റിയാദ്- ഹൃദയാഘാതവും കോവിഡുമായി ഇന്നലെ മാത്രം എട്ട് മലയാളികള്‍ മരിച്ച സൗദി തലസ്ഥാനമായ റിയാദില്‍ ഇന്നലെ ഖബറടക്കിയത് 109 മൃതദേഹങ്ങള്‍. ഭൂരിഭാഗം പേരുടെയും മരണ കാരണം ഹൃദയാഘാതമായിരുന്നു. മലയാളികളില്‍ അഞ്ചു പേരുടെയും മരണകാരണം രേഖപ്പെടുത്തിയത് ഹൃദയാഘാതം തന്നെ. ഇതില്‍ 107 മൃതദേഹങ്ങളും അടക്കം ചെയ്തത് മന്‍സൂരിയ, ശിമാല്‍, നസീം ഖബര്‍സ്ഥാനുകളിലാണ്. രണ്ട് മൃതദേഹങ്ങള്‍ നഗരത്തിന് പുറത്തേക്കും കൊണ്ടുപോയി.
എക്‌സിറ്റ് 15 ലെ അല്‍റാജ്ഹി പള്ളിയില്‍ 27 മൃതദേഹങ്ങളുടെ അനന്തര കര്‍മങ്ങളാണ് നടന്നത്. അതീഖ മസ്ജിദില്‍ 22 ഉം അമീര്‍ മാജിദ് മസ്ജിദില്‍ 22 ഉം ശൈഖ് ബവാരിദി മസ്ജിദില്‍ എട്ടും അമീര്‍ ഫഹദ് ബിന്‍ മുഹമ്മദ് മസ്ജിദില്‍ ഏഴും ജൗഹറതു ബാബത്വീനില്‍ ഏഴും ജാമിഉദ്ദിയാബില്‍ അഞ്ചും ജാമിഉ അബ്ദുല്ല അല്‍മുഹീനിയില്‍ അഞ്ചും ജാമിഉല്‍ മലിക് ഖാലിദില്‍ അഞ്ചും മൃതദേഹങ്ങളുടെ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി ഖബറടക്കത്തിന് അയച്ചു. ജാമിഉ ഇമാം ദഅ്‌വയിലും ജാമിഉ വാലിദതില്‍ അമീര്‍ ബന്ദറിലും ഓരോ മൃതദേഹങ്ങളുടെ കര്‍മങ്ങളും പൂര്‍ത്തിയാക്കി.






