വടകര - നീണ്ട വര്‍ഷം അധ്യാപനത്തില്‍ പരിചയമൊന്നുമില്ലെങ്കിലും സംസ്ഥാനത്ത് ആദ്യമായി ഒന്നാം ക്ലാസിലെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസെടുത്ത് സായി ശ്വേത മലയാളികളുടെ അംഗീകാരം പിടിച്ചുപറ്റി. ഒരു വര്‍ഷം മാത്രമാണ് ഈ അധ്യാപികക്ക് അധ്യാപനത്തില്‍ പരിചയം. വടകര പുറമേരി പഞ്ചായത്തിലെ മുതുവടത്തൂര്‍ എല്‍.പി സ്‌കൂളില്‍ കഴിഞ്ഞ വര്‍ഷമാണ് അധ്യാപികയായി നിയമിതയായത്. കഴിഞ്ഞ വര്‍ഷം രണ്ടാം ക്ലാസ് അധ്യാപികയായിരുന്നു. ചെറിയ കാല പരിചയം ടീച്ചര്‍ക്ക് ഒരു പ്രശ്‌നമേ ആയിരുന്നില്ല. നല്ലൊരു അഭിനേത്രിയാണിവര്‍. വിദ്യാര്‍ഥിനിയായപ്പോള്‍ മോണോ ആക്ട്, നാടോടി നൃത്തം ഉള്‍പ്പെടെയുള്ള മത്സര ഇനങ്ങളില്‍ സമ്മാനം കരസ്ഥമാക്കിയിട്ടുണ്ട്. വിദേശത്തുള്ള പനയുള്ളതില്‍ ദിലീപിന്റെ ഭാര്യയാണ്.
പൂച്ചയുടെ കഥ അവതരിപ്പിച്ച് പിഞ്ചു കുട്ടികളെ ആകര്‍ഷിപ്പിക്കാനും പിടിച്ചിരുത്താനും ഈ അധ്യാപികക്കായി. ക്ലാസ് ആരംഭിച്ചതോടെ വീടുകളിലെ മുതിര്‍ന്നവരും ടി.വി ക്ക് മുമ്പിലെത്തുന്ന കാഴ്ചയായിരുന്നു. എല്ലാവരും ശ്വാസമടക്കി കാണുകയായിരുന്നു. മുന്‍ കാലങ്ങളില്‍ വാവിട്ടു കരയുന്ന ഒന്നാം ക്ലാസുകാരെയല്ല ഇന്നലെ കണ്ടത്. കൊച്ചുകുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തില്‍ അവതരിപ്പാക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. ടീച്ചറുടെ കഥാവതരണത്തില്‍ പൂര്‍ണ്ണമായും മുഴുകുകയായിരുന്നു കൊച്ചു കുട്ടികള്‍. ഈ അധ്യാപികക്ക് നല്ല പിന്തുണയാണ് ലഭിച്ചത്.
ക്ലാസ് ആരംഭിച്ചത് മുതല്‍ തന്നെ നല്ല പ്രതികരണമായിരുന്നു. സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഈ അധ്യാപിക. കഴിഞ്ഞ വര്‍ഷം കുട്ടികളെ മുന്നിലിരുത്തി ക്ലാസെടുത്ത അധ്യാപിക ഇന്നലെ കുട്ടികളെ കാണാതെ അഭിനയിക്കുകയായിരുന്നു. ടീച്ചറുടെ മുമ്പില്‍ കുട്ടികളുണ്ടോ എന്ന് പരിപാടി കാണുന്നവര്‍ സംശയിച്ചു പോകുന്ന തരത്തിലുള്ളതായിരുന്നു ക്ലാസ്. ഇതേ സ്‌കൂളിലെ അധ്യാപികയായ അഞ്ജു കിരണും മികച്ച പ്രകടനം കാഴ്ച വെച്ചു. ഈ അധ്യാപികമാരുടെ പ്രകടനം കടത്തനാടിന് തന്നെ അഭിമാനമായി.






