ഭക്ഷണത്തെച്ചൊല്ലി തര്‍ക്കം: ഗള്‍ഫില്‍നിന്നെത്തിയ മകന്‍ അമ്മയെ വെട്ടിക്കൊന്നു

കുഞ്ഞന്നാമ്മ, നിതിന്‍ ബാബു

കോട്ടയം-  മദ്യലഹരിയില്‍ വഴക്കുണ്ടാക്കി മകന്‍ അമ്മയെ വെട്ടിക്കൊന്നു. തൃക്കൊടിത്താനം അമരയില്‍ കന്യാക്കോണില്‍ (വാക്കയില്‍) കുഞ്ഞന്നാമ്മ (55) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ നിതിന്‍ ബാബുവിനെ (27) പോലീസ് കസ്റ്റഡിയില്‍ എടുത്തു. ശനിയാഴ്ച  രാത്രി പത്തരയോടെ ഇവരുടെ വീട്ടില്‍ വെച്ചായിരുന്നു സംഭവം.

അമ്മയും മകനും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്.  ഗള്‍ഫില്‍നിന്നു മടങ്ങിയെത്തിയ മകന്‍ അമ്മയുമായി വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. ഭക്ഷണത്തെ ചൊല്ലിയാണ് കഴിഞ്ഞ രാത്രി വാക്കേറ്റം ഉണ്ടായത്.

കൊലയ്ക്കു ശേഷം അയല്‍ക്കാരനെ നിതിന്‍ ഫോണില്‍ വിളിച്ചു പറഞ്ഞു. വീടിനു മുന്നിലുള്ള ഗ്രില്‍ പുറത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. പോലീസ് എത്തി ഗ്രില്‍ പൊളിച്ച് വീടിനുള്ളില്‍ കടന്നപ്പോള്‍ കിടപ്പുമുറിയില്‍ കുഞ്ഞന്നാമ്മയെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി.

കറിക്കത്തി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. നിതിന്‍ നിരന്തരം വീട്ടില്‍ വഴക്കുണ്ടാക്കിയിരുന്നതായി പോലീസ് പറഞ്ഞു. കുറ്റം സമ്മതിച്ച നിതിനെ തൃക്കൊടിത്താനം സി.ഐ അനൂപ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കസ്റ്റഡിയില്‍ എടുത്തത്.

 

Latest News