Sorry, you need to enable JavaScript to visit this website.

സൗദിയിൽ പ്രതീക്ഷ, കോവിഡിനെതിരെ റഷ്യയിൽ വിജയിച്ച മരുന്നെത്തുന്നു

ദുബായ്- കോവിഡ് പ്രതിരോധത്തിന് വേണ്ടി റഷ്യ വികസിപ്പിച്ച മരുന്ന് സൗദിയുടെ സഹകരണത്തോടെ ഉടൻ പരീക്ഷിച്ച് തുടങ്ങും. എവിഫേവിർ എന്ന മരുന്നാണ് റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട്(ആർ.ഡി.ഐ.എഫ്) വികസിപ്പിച്ചത്. ക്ലിനിക്കൽ പരിശോധനയിൽ കോവിഡ് രോഗികളിൽ ഈ മരുന്ന് ഏറെ ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു. റഷ്യൻ ആരോഗ്യമന്ത്രാലയം ഈ മരുന്നിന് രജിസ്‌ട്രേഷൻ സർട്ടിഫക്കറ്റും നൽകിയിട്ടുണ്ട്.
മരുന്ന് ഉടൻ സൗദിയിലേക്ക് അയക്കുമെന്നും ഇതിനുള്ള നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലാണെന്നും ആർ.ഡി.ഐ.എഫ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസർ കിറിൽ ദിമിത്രോവ് മലയാളം ന്യൂസിന്റെ സഹോദരസ്ഥാപനമായ അറബ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. മരുന്ന് ഉപയോഗിച്ചതിന് ശേഷം രോഗികളലുണ്ടായ മാറ്റം ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും മരുന്ന് പരീക്ഷിക്കാൻ സൗദി താൽപര്യം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊറോണ വൈറസ് പെരുകാതിരിക്കാൻ ഈ മരുന്ന് ഏറെ ഫലപ്രദമാണെന്നാണ് ക്ലിനിക്കൽ പരീക്ഷണങ്ങളിൽ തെളിഞ്ഞത്. 2014ൽ ജപ്പാനിലുണ്ടായ ശക്തമായ പകർച്ചപ്പനിക്കെതിരെയും ഈ മരുന്ന് ഉപയോഗിച്ചിരുന്നു. കോവിഡിനെ തടയാൻ റഷ്യയിൽ ഉപയോഗിക്കുന്ന ഏക മരുന്നല്ല എവിഫേവിർ. അതേസമയം ഏറ്റവും കൂടുതൽ ഫലപ്രദമായ മരുന്നാണിതെന്ന് കമ്പനി അവകാശപ്പെട്ടു. ചൈനയിലും ഈ മരുന്ന് പരീക്ഷിച്ചിരുന്നു. കൂടുതൽ മരുന്നുകൾ ഉൽപാദിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. റഷ്യൻ ഫാർമസ്യൂട്ടിക്കൽ ഗവേഷണ സ്ഥാപനമായ ചെംറാറിന്റെ സഹകരണത്തോടെയാണ് എവിഫേവിർ നിർമ്മിക്കുന്നത്.

 

Latest News