Sorry, you need to enable JavaScript to visit this website.

ജനാധിപത്യത്തിനുവേണ്ടി പൊരുതാന്‍ ഇനി ആരേയും കിട്ടില്ല; പ്രതിപക്ഷത്തെ ഓര്‍മിപ്പിച്ച് വിദ്യാര്‍ഥികള്‍

നടാഷ നര്‍വാള്‍

ന്യൂദല്‍ഹി- പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത മറ്റൊരു വിദ്യാര്‍ഥിനിയെ കൂടി യു.എ.പി.എ ചുമത്തി ജയിലിലടച്ചിനെ തുടര്‍ന്ന് സമൂഹ മാധ്യമങ്ങളില്‍ രോഷം.

ജെ.എന്‍.യുവിലെ വിദ്യാര്‍ഥി ആക്ടിവിസ്റ്റും സന്നദ്ധ സംഘടനയായ പിന്‍ജ്ര ടോഡ് അംഗവുമായ നടാഷ നര്‍വാളിനെതിരെയാണ് സി.എ.എ വിരുദ്ധ സമരത്തിന്റെ പേരില്‍ ഏറ്റവും ഒടുവില്‍ യു.എ.പി.എ ചുമത്തിയത്. ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ നടന്ന കലപാത്തിനു പ്രേരിപ്പിച്ചുവെന്ന് ആരോപിച്ച് കിരാത നിയമം ചുമത്തിയുള്ള ഏഴാമത്തെ അറസ്റ്റാണിത്.  നാടാഷയോടൊപ്പം മറ്റൊരു ആക്ടിവിസ്റ്റായ ദേവാംഗന കലിതയേയും ദല്‍ഹി ഹൈക്കോടതി സമാന കേസില്‍ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ദല്‍ഹി പോലീസിലെ പ്രത്യേക സെല്‍ നടാഷയെ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.

അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിനെ കൊലപ്പെടുത്തിയതിനുശേഷം പ്രതിഷേധക്കാര്‍ക്കുനേരെ പോലീസ് നടത്തുന്ന ക്രൂരതയെ അപലപിക്കുന്ന ബോളിവുഡ് താരങ്ങളും മറ്റും ദല്‍ഹിയിലെ പോലീസ് ഭീകരതക്കെതിരെ എന്തു കൊണ്ട് പ്രതികരിക്കുന്നില്ലെന്നാണ് സമൂഹ മാധ്യമങ്ങളിലെ ചോദ്യം.

സ്വന്തം വീട്ടുമുറ്റത്തെ കാര്യങ്ങള്‍ ഇവര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ട്വിറ്ററില്‍ പ്രതിഷേധിക്കുന്നവര്‍ ആരോപിക്കുന്നു. കോവിഡ് വ്യാപനത്തിനിടെ വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്യുന്ന ദല്‍ഹി പോലീസ് ആക്രമണം നടത്തിയ കോമള്‍ ശര്‍മയെ പോലുള്ള വിദ്യാര്‍ഥികളെയോ കലാപത്തിന് പരസ്യമായി ആഹ്വാനം ചെയ്ത കപില്‍ മിശ്ര, അനുരാഗ് താക്കൂര്‍ എന്നിവരെയോ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ശക്തമാകുന്ന ഡിജിറ്റല്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നവര്‍ ആരോപിക്കുന്നു.
ഇന്ത്യയില്‍ വിദ്യാര്‍ഥികളാണ് ഇപ്പോള്‍ പുതിയ ഭികരരെന്നും അവര്‍ക്കെതിരെയാണ് യു.എ.പി.എ ചുമത്തുന്നതെന്നുമാണ് സന്നദ്ധ സംഘടനയായ പിന്‍ജ്ര ടോഡ് അംഗം നടാഷ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തതിലൂടെ തെളിയുന്നതെന്ന് ഒരു ട്വിറ്റര്‍ ഉപയോക്താവ് ചൂണ്ടിക്കാട്ടി.

ഭാവിയില്‍ ജനാധിപത്യത്തിനുവേണ്ടി ആരും രംഗത്തിറങ്ങാതിരിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നാണ് മറ്റൊരു ആരോപണം. പ്രതിപക്ഷ പാര്‍ട്ടികളുടെ നിശബ്ദതയെ കുറിച്ചാണ് ആശങ്ക. ഇപ്പോള്‍ നിങ്ങള്‍ വിദ്യാര്‍ഥികളുടെ കൂടെ നില്‍ക്കുന്നില്ലെങ്കില്‍ ഭാവയില്‍ ജനാധിപത്യത്തിനുവേണ്ടി പൊരുതാന്‍ ആരും ഉണ്ടാകുകയില്ല. ആരും തന്നെ നിങ്ങള്‍ക്കുവേണ്ടി അവശേഷിക്കുകയുമില്ല- ട്വിറ്ററില്‍ പ്രതികരിക്കുന്നവര്‍ മുന്നറിയിപ്പ് നല്‍കി.

 

 

Latest News