Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മലപ്പുറത്തിന് ആശ്വാസ ദിനം

മലപ്പുറം- പുതിയ കോവിഡ് രോഗികളില്ല. ചികിൽസയിൽ കഴിയുന്ന മൂന്നു പേർക്ക് രോഗമുക്തി. കോവിഡ് വ്യാപനത്തിന്റെ തുടർച്ചയായ ദിവസങ്ങൾക്കിടയിൽ മലപ്പുറത്തിന് ഇന്നലെ ആശ്വാസ ദിനം.
വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയിൽ ഇന്നലെ 729 പേർക്കുകൂടി പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. 12,576 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. 202 പേർ  വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 198 പേരും നിലമ്പൂർ ജില്ലാ ആശുപത്രിയിൽ രണ്ട് പേരും തിരൂർ ജില്ലാ ആശുപത്രിയിൽ ഒരാളുമാണ് ചികിത്സയിലുള്ളത്. 10,948 പേരാണ് ഇപ്പോൾ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. 1,426 പേർ കോവിഡ് കെയർ സെന്ററുകളിലും ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിൽ കഴിയുന്നു.


57 പേരാണ്  നിലവിൽ മഞ്ചേരി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.  ഇതിൽ ഇടുക്കി, തൃശൂർ, തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ നിന്നുള്ള ഓരോ രോഗികളും ഒരു പൂനെ സ്വദേശിനിയും ഉൾപ്പെടും. രോഗബാധിതരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലയിൽ ഇതുവരെ 97 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 31 പേരാണ് രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയത്. ഏഴ് പേർ രോഗം ഭേദമായ ശേഷം തുടർ നിരീക്ഷണങ്ങൾക്കായി സ്റ്റെപ് ഡൗൺ ഐ.സി.യുവിൽ തുടരുകയാണ്. ജില്ലയിൽ ഇതുവരെ 3,684 പേർക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 378 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.
മഞ്ചേരി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മൂന്ന് വയസുകാരനുൾപ്പെടെ മൂന്ന് പേർ കൂടി രോഗമുക്തരായി. തിരൂർ ബി.പി. അങ്ങാടി സ്വദേശികളായ ദമ്പതികളുടെ മകൻ മൂന്ന് വയസുകാരൻ, ഇരിമ്പിളിയം മങ്കേരി സ്വദേശി 36 കാരൻ, കൂട്ടിലങ്ങാടി കീരംകുണ്ട് സ്വദേശി 23 കാരൻ എന്നിവരാണ് വിദഗ്ധ ചികിത്സക്കുശേഷം രോഗം ഭേദമായതെന്ന് ജില്ലാ കലക്ടറുടെ ചുമതയിലുള്ള എ.ഡി.എം. എൻ.എം. മെഹറലി അറിയിച്ചു. ഇവരെക്കൂടാതെ മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള പാലക്കാട് നെല്ലായ സ്വദേശിയായ 39 കാരനും രോഗമുക്തനായതായി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു.


മെയ് ഒമ്പതിന് കുവൈത്തിൽ നിന്ന് കൊച്ചി വഴി ജില്ലയിലെത്തിയ തിരൂർ ബി.പി. അങ്ങാടി സ്വദേശി ഗർഭിണിയായ 27 കാരിയുടെ മകനാണ് ഇന്നലെ രോഗമുക്തനായ മൂന്ന് വയസുകാരൻ. കുഞ്ഞിന്റെ മാതാവും രോഗബാധിതയായിരുന്നു. വിദഗ്ധ ചികിത്സക്കു ശേഷം രോഗം ഭേദമായ ഇവർ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ സ്റ്റെപ് ഡൗൺ ഐ.സി.യുവിൽ നിരീക്ഷണത്തിൽ തുടരുകയാണ്. ഇരിമ്പിളിയം മങ്കേരി സ്വദേശി മെയ് 12 ന് മാലി ദ്വീപിൽനിന്ന് എത്തിയതായിരുന്നു. മെയ് 23 ന് രോഗബാധ സ്ഥിരീകരിച്ചു. കൂട്ടിലങ്ങാടി കീരംകുണ്ട് സ്വദേശി മെയ് 12 ന് സിംഗപ്പൂരിൽനിന്ന് പ്രത്യേക വിമാനത്തിലെത്തിയതായിരുന്നു. മെയ് 23 നാണ് രോഗബാധ സ്ഥിരീകരിച്ച് ഇയാൾ ഐസൊലേഷനിലായത്. പാലക്കാട് നെല്ലായ സ്വദേശി മെയ് 13 നാണ് കുവൈത്തിൽ നിന്ന് പ്രത്യേക വിമാനത്തിൽ എത്തിയത്. പാലക്കാട് ജില്ലയിലേക്ക് പോകാതെ മലപ്പുറത്ത് പ്രത്യേക നിരീക്ഷണത്തിൽ തുടരുന്നതിനിടെ മെയ് 23 ന് രോഗബാധ സ്ഥിരീകരിച്ച് മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായി. ഇന്നലെ രോഗമുക്തരായവരെല്ലാം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്റ്റെപ് ഡൗൺ ഐ.സി.യുവിൽ തുടർ നിരീക്ഷണത്തിൽ കഴിയുകയാണ്.

Latest News