മാതാപിതാക്കള്‍ ക്വാറന്റൈനില്‍; പാലക്കാട് പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ വീണ് മരിച്ചു

പാലക്കാട്- ബക്കറ്റിലെ വെള്ളത്തിൽ വീണ് 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു. പാലക്കാട് ചാലിശ്ശേരിയിൽ മണ്ണാരപറമ്പില്‍ മങ്ങാട്ടുവീട്ടില്‍ സാദിഖിന്റെ മകന്‍ മുഹമ്മദ് ഇസ്ഖാനാണ് മരിച്ചത്. കുഞ്ഞിൻ്റെ പിതൃസഹോദരന് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ക്വാറന്റൈനിലായിരിക്കേയാണ് ദാരുണമായ സംഭവം. 

ശനിയാഴ്ച രാത്രി 10 മണിയോടെയാണ് കുട്ടിയെ ശുചി മുറിയിലെ ബക്കറ്റിലെ വെള്ളത്തില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോവിഡ് ടെസ്റ്റിനായി കുഞ്ഞിൻ്റെ സ്രവം പരിശോധനക്ക് അയച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ പരിശോധനാ ഫലം വന്നതിന് ശേഷം മാത്രമേ മൃതദേഹം സംസ്കരിക്കുകയുള്ളൂ. അതുവരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിക്കും. സംഭവത്തില്‍  അസ്വാഭാവിക മരണത്തിന് ചാലിശ്ശേരി പോലിസ് കേസെടുത്തിട്ടുണ്ട്.

Latest News