ആ ലോട്ടറി അടിച്ചത് ഈ മുന്‍ പ്രവാസിക്ക്! ഓണം ബംപര്‍ ജേതാവ് മുസ്തഫയെ കണ്ടെത്തി

മലപ്പുറം- വെള്ളിയാഴ്ച നറുക്കെടുത്ത സംസ്ഥാന സര്‍ക്കാരിന്റെ ഓണം ബംപര്‍ ലോട്ടറി ജേതാവിനെ കാത്തിരിപ്പിനൊടുവില്‍ കണ്ടെത്തി. പരപ്പനങ്ങാടി പാലത്തിങ്ങല്‍ സ്വദേശി മുസ്തഫയാണ് ജേതാവ്. കേരളത്തിലെ ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 10 കോടി രൂപയാണ് ഒന്നാം സമ്മാനം. നികുതി കഴിച്ച് ഏകദേശം 6.3 കോടി രൂപയോളം മുസ്തഫയ്ക്ക് ലഭിക്കും. ഇന്ന് ഉച്ചയ്ക്കു ശേഷം എജെ 442876 നമ്പറിലുള്ള ടിക്കറ്റ് മുസ്തഫ പരപ്പനങ്ങാടി ഫെഡറല്‍ ബാങ്ക് ശാഖയില്‍ ഏല്‍പ്പിച്ചു.  

 

നാലു വര്‍ഷം മുമ്പ് പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തിയ 48-കാരനായ മുസ്തഫ പിക്കപ്പ് വാന്‍ ഡ്രൈവറായി ജോലി നോക്കിവരികയായിരുന്നു. കാര്യമായ മെച്ചമൊന്നുമില്ലാതെ ജീവിതവുമായി മുന്നോട്ടു പോകുമ്പോഴാണ് അപ്രതീക്ഷിതമായി ബംപര്‍ അടിച്ചത്. ഒന്നാം സമ്മാനം തനിക്കാണെന്ന വിവരം ഇന്നലെ തന്നെ അറിഞ്ഞിരുന്നുവെങ്കിലും വിവരം ആരോടും പറയാതെ രഹസ്യമാക്കി വച്ചതായിരുന്നു. സുഹൃത്തായ അഭിഭാഷകനൊപ്പമെത്തിയാണ് ടിക്കറ്റ് ബാങ്ക് അധികൃതര്‍ക്ക് കൈമാറിയത്. ഇതോടെയാണ് ബംപര്‍ ജേതാവിനെ പുറം ലോകമറിയുന്നത്. 

 

തിരൂരിലെ കെ എസ് ലോട്ടറി ഏജന്‍സിയില്‍ നിന്ന് പരപ്പനങ്ങാടി ഐശ്വര്യ സബ് ഏജന്‍സി വാങ്ങിയ ഈ ലോട്ടറി പി കെ ഖാലിദാണ് വിറ്റത്. സമ്മാനത്തുകയില്‍ നിന്ന് ഏജന്‍സി കമ്മീഷനായി ഒരു കോടി രൂപ ഖാലിദിനും ലഭിക്കും. ഇതില്‍ 10 ലക്ഷം രൂപ നികുതി കഴിച്ച് ബാക്കി വില്‍പ്പനക്കാരനുള്ളതാണ്. 

Latest News