കോട്ടയം- താഴത്തങ്ങാടിയില്‍ വീടുകയറി ആക്രമണം. മോഷണ ശ്രമമെന്നു കരുതുന്ന ആക്രമണത്തില്‍ ദമ്പതികളില്‍ ഭാര്യ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഭര്‍ത്താവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിനുള്ളിലെ ഗ്യാസ് സിലിണ്ടര്‍ തുറന്നു വിട്ട അക്രമി വീടിന്റെ പോര്‍ച്ചില്‍ കിടന്ന കാറും കവര്‍ന്നു.
താഴത്തങ്ങാടി പാറപ്പാടം ഷാനി മന്‍സിലില്‍ ഷീബ (60) ആണു മരിച്ചത്. ഭര്‍ത്താവ് സാലി ( 55) വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയാലാണ്. തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം പുറത്തറിഞ്ഞത്. പോലീസ് അന്വേഷണം തുടങ്ങി. നാഗമ്പടത്ത് വഴിയോരക്കച്ചവടമായിരുന്നു സാലിക്ക്.
വീടിനുള്ളില്‍നിന്നു ഗ്യാസ് സിലണ്ടര്‍ തുറന്ന് വിട്ട മണം വന്നതിനെ തുടര്‍ന്നു നാട്ടുകാര്‍ നോക്കിയപ്പോഴാണ് വീടിന്റെ ഹാളില്‍ രണ്ടുപേരും കിടക്കുന്നത് കണ്ടത്. രക്തത്തില്‍ കുളിച്ച് കൈകാലുകള്‍ കെട്ടിയ നിലയില്‍ ഇരുവരെയും കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ വിവരം പോലീസില്‍ അറിയിച്ചു. സ്ഥലത്ത് എത്തിയ പോലീസ് സംഘമാണ് രണ്ടു പേരെയും ആശുപത്രിയില്‍ എത്തിച്ചത്. വീടിനുള്ളില്‍ രക്തം ചിതറി കിടക്കുകയാണ്. അലമാര ഇളക്കി അന്വേഷണം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. മൃതദേഹങ്ങള്‍ മുറിക്കുള്ളില്‍ തറയില്‍ കിടക്കുകയായിരുന്നു. മൃതദേഹം കിടന്ന മുറിയില്‍ ഫാനിന്റെ ലീഫിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
രണ്ടു പേരുടെയും തലക്കാണ് അടിയേറ്റിരിക്കുന്നത്. കൈകാലുകള്‍ കൂട്ടി കെട്ടിയിരിക്കുകയായിരുന്നു. ഷീബയെ ഷോക്ക് എല്‍പ്പിച്ചതിന്റെ ലക്ഷണങ്ങള്‍ ശരീരത്തില്‍ ഉണ്ട്. മകള്‍ വിദേശത്തായതിനാല്‍ ഭാര്യയും ഭര്‍ത്താവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവര്‍ തനിച്ചാണ് എന്നത് അറിയുന്നവരോ, മോഷണം ലക്ഷ്യമിട്ടോ ആകാം കൊലപാതകം എന്നാണ് സംശയിക്കുന്നത്.