍ സെക്രട്ടറി ഉടന്‍ തന്നെ ആശുപത്രി അധികൃതരുമായി സംസാരിച്ച്  രോഗികള്‍ക്ക് പ്രവേശനം ഉറപ്പാക്കും.
അതേസമയം, ആവശ്യമില്ലെങ്കില്‍ ആശുപത്രിയില്‍ അഡ്മിറ്റാകാന്‍ നിര്‍ബന്ധം പിടിക്കരുതെന്ന് മുഖ്യമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടു. വീട്ടില്‍ വിശ്രമിക്കാനും അവിടെ ചികിത്സ തുടരാനുമാണ് ഡോക്ടര്‍മാര്‍ പറയുന്നതെങ്കില്‍ അതു സ്വീകരിക്കണം- കെജ്‌രിവാള്‍ പറഞ്ഞു.
കോവിഡ് വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ ലോക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതിനു പുറമെ സലൂണുകള്‍ തുറക്കാന്‍ അനുവദിക്കുകയും ചെയ്തു. അതേസമയം,  ഒരാഴ്ചത്തേക്ക് അന്തര്‍സംസ്ഥാന യാത്രയ്ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.  തലസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം 20,000 കടന്നു.
ആരാധനാലയങ്ങള്‍, മാളുകള്‍, ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍ എന്നിവ ഈ മാസം എട്ടു മുതല്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെങ്കലും ദല്‍ഹി സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല.
കേന്ദ്ര മാര്‍ഗനിര്‍ശങ്ങള്‍ക്കനുസൃതമായി സാധ്യമായ ഇളവുകള്‍ അനുവദിക്കുന്നതിനു മുമ്പായി ജൂണ്‍ ഏഴിന് വീണ്ടും  സ്ഥിതിഗതികള്‍ വിലയിരുത്തുമെന്നാണ് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. രോഗികളുള്ള കണ്‍ടെയിന്‍മെന്റ് സോണുകളിലെ ലോക് ഡൗണ്‍  ഈ മാസം  30 വരെ തുടരും.

 

Latest News