ഇന്ത്യ (ഭാരതമല്ല, ഹിന്ദുസ്ഥാനുമല്ല)

ഇന്ത്യയുടെ പേര് മാറ്റി ഭാരതമെന്നോ ഹിന്ദുസ്ഥാൻ എന്നോ ആക്കണമെന്നാവശ്യപ്പെട്ട് വീണ്ടും സുപ്രീം കോടതിയിൽ ഹരജിയെത്തിയിരിക്കുന്നു.  ദൽഹി സ്വദേശിയായ ഒരാളാണ്  പൊതുതാൽപര്യ ഹരജി നൽകിയിരിക്കുന്നത്.  ഇന്ത്യ എന്ന പേര് കൊളോണിയൽ കാലത്തെ അനുസ്മരിപ്പിക്കുന്നതാണെന്നും നമ്മുടെ ദേശീയത പ്രതിഫലിപ്പിക്കുന്ന പേരാണ് രാജ്യത്തിനു വേണ്ടതെന്നുമാണ്  ഹരജിയിൽ പറയുന്നത്. അതിനായി ഭരണഘടനയിലെ ആർട്ടിക്കിൾ 1 ഭേദഗതി വരുത്തണമെന്നാണ് ഹരജിയിലെ ആവശ്യം. ഹരജി ജൂൺ രണ്ടിന് കോടതി പരിഗണിക്കും.
'ഇന്ത്യ, അതായത് ഭാരതം സംസ്ഥാനങ്ങളുടെ കൂട്ടമായിരിക്കും' എന്നതാണ് ആർട്ടിക്കിൾ 1. ഇത് 'ഭാരതം/ഹിന്ദുസ്ഥാൻ എന്നത് സംസ്ഥാനങ്ങളുടെ കൂട്ടമായിരിക്കും' എന്ന് മാറ്റണമെന്നാണ് ഹരജിക്കാരൻ ആവശ്യപ്പെടുന്നത്. അത്തരം ഒരു പേരുമാറ്റം രാജ്യത്തെ പൗരന്മാർക്കും വരുംതലമുറക്കും അഭിമാനകരമായ സംഗതി ആയിരിക്കുമെന്നും ഹരജിയിൽ പറയുന്നു. ഒരാൾ സ്വന്തം താൽപപ്പര്യപ്രകാരം നൽകുന്ന ഹരജിയല്ല ഇതെന്ന് വ്യക്തം.

കൃത്യമായ അജണ്ടയോടെയുള്ള സംഘടിത രാഷ്ട്രീയ ഹരജി തന്നെയാണിത്. ഇതിനു മുമ്പും സമാന സ്വഭാവമുള്ള ഹരജികൾ സുപീം കോടതിയിൽ പലരും സമർപ്പിച്ചിരുന്നു. 2016 മാർച്ചിൽ ഇത്തരത്തിൽ ഒരു ഹരജി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി.എസ്. താക്കൂർ ഉൾപ്പെടുന്ന ബെഞ്ച് തള്ളിയിരുന്നു. അന്ന് ഹരജിക്കാരനെ കോടതി ശകാരിക്കുകയും ചെയ്തിരുന്നു. പൊതുതാൽപര്യ ഹരജി പാവങ്ങളുടെ അവകാശ സംരക്ഷണത്തിനാണ് ഉപയോഗിക്കേണ്ടതെന്നും കോടതി അന്നു ചൂണ്ടിക്കാട്ടി. 
കോടതിയിൽ മാത്രമല്ല, പുറത്തും ഇന്ത്യയോ ഭാരതമോ എന്ന ദശകങ്ങളായി നടക്കുന്ന ഒരു പോരാട്ടത്തിന്റെ ഭാഗം തന്നെയാണ് ഈ ഹരജി. ഈ ആശയസമരമാകട്ടെ, സ്വാതന്ത്ര്യ സമരകാലത്തു തന്നെ സജീവമായിരുന്നു. വ്യത്യസ്ത ദേശീയ ജനവിഭാഗങ്ങളുടെ ഫെഡറലിസത്തിൽ അധിഷ്ഠിതമായ ഒരു രാഷ്ട്രീയ സംവിധാനത്തെയാണ് ഇന്ത്യ എന്ന പദത്തിലൂടെ ഉദ്ദേശിക്കുന്നതെങ്കിൽ ഹിന്ദുത്വത്തിലധിഷ്ഠിതമായ ഒരു കേന്ദ്രീകൃത സംവിധാനത്തെയാണ് ഭാരതം എന്ന പദം ഉദ്ദേശിക്കുന്നത്. സ്വാതന്ത്ര്യം നേടുന്ന സമയത്ത്, പുറത്തു ഹിന്ദുത്വ രാഷ്ട്രത്തിനായി നിലകൊണ്ടിരുന്ന ആർ.എസ്.എസ് അടക്കമുള്ള ശക്തികൾ സജീവമായിരുന്നല്ലോ. അവർ സ്വാഭാവികമായും 'ഭാരത'ത്തിന്റെ അഥവാ 'ഹിന്ദുസ്ഥാന്റെ' വക്താക്കളായിരുന്നു, അതേ സമയത്തു തന്നെ  കോൺഗ്രസസ്സിനുള്ളിലും ഈ ധാരകൾ സജീവമായിരുന്നു. 


നെഹ്‌റുവും പട്ടേലും ഈ ധാരകളുടെ പ്രതിനിധികളായിരുന്നു എന്നു പറയാം. അന്നു നടന്ന നിരവധി ചർച്ചകളുടെയും ആശയ സമരങ്ങളുടെയും തടർച്ചയായാണ് 'ഇന്ത്യ, അതായത് ഭാരതം സംസ്ഥാനങ്ങളുടെ കൂട്ടമായിരിക്കും' എന്ന് ആർട്ടിക്കിൾ 1 ൽ എഴുതിവെച്ചത്. ഡോ. ബി.ആർ. അംബേദ്കറടക്കമുള്ളവർ അത്തരമൊരു ഒത്തുതീർപ്പിനു നിർബന്ധിതനാവുകയായിരുന്നു. അഥവാ ഭാരതം എന്നെഴുതിവെച്ചെങ്കിലും ഔദ്യോഗികമായി ഇന്ത്യ എന്ന പദം തന്നെയാണ് ഉപയോഗിച്ചത്. ഇപ്പോഴുമങ്ങനെ തന്നെ. അതു മാറ്റി ഭാരതമോ ഒരു പടി കൂടി കടന്ന് ഹിന്ദുസ്ഥാനോ ആക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഈ ഹരജി. അതിനാൽ തന്നെ ഇത് മതേതരത്വത്തിനും ജനാധിപത്യത്തിനും ഫെഡറലിസത്തിനും കടകവിരുദ്ധമാണ്. കോടതി ഇത്തവണയും ഇതു തള്ളിക്കളയുമെന്നു തന്നെ പ്രതീക്ഷിക്കാം. 


വാസ്തവത്തിൽ കോൺഗ്രസിനെ തന്നെ ഹിന്ദു പാർട്ടിയാക്കി മാറ്റാനായിരുന്നു ആദ്യകാല ഹിന്ദുത്വ രാഷ്ട്രീക്കാരുടെ ശ്രമം. എന്നാൽ താനൊരു സനാതന ഹിന്ദുവാണെന്നു പറഞ്ഞ ഗാന്ധി തന്നെയാണ് കോൺഗ്രസിനെ ഹിന്ദു - മുസ്‌ലിം - സിക്ക് സാഹോദര്യത്തിന്റെ അടിസ്ഥാനത്തിൽ കെട്ടിപ്പടുത്തത്. അല്ലെങ്കിൽ തിലകന്റെ നേതൃത്വത്തിലുണ്ടായിരുന്ന കോൺഗ്രസിനെ സവർക്കറുടെ ശിഷ്യനായിരുന്ന ഹെഡ്ഗെവാറും മറ്റും ചേർന്ന് ഹിന്ദുത്വ സംഘടനയാക്കി മാറ്റുമായിരുന്നു. അന്നു തന്നെ ഇന്ത്യക്കു പകരം ഹിന്ദുസ്ഥാൻ ഉണ്ടാകുമായിരുന്നു. ഗാന്ധിയോട് തോറ്റ ഹെഡ്ഗെവാറും മറ്റും 1925 ൽ കോൺഗ്രസ് വിട്ട് ആർ.എസ്.എസ് രൂപീകരിക്കുകയായിരുന്നു. 100 കൊല്ലം കൊണ്ട് ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുമെന്നായിരുന്നു ആർ.എസ്.എസ് ലക്ഷ്യം. ആ കാലമടുക്കുകയാണ്. അത്തരമൊരു ലക്ഷ്യത്തിന്റെ ഭാഗം തന്നെയാണ് ഈ പൊതുതാൽപര്യ ഹരജി എന്നു കരുതുന്നതിൽ തെറ്റില്ല. 


ഗാന്ധിക്കു ശേഷം നെഹ്റുവിന്റെ നേതൃത്വത്തിൽ ആധുനിക ജനാധിപത്യ രീതിയിലുള്ള രാഷ്ട്രം കെട്ടിപ്പടുക്കാനുള്ള നടപടികളാണ് ശക്തമായത്. അംബേദ്കറുടെ നേതൃത്വത്തിൽ ലോകത്തെ തന്നെ മികച്ച ഭരണഘടനയും നമുക്കുണ്ടായി. ഗാന്ധി വധത്തോടെ ഏറെക്കാലം രാഷ്ട്രീയത്തിൽ അദൃശ്യമായിരുന്ന ആർ.എസ്.എസും കൂട്ടരും പിന്നീട് അടിയന്തരാവസ്ഥക്കെതിരായ സമരത്തിലൂടെയാണ് തല പൊക്കിയത്. അന്നത്തെ ജനസംഘം ജനതാപാർട്ടിയിൽ ലയിച്ചതും ഭരണത്തിൽ പങ്കാളികളായതും പിന്നീട് ബി.ജെ.പി രൂപീകരിച്ചതും ബാബ്‌രി മസ്ജിദ് തകർക്കലും ഗുജറാത്ത് കൂട്ടക്കൊലയുമടക്കമുള്ള നിരവധി വർഗീയ നടപടികളിലൂടെ അധികാരത്തിലെത്തിയതൊക്കെ സമീപകാല ചരിത്രം. ഇപ്പോഴത്തെ മോഡി സർക്കാറാകട്ടെ, കശ്മീരിലെ ഇടപെടലും പൗരത്യ ഭേദഗതിയുമടക്കമുള്ള നിരവധി നടപടികളിലൂടെ ലക്ഷ്യത്തിലേക്കു നീങ്ങാനുള്ള ശ്രമത്തിലാണ്. അതിനേറ്റവും വലിയ ഒരു കടമ്പയാണ് ശക്തമെന്നു പറയാനാകില്ലെങ്കിലും ഇന്ത്യയിൽ നിലനിൽക്കുന്ന ഫെഡറലിസവും അതിനെ പ്രതിഫലിപ്പിക്കുന്ന ഇന്ത്യ എന്ന നാമധേയവും. അതിനാൽ തന്നെ അതില്ലാതാക്കൽ അവരുടെ രാഷ്ട്രീയ പരിപാടിയുടെ ഭാഗമാണ്. അതാണ് ഉപ്പോൾ പൊതുതാൽപര്യ ഹരജിയുടെ രൂപത്തിൽ പ്രത്യക്ഷപ്പെടുന്നത്.   


 ഹരജിക്കാരൻ പറയുന്ന പോലെ ഇന്ത്യ എന്ന പേര് കൊളോണിയൽ കാലത്തെയും ഭാരതം/ഹിന്ദുസ്ഥാൻ നമ്മുടെ ദേശീയതയുമല്ല  പ്രതിഫലിപ്പിക്കുന്നത്. മറിച്ച് യഥാക്രമം ഫെഡറലിസത്തെയും ഹിന്ദുത്വത്തെയുമാണ്.  അതിനാൽ തന്നെയാണ് ഹിന്ദുസ്ഥാനോ ഭാരതമോ അല്ല, നമ്മുടേത് ഇന്ത്യയാണെന്നു പ്രഖ്യാപിക്കേണ്ടത്  ജനാധിപത്യ - മതേതര - ഫെഡറൽ സംവിധാനത്തിൽ വിശ്വസിക്കുന്നവരുടെയെല്ലാം രാഷ്ട്രീയ കടമയാകുന്നത്.  (ഇതോടൊപ്പം തന്നെ പ്രസക്തമാണ് ഹൈന്ദവ രാഷ്ട്രീയത്തെ നെടുകെ പലതായി പിളർക്കുന്ന, ജാതിയെന്ന പച്ചയായ യാഥാർത്ഥ്യവും എന്നും ഇതോടൊപ്പം കൂട്ടിച്ചേർക്കേണ്ടതുണ്ട്.) 

Latest News