Sorry, you need to enable JavaScript to visit this website.

കേരളത്തിലെ ഒരു മുന്‍ പോലീസ് മോധാവി കൂടി ബി.ജെ.പി പാളയത്തിലേക്ക് 


തിരുവനന്തപുരം- തദ്ദേശ തെരഞ്ഞെടുപ്പിനു മുന്‍ ഡി.ജി.പി. ജേക്കബ് തോമസിനെ കൂട്ടുപിടിക്കാന്‍ ബിജെപി അനൗപചാരിക ചര്‍ച്ചകള്‍ നടത്തുന്നതായി വിവരം. ഔദ്യോഗിക ജീവിതത്തിന്റെ അവസാന ദിവസം പോലും സംസ്ഥാന സര്‍ക്കാരിനോടുള്ള വിയോജിപ്പ് പ്രകടിപ്പിച്ചതിനാലാണ് മുന്‍ ഡി.ജി.പിയെ തങ്ങളുടെ പക്ഷം ചേര്‍ക്കാന്‍ ബിജെപി ചര്‍ച്ചകള്‍ നടത്തുന്നത്.
മാത്രമല്ല, ആര്‍.എസ്.എസിനോടുള്ള ആഭിമുഖ്യം ജേക്കബ് തുറന്നുപറഞ്ഞതും ബി.ജെ.പിയുടെ താല്‍പ്പര്യത്തിനു കാരണമായി. പിണറായി സര്‍ക്കാരിനെതിരായ നിരവധി ആയുധങ്ങള്‍ ജേക്കബ് തോമസിന്റെ കൈയിലുണ്ടെന്ന അറിവ് പാര്‍ട്ടിക്കു ജേക്കബ് തോമസിനോടുള്ള ആഭിമുഖ്യത്തിനു മറ്റൊരു കാരണമാണ്. ബി.ജെ.പി. കേന്ദ്ര നേതൃത്വമാണ് ഇക്കാര്യത്തില്‍ മുന്‍ കൈയെടുക്കുന്നതെന്നാണ് സൂചന.
അതേസമയം സംസ്ഥാന ബി.ജെ.പിയിലെ ഒരു വിഭാഗത്തിന് ഇതില്‍ എതിര്‍പ്പുണ്ട്. മുന്‍ ബ്യൂറോക്രാറ്റുകളുടെ കടന്നുവരവ് ജനങ്ങളില്‍ വലിയ സ്വാധീനമുണ്ടാക്കില്ലെന്നാണ് അവരുടെ വാദം. ഈ സര്‍ക്കാരിന്റെ തുടക്കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗുഡ്ബുക്കിലായിരുന്നു ജേക്കബ് തോമസ്. എന്നാല്‍ ബന്ധുനിയമന പരാതിയില്‍ മന്ത്രി ഇ.പി. ജയരാജനെതിരേ കേസെടുത്തതോടെ അദ്ദേഹം സി.പി.എമ്മിന്റെ കണ്ണിലെ കരടായിമാറി.
ഓഖി ചുഴലിക്കാറ്റിന്റെ സമയത്ത് സര്‍ക്കാരിനെതിരേ രംഗത്ത് വന്നതോടെ ജേക്കബ് തോമസ് സര്‍ക്കാരില്‍ നിന്നുള്ള അകല്‍ച്ച പൂര്‍ണമായി. നിര്‍ബന്ധിത അവധി കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ ലഭിച്ചത് താരതമ്യേന അപ്രധാനമായ പദവിയാണ്. ഐ.എം.ജി. ഡയറക്ടറുടെ പദവിയാണ് ജേക്കബ് തോമസിന് സര്‍ക്കാര്‍ നല്‍കിയത്.അച്ചടക്ക നടപടിക്ക് ശേഷം അഡ്മിനിസ്‌ട്രേറ്റിവ് ട്രിബ്യൂണല്‍ വിധിയോടെ സര്‍വീസില്‍ തിരിച്ചെത്തിയെങ്കിലും ഷൊര്‍ണൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസിന്റെ എം.ഡി. സ്ഥാനത്ത് ഒതുക്കപ്പെട്ടു. ഔദ്യോഗിക ജീവിതത്തിലെ അവസാന രാത്രി ഓഫീസിലാണു കിടന്നുറങ്ങിയതെന്നു വ്യക്തമാക്കുന്ന ചിത്രത്തില്‍ സര്‍ക്കാരിനോടുള്ള പ്രതിഷേധം നിറഞ്ഞുനിന്നു.
വിജിലന്‍സ് ഡയറക്ടര്‍ തസ്തികയില്‍നിന്ന് മെറ്റല്‍ ഇന്‍ഡസ്ട്രീസ് എം.ഡി. പദവിയിലേക്ക് എത്തിയതിനു പിന്നില്‍ ആരൊക്കെയാണെന്നും എന്തിനു വേണ്ടിയായിരുന്നുവെന്നും അദ്ദേഹം വൈകാതെ വെളിപ്പെടുത്തുമെന്നു സൂചനയുണ്ട്. ഇതും ജേക്കബ് തോമസിന്റെ മികച്ച പ്രതിഛായയും സര്‍ക്കാരിനെതിരേ വജ്രായുധങ്ങളാകുമെന്നു ബി.ജെ.പി. കണക്കുകൂട്ടുന്നു.
 

Latest News