റോഹിങ്ക്യൻ അഭയാർഥികളെ ആട്ടിയോടിക്കാൻ മുളക് സ്‌പ്രേയും ഗ്രനേഡും; ബംഗ്ലാദേശ് അതിർത്തിയിൽ ഇന്ത്യ സുരക്ഷ ശക്തമാക്കി

ന്യൂഡൽഹി- റോഹിങ്ക്യ അഭയാർത്ഥികൾ രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയുന്നതിന് ഇന്ത്യ ബംഗ്ലാദേശിനോട് ചേർന്ന് കിടക്കുന്ന കിഴക്കൻ അതിർത്തികളിൽ സുരക്ഷ ശക്താമാക്കി. പഴുതുകൾ നിറഞ്ഞ ഈ അതിർത്തി മേഖലകളിലുടെ രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്ന മ്യാൻമറിൽ നിന്നുള്ള റോഹിങ്ക്യകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് അതിർത്തി രക്ഷാ സേനയോട് നിർദേശിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി മുളക് സ്‌പ്രേയും ഗ്രനേഡുകളും അതിർത്തി രക്ഷാ സേന ഉപയോഗിച്ചു വരുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.

'ഇന്ത്യൻ മണ്ണിൽ കാലുകുത്താൻ ഒരിക്കലും റോഹിങ്ക്യകളെ അനുവദിക്കില്ല. അവരെ തടയുന്നതിന്റ ഭാഗമായി അവർക്കു ഗുരുതുരമായി പരിക്കേൽപ്പിക്കുകയോ പിടികൂടുകയോ ചെയ്യില്ല,' ഒരു മുതിർന്ന ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്എഫ്) ഉദ്യോഗസ്ഥൻ പറഞ്ഞു. 'മുളക് സ്‌പ്രേ അടങ്ങിയ ഗ്രനേഡുകൾ ഉപയോഗിച്ചാണ് നൂറുകണക്കിന് റോഹിങ്ക്യകളെ ഇന്ത്യയുടെ അതിർത്തിയിൽ ഞങ്ങൾ തടയുന്നത്. ഇവിടെ സാഹചര്യങ്ങൾ സംഘർഷഭരിതമാണ്,' പേരു വെളിപ്പെടുത്താൻ തയാറാകാത്ത ഉദ്യോഗസ്ഥൻ പറയുന്നു.

മ്യാൻമറിലെ റാഖൈനിൽ സൈനികർ നടത്തുന്ന  ക്രൂരമായ അതിക്രമങ്ങൾ സഹിക്കവയ്യാതെ രാജ്യം വിട്ട 4.20 ലക്ഷം റോഹിങ്ക്യൻ മുസ്ലിംകളാണ് ബംഗ്ലാദേശിൽ അഭയം തേടിയെത്തിയിട്ടുള്ളത്. വംശീയ ഉന്മൂലനത്തിന്റെ മികച്ച ഉദഹാരണമെന്ന് യുഎൻ വിശേഷിപ്പിച്ച ഈ അതിക്രമങ്ങളിൽ ആയിരത്തോളം പേർ കൊല്ലപ്പെട്ടിട്ടുണ്ട്്. ജനസംഖ്യാ ആധിക്യം മൂലം പൊരുതി മുട്ടുന്ന ബംഗ്ലാദേശിൽ വൻതോതിൽ റോഹിങ്ക്യ അഭയാർത്ഥികൾ എത്തിയതോടെ അതിർത്ത് കടന്ന് അവർ ഇന്ത്യയിലേക്കും പ്രവേശിക്കുമോ എന്നാണ് ഇന്ത്യയുടെ ആശങ്ക. നിലവിൽ ഇന്ത്യയിലുള്ള 40,000 ഓളം റോഹിങ്ക്യ അഭയാർത്ഥികൾ സുരക്ഷാ ഭീഷണിയാണെന്നു പറഞ്ഞ് നാടുകടത്താനൊരുങ്ങുകയാണ് ഇന്ത്യ. 

അതിനിടെ ബംഗ്ലാദേശ് അതിർത്തി കടന്ന് ഇവിടെക്കു വരാൻ ശ്രമിക്കുന്ന റോഹിങ്ക്യകളെ തടയാൻ കർശന നപടികൾ സ്വീകരിക്കാൻ ആഭ്യന്തര മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. മുളക് സ്‌പ്രേയും സ്റ്റൺ ഗ്രനേഡുകളും ഉപയോഗിച്ച് റോഹിങ്ക്യകളെ ആട്ടിയോടിക്കാൻ തങ്ങൾ നിർദേശം ലഭിച്ചിട്ടുണ്ടെന്ന് പശ്ചിമ ബംഗാളിലെ അതിർത്തി മേഖലയിൽ ചുമതല വഹിക്കുന്ന ബിഎസ്എഫ് ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ആർ പി എസ് ജസ്വാൾ പറഞ്ഞു.
 

Latest News