Sorry, you need to enable JavaScript to visit this website.

സമുദ്രനിരപ്പില്‍ നിന്നും കൂടുതല്‍ ഉയരങ്ങളിലെത്തുന്ന പ്രത്യേക ആയുധങ്ങളുമായി ചൈന

ന്യൂദല്‍ഹി-ടൈപ്പ് 15 ടാങ്ക്, ഇസെഡ്20 ഹെലികോപ്റ്റര്‍, ജിജെ2 ഡ്രോണ്‍ എന്നിവ ചൈന കൂടുതലായി വികസിപ്പിച്ചിരുന്നുവെന്നു റിപ്പോര്‍ട്ട്. സമുദ്രനിരപ്പില്‍നിന്ന് ഏറെ ഉയരത്തിലുള്ള മേഖലകളില്‍ നടക്കുന്ന പോരാട്ടങ്ങളില്‍ ചൈനയ്ക്ക് ഏറെ മുന്‍തൂക്കം നല്‍കുന്നതാണ് ഈ ആയുധങ്ങളെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായതിനു പിന്നാലെയാണ് ആയുധങ്ങളെക്കുറിച്ച് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള ഗ്ലോബല്‍ ടൈംസിന്റെ റിപ്പോര്‍ട്ട് വന്നത്. ഈ ആയുധങ്ങള്‍ അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുണ്ടോ എന്നു വ്യക്തമല്ല. എന്നാല്‍ അതിവേഗത്തില്‍ ഈ ആയുധങ്ങള്‍ എത്തിക്കാന്‍ കഴിയുമെന്നാണു സൂചന.
ടൈപ്പ് 15 ടാങ്കും ചൈനയുടെ അത്യാധുനിക വെടിക്കോപ്പായ പിസിഎല്‍181 ഹവിറ്റ്‌സറും വടക്കു പടിഞ്ഞാറന്‍ ചൈനയിലെ ടിബറ്റന്‍ പ്രദേശത്ത് ജനുവരിയില്‍ നടന്ന സൈനികഅഭ്യാസത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. 105 എംഎം തോക്കും അത്യാധുനിക സെന്‍സറുകളും സജ്ജമാക്കിയ ടൈപ്പ് 15 ടാങ്കുകള്‍ മേഖലയില്‍ ശത്രുവിന്റെ കവചിത വാഹനങ്ങള്‍ തകര്‍ക്കാനാണ് ഉപയോഗിക്കുന്നത്. 2018ലെ ചൈന എയര്‍ഷോയിലാണ് ചൈനീസ് വ്യോമസേന ആയുധസജ്ജമായ ജിജെ2 ഡ്രോണുകള്‍ പ്രദര്‍ശിപ്പിച്ചത്. ജിജെ ഒന്നിനേക്കാള്‍ കൂടുതല്‍ ഉയരത്തില്‍ പറക്കാനും കൂടുതല്‍ ആയുധങ്ങള്‍ വഹിക്കാനുമുള്ള ശേഷി ഇതിനുണ്ട്. ടിബറ്റ് ഉള്‍പ്പെടെ ഏറെ ഉയരമുള്ള പ്രദേശങ്ങളില്‍ കിലോമീറ്ററുകള്‍ നീണ്ട അതിര്‍ത്തിയില്‍ പട്രോളിങ്ങിനാണ് ഈ ഡ്രോണ്‍ എത്തിച്ചിരിക്കുന്നത്. ജനുവരിയില്‍ നടന്ന പ്രദര്‍ശനത്തില്‍ ചൈനീസ് ലിബറേഷന്‍ ആര്‍മിയുടെ ടിബറ്റ് മിലിട്ടറി കമാന്‍ഡ് പ്രത്യേകം സജ്ജമാക്കിയ ഹെലികോപ്റ്ററുകള്‍, കവചിത വാഹനങ്ങള്‍, മിസൈല്‍വേധ സംവിധാനങ്ങള്‍ എന്നിവയാണ് ടിബറ്റന്‍ മേഖലയില്‍ വിന്യസിച്ചിരുന്നതെന്ന് ചൈനീസ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
 

Latest News