ശമ്പളം നല്‍കാന്‍ പണമില്ല; 5000 കോടി ചോദിച്ച് ദല്‍ഹി സര്‍ക്കാര്‍

ന്യൂദല്‍ഹി- ജീവനക്കാരുടെ ശമ്പളം നല്‍കുന്നതിന് 5000 കോടി രൂപയുടെ കേന്ദ്രസഹായം ആവശ്യപ്പെട്ട് ദല്‍ഹി സര്‍ക്കാര്‍. ദല്‍ഹി സര്‍ക്കാരിന്റെ വരുമാനവും കുറഞ്ഞ ചെലവും അവലോകനം ചെയ്തുവെന്നും ശമ്പളം നല്‍കുന്നതിനും ഓഫീസ് ചെലവുകള്‍ക്കും മാസം 3500 കോടി രൂപ ആവശ്യമാണെന്നും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞ രണ്ട് മാസം 500 കോടി രൂപ വീതമാണ് ജി.എസ്.ടി വഴി ലഭിച്ചത്. മറ്റു സ്രോതസ്സുകളില്‍നിന്നുള്ള വരുമാനം കൂടി ചേര്‍ത്താല്‍ രണ്ടു മാസത്തെ തുക 1735 കോടി രൂപയാകും. എന്നാല്‍ രണ്ടുമാസത്തെ ശമ്പളം നല്‍കാന്‍ 7000 കോടി രൂപ വേണം- അദ്ദേഹം പറഞ്ഞു.
അടിയന്തരമായി 5000 രൂപ അനുവദിക്കണമെന്നാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് എഴുതിയിരിക്കുന്നത്. ദല്‍ഹി സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിടുകയാണെന്നും മറ്റു സംസ്ഥാനങ്ങള്‍ക്ക് ദുരിതാശ്വാസ ഫണ്ട് അനുവദിച്ചപ്പോള്‍ ദല്‍ഹിക്ക് ലഭിച്ചിട്ടില്ലെന്നും മനീഷ് സിസോദിയ പറഞ്ഞു.

 

Latest News