Sorry, you need to enable JavaScript to visit this website.

സ്‌കൂളുകള്‍ 'തുറക്കുന്നു', ഓണ്‍ലൈനില്‍

തിരുവനന്തപുരം- സ്‌കൂളുകള്‍ തിങ്കളാഴ്ച തുറക്കുന്നു. ഓണ്‍ലൈനില്‍ ആണെന്ന് മാത്രം. ഓണ്‍ലൈന്‍ ക്ലാസുകള്‍ ആദ്യയാഴ്ച പരീക്ഷണാടിസ്ഥാനത്തിലാകും നടത്തുക. ആദ്യയാഴ്ചത്തെ ക്ലാസുകള്‍ വീണ്ടും പ്രക്ഷേപണം ചെയ്യും. നിലവില്‍ വിക്ടേഴ്‌സ് ചാനല്‍ വഴിയാണ് പ്രക്ഷേപണം. തിങ്കള്‍ മുതല്‍ വെള്ളിവരെയാണ് ആദ്യ പ്രക്ഷേപണം. ശനി, ഞായര്‍ ദിവസങ്ങളില്‍ പുനഃസംപ്രേഷണം ഉണ്ടാകും. ഇതിന്റെ സമയക്രമം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഓണ്‍ലൈന്‍ ക്ലാസ് കേള്‍ക്കാനുള്ള സംവിധാനമില്ലാത്ത കുട്ടികള്‍ക്ക് അവ ലഭ്യമാകുന്നുണ്ടെന്ന് അധ്യാപകര്‍ ഉറപ്പുവരുത്തണം. തദ്ദേശസ്ഥാപനങ്ങളടക്കമുള്ളവയുടെ സഹകരണത്തോടെ ഇതിനുള്ള ശ്രമം നടത്തണം. ക്ലാസ് കേള്‍ക്കാന്‍ സൗകര്യമില്ലാത്തവര്‍ക്ക് സി.ഡി.എസ്., ലൈബ്രറികള്‍ തുടങ്ങി വിവിധ സംവിധാനങ്ങളിലൂടെ അത് ലഭ്യമാക്കാനുള്ള ശ്രമം നടക്കുന്നു.

ഡി.ടി.എച്ച് വഴി ക്ലാസ് ലഭ്യമാക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഈ ശൃംഖലയില്‍ ചില ഏജന്‍സികള്‍ ഇതിന് സന്നദ്ധമായിട്ടുണ്ട്. ഒന്നുമുതല്‍ 12 വരെയുള്ള ക്ലാസുകളാണ് ഓണ്‍ലൈനായി നല്‍കുന്നത്. ജൂണ്‍ ഒന്നുമുതല്‍ ഓണ്‍ലൈനായി പഠനം തുടങ്ങാനാണ് സര്‍ക്കാര്‍ തീരുമാനം. രാവിലെ 8.30 മുതല്‍ 5.30 വരെയാണ് ക്ലാസ്.

സ്‌കൂള്‍ തുറക്കുന്നതുവരെയുള്ള താത്കാലിക സംവിധാനമാണ് ഓണ്‍ലൈന്‍ ക്ലാസെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. അത് സ്‌കൂളിലെ പഠനത്തിന് പകരമല്ല. സ്‌കൂള്‍ തുടങ്ങുന്നതുവരെ ഓണ്‍ലൈന്‍ ക്ലാസ് നടത്താനുള്ള സംവിധാനം സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. പാഠപുസ്തകങ്ങള്‍ ഉടന്‍ സ്‌കൂളുകളിലെത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

പൊതു പരീക്ഷ എഴുതേണ്ടവരെന്ന നിലയില്‍ പത്ത്, പ്ലസ് ടുക്കാര്‍ക്ക് അധിക സമയം ക്ലാസ്. കൈറ്റ് വിക്‌ടേഴ്‌സ് ചാനല്‍ വഴിയാണ് ക്ലാസുകള്‍ നടക്കുക. ആദ്യ ദിവസത്തെ ടൈം ടേബിള്‍ തയാറായി. പ്ലസ്ടു ക്ലാസിന് രാവിലെ 8.30ന് ഇംഗ്ലീഷും ഒമ്പതിന് ജിയോഗ്രഫിയും 9.30ന് മാത്തമാറ്റിക്‌സും പത്തിന് കെമിസ്ട്രിയും.

പത്താം ക്ലാസിന് 11ന് ഭൗതിക ശാസ്ത്രവും 11.30ന് ഗണിതശാസ്ത്രവും 12ന് ജീവശാസ്ത്രവമാണ് ക്ലാസുകള്‍. പ്രൈമറി വിഭാഗത്തില്‍ രണ്ടാം ക്ലാസിന് 12.30ന് പൊതുവിഷയവും മൂന്നാം ക്ലാസിന് ഒരു മണിയ്ക്ക് മലയാളവും നാലാം ക്ലാസിന് 1.30ന് ഇംഗ്ലീഷും സംപ്രേഷണം ചെയ്യും.
അഞ്ച്, ആറ്, ഏഴ് ക്ലാസുകള്‍ക്ക് മലയാളമാണ് ആദ്യ ദിവസം. രണ്ട്, രണ്ടര, മൂന്ന് മണിക്ക് സംപ്രേഷണം ചെയ്യും. എട്ടാം ക്ലാസിന് വൈകിട്ട് 3.30ന് ഗണിത ശാസ്ത്രവും നാലു മണിയ്ക്ക് രസതന്ത്രവും ഒമ്പതാം ക്ലാസിന് 4.30ന് ഇംഗ്ലീഷും, അഞ്ചിന് ഗണിതശാസ്ത്രവും സംപ്രേഷണം ചെയ്യും.

 

 

Latest News