Sorry, you need to enable JavaScript to visit this website.

ഗാർഹിക തൊഴിലാളികൾക്ക് ഒമ്പതു വ്യവസ്ഥകൾ ബാധകം

റിയാദ് - മണിക്കൂർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഗാർഹിക തൊഴിലാളികൾ ജോലിക്കിടെയും ജോലിക്കു ശേഷവും ഒമ്പതു ആരോഗ്യ വ്യവസ്ഥകൾ പാലിക്കൽ നിർബന്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഗാർഹിക തൊഴിലാളികൾ വ്യക്തിശുചിത്വം പാലിക്കുകയും ജോലിക്കു മാത്രമായി പ്രത്യേക വസ്ത്രം നീക്കിവെക്കുകയും വേണം. ഈ വസ്ത്രങ്ങൾ ഉറങ്ങാനോ മറ്റു ജോലികൾക്കോ ഉപയോഗിക്കരുത്. 
ജോലി ആരംഭിക്കുന്നതിനു മുമ്പായി മാസ്‌കുകളോ മറ്റോ ഉപയോഗിച്ച് വായും മൂക്കും മൂടലും കൈകൾ വെള്ളവും സോപ്പും ഉപയോഗിച്ച് നാൽപതു സെക്കന്റിൽ കുറയാത്ത നേരം കഴുകലും നിർബന്ധമാണ്. സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുന്നില്ലെങ്കിൽ ഹാന്റ് സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കണം. ഗാർഹിക തൊഴിലാളികളെ ജോലിക്കു വെക്കുന്ന മാൻപവർ സപ്ലൈ കമ്പനികളായി പ്രവർത്തിക്കുന്ന റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളാണ് മാസ്‌കുകളും അണുനശീകരണികളും ലഭ്യമാക്കേണ്ടത്. 


ജോലി സ്ഥലങ്ങളിലേക്ക് തിരിക്കുന്നതിനു മുമ്പും ഇവിടങ്ങളിൽ നിന്ന് മടങ്ങിയ ശേഷവും ഗാർഹിക തൊഴിലാളികൾക്കുള്ള ബസുകൾ അണുവിമുക്തമാക്കൽ നിർബന്ധമാണ്. 
സൗദി സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആന്റ് കൺട്രോൾ പുറത്തിറക്കിയ ഗൈഡിന് അനുസൃതമായി തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ ആരോഗ്യ വ്യവസ്ഥകൾ നടപ്പാക്കുകയും വേണം. ഗാർഹിക തൊഴിലാളികളെ ജോലിക്കു വെക്കുന്ന മാൻപവർ സപ്ലൈ കമ്പനികൾ തൊഴിലാളികളുടെ ശരീര താപനില ദിനേന പരിശോധിക്കലും ചുമ, തുമ്മൽ പോലെയുള്ള മറ്റു രോഗലക്ഷണങ്ങളെ കുറിച്ച് അന്വേഷിക്കലും നിർബന്ധമാണ്. 


പ്രത്യേക രജിസ്റ്ററിൽ ഈ വിവരങ്ങൾ രേഖപ്പെടുത്തി സൂക്ഷിക്കണം. കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് ആവശ്യമുള്ളപ്പോൾ പരിശോധിക്കാൻ സാധിക്കുന്നതിന് ഓരോ തൊഴിലാളിയും ഓരോ ദിവസവും സന്ദർശിക്കുന്ന സ്ഥലങ്ങൾ, ഓരോ യാത്രയിലും ഇവരുടെ ഡ്രൈവർമാരുടെ പേരുവിവരങ്ങൾ എന്നിവയും പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തി സൂക്ഷിക്കൽ നിർബന്ധമാണ്.

 

Latest News