Sorry, you need to enable JavaScript to visit this website.

തകർന്നടിഞ്ഞ വിപണിക്ക് ഉണർവേകാൻ കമ്പനികൾ പുതുമാർഗങ്ങൾ തേടുന്നു

കോവിഡ് പ്രതിരോധ നിയന്ത്രണത്താൽ തകർന്നടിഞ്ഞ വിപണിക്ക് ഉണർവേകാൻ കമ്പനികൾ പുതുമാർഗങ്ങൾ തേടുന്നു. വിപണിയിൽ ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് കാർ വിപണിക്കാണ്. മറ്റൊരു മേഖല ഗൃഹോപകരണ വിപണിയാണ്. ഇടപാടുകാരെ ആകർഷിക്കുന്നതിന് പുതിയ ഓഫറുകളുമായി സജീവമായി രംഗത്തെത്താനുള്ള ശ്രമത്തിലാണ് കമ്പനികൾ. ഇതിനായി ജനസമ്പർക്ക പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. ഇതിന്റെ ഭാഗമായി കൂടുതൽ പേരെ ഇത്തരം പ്രവർത്തനങ്ങൾക്കായി കമ്പനികൾ നിയോഗിക്കുകയാണ്. ഓണ വിപണി ലക്ഷ്യംവെച്ചാണ് നീക്കം. 


90 ശതമാനം വരെ ലോൺ സൗകര്യമാണ് കാർ വിപണി ഒരുക്കിയിരിക്കുന്നത്. മുൻകാലങ്ങളിൽ ഷോപ്പ് സന്ദർശിച്ചവരെയും വാഹനം വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ചവരെയും നിരന്തരം ബന്ധപ്പെടുകയാണ് മുൻനിര കാർ കമ്പനികൾ. ആകർഷകമായ തവണ വ്യവസ്ഥകൾ ലഭ്യമാക്കിയും ആദ്യത്തെ കുറച്ചു മാസത്തേക്ക് ചെറിയ തിരിച്ചടവ് മാത്രം ലഭ്യമാക്കിയും മുൻനിര ബാങ്കുകൾ രംഗത്തുണ്ട്. ഡീലർമാരുമായി സഹകരിച്ചു പുത്തൻ വിപണന തന്ത്രമാണ് ബാങ്കുകളും ഒരുക്കുന്നത്. കൊറോണക്കാലത്ത് പൊതുഗതാഗതം ഉപയോഗിക്കാൻ പലരും താൽപര്യം പ്രകടിപ്പിക്കുന്നില്ല.  ഈ അവസ്ഥയെ മുതലെടുക്കുകയാണ് ലക്ഷ്യം. ലോക് ഡൗൺ കാലത്തും വരാനിരിക്കുന്ന സാഹചര്യങ്ങൾ മുൻകൂട്ടി കണ്ടും ഓൺലൈൻ വഴിയുള്ള കസ്റ്റമർ സർവീസ് പ്രവർത്തനങ്ങൾ കാർ കമ്പനികൾ ആരംഭിച്ചു കഴിഞ്ഞു. യൂസ്ഡ് കാർ വിപണിയിലും ടാർഗറ്റ് നൽകികൊണ്ടുള്ള ഇതേ രീതിയിലുള്ള പ്രവർത്തനങ്ങളാണു നടക്കുന്നത്. ഇതു വഴി വിഷുക്കാലത്ത് നഷ്ടമായ കച്ചവടം അടുത്ത സീസണിൽ തിരിച്ചുകിട്ടുമെന്നാണു കമ്പനികളുടെ പ്രതീക്ഷ. 


ഓണം ലക്ഷ്യംവെച്ച്  വലിയ ഓഫറുകളും പർച്ചേസ് ലോൺ സൗകര്യവുമായി ഗൃഹോപകരണ വിപണിയും രംഗത്തെത്തും. ബാങ്കുകളുടെയും മറ്റു ധനകാര്യ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയായിരിക്കും ഗൃഹോപകരണ വിപണിയും  കരുക്കൾ നീക്കുക. കമ്പനികളുടെ പ്രതീക്ഷകൾക്കനുസൃതമായി ഉപഭോക്താക്കളുടെ ഭാഗത്തുനിന്ന് സഹകരണം ഉണ്ടായാൽ വിപണി വീണ്ടും സജീവമാകും. എന്നാൽ മുൻ വർഷങ്ങളിൽനിന്ന് വ്യത്യസ്തമായി വളരെ സൂക്ഷ്മതയോടെയായിരിക്കും ഉപഭോക്താക്കൾ വിപണിയെ സമീപിക്കുക. കൂടുതൽ ബാധ്യതകൾ വരുത്തിവെച്ച് സാമ്പത്തിക ബാധ്യതകൾ കൂട്ടാൻ ശ്രമിക്കാതെ ഉള്ളതുകൊണ്ട് അഡ്ജസ്റ്റ് ചെയ്തു മുന്നോട്ടു പോകുന്ന നയം പലരും സ്വീകരിച്ചു കഴിഞ്ഞു. കോവിഡ്കാലം അതിനു പലരെയും പ്രാപ്തരാക്കിയെന്നതാണ് വാസ്തവം.


അതിനിടെ ലോക് ഡൗൺ പ്രഖ്യാപനത്തെത്തുടർന്ന് രണ്ടു മാസമായി നിർമാണം നിർത്തിവെച്ച മാരുതി സുസുക്കി ഇന്ത്യയുടെ പ്ലാന്റുകളിൽ വീണ്ടും കാർ നിർമാണം തുടങ്ങി. മാരുതിക്കു വേണ്ടി വാഹനങ്ങൾ നിർമിച്ചു നൽകുന്ന സുസുക്കി മോട്ടോർ ഗുജറാത്ത് (എസ്എംജി) ആണ് പ്രവർത്തനം പുനരാരംഭിച്ചത്. മാരുതിയുടെ മനേസർ, ഗുരുഗ്രാം പ്ലാന്റുകൾ നേരത്തെ കാർ നിർമാണം തുടങ്ങിയിരുന്നു. ടൊയോട്ട കിർലോസ്‌കർ മോട്ടോർ വാഹന നിർമാണം പുനരാരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.  ബംഗളൂരു ബിദദിയിലെ രണ്ടു പ്ലാന്റ് ഘട്ടംഘട്ടമായി പൂർവസ്ഥിതിയിൽ എത്തിക്കാനാണ് ശ്രമം.  

Latest News