Sorry, you need to enable JavaScript to visit this website.

മുസ്ലിംകളാണ് കോവിഡ് പരത്തിയത്, അവരെ കാട്ടിലേക്ക് വലിച്ചെറിയുക; വെറുപ്പ് പടർത്തി യു.പി ഡോക്ടർ

കാൺപുർ- കോവിഡിന്റെ പേരിൽ മതവിദ്വേഷം പടർത്തുന്ന കാഴ്ച വീണ്ടും. യു.പിയിൽനിന്നാണ് ഇക്കുറിയും പരമത വിദ്വേഷം പടർത്തുന്ന പ്രസ്താവന വന്നത്. കാൺപുരിലെ ഏറ്റവും വലിയ സർക്കാർ ആശുപത്രിയായ ഗണേഷ് ശങ്കർ വിദ്യാർഥി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ആർതി ലാൽചന്ദ്രാനിയാണ് ഇക്കുറി വെറുപ്പിന്റെ പ്രസ്താവന നടത്തിയത്. കോവിഡ് പടർത്തിയത് തബ്ലീഗുകാരാണെന്നും ഇവരെ ആശുപത്രിയിലേക്കല്ല, കാട്ടിലേക്കാണ് അയക്കേണ്ടത് എന്നുമായിരുന്നു ഡോക്ടർ പറഞ്ഞത്. പ്രാദേശിക മാധ്യമപ്രവർത്തകൻ ചിത്രീകരിച്ച വീഡിയോയിലാണ് ഡോക്ടർ ഇക്കാര്യം പറഞ്ഞത്.
തബ്്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് കോവിഡ് പരത്തിയവരെ കാട്ടിലേക്ക് അയക്കണം. അല്ലെങ്കിൽ തുറുങ്കലിലേക്ക് വലിച്ചെറിയണം. ഈ മുപ്പത് കോടി ആൾക്കാരെ കൊണ്ട് ബാക്കിയുള്ള നൂറു കോടി ജനം അനുഭവിക്കുകയാണെന്നും ഇവർ വീഡിയോയിൽ പറയുന്നു.
സംഭവം വിവാദമായതോടെ വിശദീകരണവുമായി ഡോക്ടർ രംഗത്തെത്തി. മോർഫ് ചെയ്ത വീഡിയോ ആണെന്നാണ് ഡോക്ടറുടെ വാദം. ചിലർ ഇവിടുത്തെ സമാധാനം തകർക്കാൻ ചിലർ ശ്രമിക്കുകയാണ്.
ഞാൻ ഒരു സമുദായത്തിന്റെയും പേര് പറഞ്ഞില്ല. മാത്രമല്ല, ആ സമുദായത്തോട് എനിക്ക് ഇഷ്ടമാണ്. അവർക്ക് വേണ്ടി എന്റെ ജീവിതം നൽകാൻ എനിക്ക് കഴിയുമെന്നുമായിരുന്നു ഇവരുടെ വിശദീകരണം. ഡോക്ടർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുൻ എം.പിയും ആക്ടിവിസ്റ്റുമായ സുഭാഷിണി അലി ആവശ്യപ്പെട്ടു. ഡോക്ടറുടെ വാക്കുകൾ ഭരണഘടനാവിരുദ്ധമാണെന്നും വീഡിയോ പരിശോധിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

 

Latest News