Sorry, you need to enable JavaScript to visit this website.

സ്റ്റേഷനിലെ അസഭ്യവർഷം; സി.പി.എം നേതാക്കൾക്ക് ശാസന മാത്രം

ഇടുക്കി-ഡി.വൈ.എഫ്.ഐ പ്രവർത്തകന്റെ ബൈക്ക് കസ്റ്റഡിയിലെടുത്തതിന്റെ പേരിൽ വണ്ടിപ്പെരിയാർ പോലീസ് സ്‌റ്റേഷനിൽ കയറി എസ് ഐയുടെ കൈ വെട്ടുമെന്ന് ഭീഷണിപ്പെടുത്തി അസഭ്യ വർഷം ചൊരിഞ്ഞ സി.പി.എം നേതാക്കൾക്ക് പരസ്യശാസന നൽകി നേതൃത്വം തലയൂരി. ജില്ലാ സെക്രട്ടറിയേറ്റംഗം ആർ. തിലകൻ, ജില്ലാ കമ്മറ്റിയംഗം ജി. വിജയാനന്ദ് എന്നിവരെ പരസ്യമായി ശാസിക്കാൻ ജില്ലാ കമ്മിറ്റി ഐക്യകണ്‌ഠേന തീരുമാനിച്ചതായി ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ അറിയിച്ചു.  പാർട്ടിയുടെ അന്തസിനും സൽപ്പേരിനും കളങ്കം ചാർത്തിയ പ്രവർത്തനങ്ങൾ ഉണ്ടായതിനെ തുടർന്നാണിതെന്ന് സെക്രട്ടറി പറയുന്നു.
കഴിഞ്ഞ വ്യാഴാഴ്ച നടന്ന സംഭവം മൊബൈൽ ക്യാമറ വഴി സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പാർട്ടി വെട്ടിലായത്.  
ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ ബൈക്ക് പിടിച്ചതുമായി ബന്ധപ്പെട്ട് പോലിസ് സ്റ്റേഷനിലെത്തിയതായിരുന്നു സി.പി.എം നേതാക്കൾ. എഎസ്‌ഐ തോമസിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘത്തോടാണ് ഇരുവരും തട്ടി കയറിയത്. പോലിസുകാർ ഭയന്നു നിൽക്കുന്നതാണ് ദൃശ്യത്തിൽ കാണുന്നത്. അലറിവിളിച്ച് സംസാരിച്ച ഇരുവരും, വീട്ടിൽ കയറി കാലു വെട്ടുമെന്നും  എ.എസ്.ഐ യോടെ പറഞ്ഞു. ഫൈൻ അടച്ച ശേഷമേ വണ്ടി വിട്ട് തരാൻ കഴിയൂ എന്ന് എഎസ്‌ഐ ആവർത്തിച്ചപ്പോൾ ഇവിടെയെല്ലാം നിയമപരമായിട്ടാണോ എന്ന് ചോദിച്ച് വീണ്ടും ചീത്തവിളി തുടർന്നു. ആരേയും ഉപദ്രവിക്കാനല്ല, കൃത്യമായ നടപടി മാത്രമാണ് എടുത്തതെന്നും എഎസ്‌ഐ പറഞ്ഞെങ്കിലും ഇതൊന്നും വകവെക്കാൻ സി.പി.എം നേതാക്കൾ തയ്യാറായില്ല. പിന്നീട് 1,000 രൂപ പിഴയടപ്പിച്ച ശേഷം ബൈക്ക് വിട്ട് നൽകി.

 

Latest News