എന്‍.ഡി.ബി മേധാവി കെ.വി കാമത്ത് സ്ഥാനമൊഴിഞ്ഞു, നിര്‍മലക്ക് പകരം ധനമന്ത്രിയാകും?

മുംബൈ- ഇന്ത്യ മുന്‍കൈയെടുത്തു രൂപീകരിച്ച ബ്രിക്‌സ് രാഷ്ട്രകൂട്ടായ്മയുടെ നേതൃത്വത്തിലുള്ള നാഷനല്‍ ഡവലപ്‌മെന്റ് ബാങ്ക് മേധാവി സ്ഥാനത്തുനിന്ന് പ്രമുഖ ബാങ്കിംഗ് വിദഗ്ധന്‍ കെ.വി കാമത്ത് ഒഴിഞ്ഞു. അഞ്ചുവര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിന് ശേഷമാണ് കാമത്ത് പദവിയില്‍നിന്ന് ഒഴിഞ്ഞത്. തുടര്‍ന്ന് ഇദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി കൂടിക്കാഴ്ച നടത്തിയതായി വാര്‍ത്തകളുണ്ട്. അടുത്ത ധനമന്ത്രിയായി കാമത്ത് വന്നേക്കുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു.
സാമ്പത്തികമാന്ദ്യത്തിന്റെയും കോവിഡ് പ്രതിസന്ധിയുടേയും കാലത്ത് നല്ലൊരു സാമ്പത്തിക വിദഗ്ധനുവേണ്ടി മോഡി കാത്തിരിക്കുകയാണെന്നും സംസാരമുണ്ട്. നേരത്തെതന്നെ കാമത്തിന്റെ പേര് ഉയര്‍ന്നുവന്നുവെങ്കിലും എന്‍.ഡി.ബിയുടെ ചുമതലയില്‍നിന്ന് അദ്ദേഹത്തിന് ഒഴിവാകാനാകുമായിരുന്നില്ല.
എന്‍.ഡി.ബി മേധാവിയെന്ന നിലയില്‍ കാമത്തിന്റെ പ്രകടനത്തെ പ്രശംസിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രസ്താവനയിറക്കുകയും ചെയ്തു.
ഐ.ഡി.ബിക്ക് ബദലായി ഉയര്‍ന്നുവന്ന എന്‍.ഡി.ബിയെ മികച്ച നിലയില്‍ നയിക്കാന്‍ കാമത്തന് കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ അനുഭവ സമ്പത്ത് മോഡി ഉപയോഗപ്പെടുത്തുമെന്ന് തന്നെയാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളില്‍നിന്നുള്ള സൂചന.

നേരത്തെ ഐ.സി.ഐ.സി.ഐ ബാങ്കിന്റെ ചെയര്‍മാനായിരുന്നു കാമത്ത്. നോര്‍ത്ത് ബ്ലോക്കില്‍ മാറ്റം വരുന്നതിന്റെ സൂചനകള്‍ കാണുന്നതായി പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.

 

 

Latest News