താനെ- മൂന്ന് ആശുപത്രികളില്‍ പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് 22 കാരി ഗര്‍ഭിണി ഓട്ടോറിക്ഷയില്‍ മരിച്ചു. മഹാരാഷ്ട്രയിലെ താനെയിലാണ് ദാരുണ സംഭവം. ഗര്‍ഭിണിയെ അഡ്മിറ്റ് ചെയ്യാന്‍ വിസമ്മതിച്ച മൂന്ന് ആശുപത്രികള്‍ക്കെതിരെ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. മെയ് 25-26 രാത്രിയാണ് സംഭവം.
പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മെഹക് ഖാന്‍ എന്ന യുവതി ബന്ധുവിനോടൊപ്പം ആശുപത്രികള്‍ കയറിയിറങ്ങുകയായിരുന്നു. ആദ്യം ബിലാല്‍ ആശുപത്രിയിലാണ് ചെന്നത്. അഡ്മിറ്റ് ചെയ്യാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് പ്രൈം ക്രിട്ടിക്കെയര്‍ ഹോസ്പിറ്റലിനേയും യൂനിവേഴ്‌സല്‍ ഹോസ്പിറ്റലിനേയും സമപീച്ചു. ആശുപത്രി അന്വേഷിച്ചുള്ള യാത്രക്കിടയിലാണ് യുവതി ഓട്ടോറിക്ഷയില്‍ വെച്ച് തന്നെ മരിച്ചത്.
കുടുംബാംഗങ്ങള്‍ മൂന്ന് ആശുപത്രികള്‍ക്കെതിരെയും മുംബ്ര പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തെ കുറിച്ച് ബി.ജെ.പി നേതാവ് രാം കദം ഒരു വിഡിയോ പോസ്റ്റ് ചെയ്തു. ഞെട്ടിക്കുന്നതും ദൗര്‍ഭാഗ്യകരവുമാണ് സംഭവമെന്നും മഹാരാഷ്ട്ര സര്‍ക്കാരാണ് ഇതിന് ഉത്തരവാദിയെന്നും അദ്ദേഹം ആരോപിച്ചു.






