കണ്ണൂര്‍- ക്വാറന്റൈന്‍ ലംഘിച്ചെന്ന പ്രചാരണത്തില്‍ മനംനൊന്ത് കണ്ണൂരില്‍ ആരോഗ്യപ്രവര്‍ത്തക ആത്മഹത്യക്ക് ശ്രമിച്ചു. ന്യൂ മാഹി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ഇവരെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശുചിത്വം പാലിക്കാതെ അശ്രദ്ധമായി താന്‍ ജോലി ചെയ്‌തെന്നാണ് ചിലര്‍ കുപ്രചരണം നടത്തുന്നതെന്നും ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്നും പറയുന്ന ഒരു കുറിപ്പ് ഇവരുടേതെന്ന പേരില്‍ വാട്‌സാപ്പ് വഴി പ്രചരിക്കുന്നുണ്ട്.
സഹപ്രവര്‍ത്തകന്‍ ഉള്‍പ്പടെ നാല് പേരാണെന്ന് തന്റെ മരണത്തിന് ഉത്തരവാദികള്‍ എന്ന് ആ കുറിപ്പില്‍ പറയുന്നുണ്ട്. ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്ന തന്നോട് ചിലര്‍ എന്തിനാണ് ഇങ്ങനെ പെരുമാറുന്നതെന്ന് അറിയില്ല. കഴിഞ്ഞ മൂന്നു മാസത്തിലധികമായി ഒരു അവധി പോലും എടുക്കാതെ രോഗീപരിചരണം നടത്തുന്ന തനിക്കെതിരെ വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. താന്‍ വീടുകളില്‍ പോയി രോഗികളെ പരിചരിക്കാറുണ്ട്. അവിടെനിന്നൊന്നും ഇന്നു വരെ ഒരു പരാതിയും പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ലഭിച്ചിട്ടില്ല. തന്നെപ്പോലുള്ള കമ്മ്യൂണിറ്റി നഴ്‌സുമാരുടെ അവസ്ഥ വളരെ പരിതാപകരമാണെന്നും കുറിപ്പില്‍ പരാമര്‍ശമുണ്ട്.






