ഐ.സി.എം.ആറിലെ സീനിയര്‍ ശാസ്ത്രജ്ഞന് കോവിഡ്; ഓഫീസില്‍ അണുനശീകരണം

ന്യൂദല്‍ഹി- ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സിലിലെ (ഐ.സി.എം.ആര്‍) മുതിര്‍ന്ന ശാസ്ത്രജ്ഞന് കോവിഡ് സ്ഥിരീകരിച്ചു.
ഐ.സി.എം.ആര്‍ കെട്ടിടം അണുമുക്തമാക്കാന്‍ നടപടികള്‍ സ്വീകരിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

മുംബൈ സ്വദേശിയായ ശാസ്ത്രജ്ഞന്‍ ഏതാനും ദിവസം മുമ്പാണ് ദല്‍ഹിയിലെത്തിയത്. ഞായറാഴ്ച നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഐ.സി.എം.ആര്‍ ഡയരക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവും മറ്റും പങ്കെടുത്ത യോഗത്തില്‍ ഈ ശാസ്ത്രജ്ഞനും സംബന്ധിച്ചിരുന്നു.

ആസ്ഥാന മന്ദിരത്തില്‍ അണുനശീകരണം നടക്കുന്നതിനാല്‍ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ഐ.സി.എം.ആറിലെ ഒരു വിഭാഗം ജീവനക്കര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോവിഡ് മുഖ്യ സംഘം മാത്രമേ ഓഫീസില്‍ വരാന്‍ പാടുള്ളൂവെന്നും ബാക്കിയുള്ളവര്‍ക്ക് വീടുകളിലിരുന്ന് ജോലി ചെയ്യാമെന്നും ഐ.സി.എം.ആര്‍ സന്ദേശത്തില്‍ പറയുന്നു.

 

Latest News