Sorry, you need to enable JavaScript to visit this website.

കുഞ്ഞുകുഞ്ഞു സമ്പാദ്യങ്ങൾ സി.എച്ച് സെന്ററിന്; വിദ്യാർഥിക്ക് ആദരം

കണ്ണൂർ- തന്റെ കുഞ്ഞുകുഞ്ഞു ആവശ്യങ്ങൾക്കായി സ്വരുക്കൂട്ടിയ വലിയ തുക പരിയാരം സി.എച്ച് സെന്ററിന് സംഭാവനയായി നൽകി മാതൃകയായ കുരുന്നു വിദ്യാർത്ഥിക്ക് എം.എസ്എഫിന്റെ ആദരം. നാറാത്ത് കണ്ടത്തിൽ പള്ളിക്ക് സമീപം ബഷീർ  സജീന ദമ്പതികളുടെ മകൻ കെ.പി.മുഹമ്മദ് ആണ് സമൂഹത്തിലെ മറ്റുള്ള കുട്ടികൾക്കുകൂടി പ്രചോദനമാവുന്ന മാതൃകാപരമായ  പ്രവർത്തനം കാഴ്ചവച്ചത്. കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ്. പലപ്പോഴായി മാതാപിതാക്കൾ നൽകിയ  നാണയത്തുട്ടുകൾ കൊച്ചുഭണ്ഡാരത്തിൽ സ്വരൂപിച്ച് വച്ചതായിരുന്നു.
ഈയിടെയാണ് മുഹമ്മദ് കേരളത്തിലുടനീളം നിർധന രോഗികളുടെ കൈത്താങ്ങായി നിലകൊള്ളുന്ന സി എച്ച് സെന്ററുകളുടെ കാരുണ്യ പ്രവർത്തനങ്ങളെ കുറിച്ച് മനസ്സിലാക്കിയത്.  ചുറ്റിലുമുള്ള അശരണർ രോഗപീഡയുമായി പ്രയാസപ്പെടുമ്പോൾ തന്റെ കുഞ്ഞൻ ആഗ്രഹങ്ങളേക്കാൾ ആവശ്യം സി എച്ച് സെന്ററിന്റെ കാരുണ്യനിധിയിലേക്ക് സഹായം നൽകലാണെന്ന് തിരിച്ചറിഞ്ഞു ഉമ്മയോടും ഉപ്പയോടും തന്റെ ആഗ്രഹം വെളിപ്പെടുത്തുകയായിരുന്നു.
സി.എച്ച് സെന്റർ ദിനത്തിൽ തുക മുഴുവനും കൈമാറി. പരിയാരം സി.എച്ച് സെന്റർ ജനറൽ സെക്രട്ടറിയും കണ്ണൂർ ജില്ലാ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറിയുമായ അഡ്വ. അബ്ദുൽ കരീം ചേലേരി നേരിട്ടെത്തിയാണ് നാട്ടുകാരുടെ സാന്നിധ്യത്തിൽ സംഭാവന സ്വീകരിച്ചത്. തുടർന്നാണ്  നാറാത്ത് ശാഖാ എംഎസ്എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരം ഒരുക്കിയത്. മുഹമ്മദിന്റെ വസതിയിൽ നടന്ന ചടങ്ങിൽ എം.എസ്.എഫ് ശാഖാ നേതാക്കളായ മിസ്ബാഹ്, അൻവർ സാദത്ത്, ഫവാസ്,  ഇർഫാദ്, നമീർ എന്നിവർ ചേർന്ന് ഉപഹാരം സമ്മാനിച്ചു. മുസ്‌ലിം ലീഗ് നേതാവ് ടി. പി സമീർ പങ്കെടുത്തു.

 

Latest News