Sorry, you need to enable JavaScript to visit this website.

കർഫ്യൂ ഇളവ്: കർശനമായ മുൻകരുതൽ, പ്രതിരോധ  പ്രോട്ടോകോളുകൾ അറിയാം

റിയാദ് - കർഫ്യൂ ഇളവുകളുടെ രണ്ടാം ഘട്ടം നിലവിൽ വരുന്ന ഇന്നു മുതൽ വ്യാപാര സ്ഥാപനങ്ങളിലും മസ്ജിദുകളിലും മറ്റു പ്രവർത്തന മേഖലകളിലും കൊറോണ വ്യാപനം തടയാൻ പാലിക്കേണ്ട മുൻകരുതൽ, പ്രതിരോധ നടപടികൾ അടങ്ങിയ വിശദമായ പ്രോട്ടോകോളുകൾ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. മസ്ജിദുകൾ, പൊതുമേഖല, പെട്രോൾ-പെട്രോകെമിക്കൽസ്-ഗ്യാസ്, വൈദ്യുതി, കോൺട്രാക്ടിംഗ്, ചില്ലറ-മൊത്ത വ്യാപാര സ്ഥാപനങ്ങൾ-ഷോപ്പിംഗ് മാളുകൾ-വ്യാപാര കേന്ദ്രങ്ങൾ, പച്ചക്കറി-കാലി-മത്സ്യ മാർക്കറ്റുകൾ, സാമൂഹിക അഭയ കേന്ദ്രങ്ങൾ, അഡ്മിനിസ്‌ട്രേറ്റീവ്-ഓഫീസ് ജോലികൾ, റസ്റ്റോറന്റുകൾ-കോഫി ഷോപ്പുകൾ, ഹോം ഡെലിവറി, മണിക്കൂർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഗാർഹിക തൊഴിലാളികൾ എന്നീ വിഭാഗങ്ങൾക്ക് ബാധകമായ പ്രതിരോധ, മുൻകരുതൽ നടപടികൾ അടങ്ങിയ പ്രത്യേകം പ്രോട്ടോകോളുകളാണ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിരിക്കുന്നത്. 


ആരോഗ്യ മന്ത്രാലയമാണ് ഓരോ മേഖലയിലും പാലിക്കേണ്ട മുൻകരുതൽ, പ്രതിരോധ നടപടികൾ അടങ്ങിയ പ്രോട്ടോകോളുകൾ തയാറാക്കിയത്. ഇന്നു മുതൽ ജൂൺ 20 വരെയുള്ള കാലയളവിൽ ഇത് പാലിക്കൽ നിർബന്ധമാണ്. ജോലി സ്ഥലത്ത് ഹാജരാകേണ്ടതില്ലാത്ത വിഭാഗങ്ങളെ പ്രോട്ടോകോളുകൾ നിർണയിക്കുന്നു. എല്ലാവരുടെയും ആരോഗ്യ സുരക്ഷ കാത്തുസൂക്ഷിക്കുന്നതിന് പ്രോട്ടോകോളുകൾ അനുസരിച്ച മുൻകരുതൽ, പ്രതിരോധ നടപടികൾ സൗദി പൗരന്മാരും വിദേശികളും ബന്ധപ്പെട്ട വകുപ്പുകളും സ്ഥാപനങ്ങളും പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. 


ചില്ലറ, മൊത്ത വ്യാപാര സ്ഥാപനങ്ങൾക്കും വ്യാപാര കേന്ദ്രങ്ങൾക്കും കർഫ്യൂ നിലവിലുള്ള സമയത്തും ഡെലിവറി ആപ്പുകളും സ്വന്തം വാഹനങ്ങളും ഉപയോഗിച്ച് ഡെലിവറി രീതിയിൽ പ്രവർത്തിക്കാൻ അനുമതിയുള്ളതായി പ്രോട്ടോകോൾ വ്യക്തമാക്കുന്നു. അർധരാത്രി പന്ത്രണ്ടു വരെയാണ് ഇത്തരം സ്ഥാപനങ്ങൾക്ക് ഡെലിവറി രീതിയിൽ പ്രവർത്തിക്കാൻ അനുമതിയുള്ളത്. സ്ഥാപനങ്ങളുടെ പ്രവേശന കവാടങ്ങളിൽ വെച്ച് ഉപയോക്താക്കളുടെ ശരീര താപനില പരിശോധിക്കണം. 38 ഡിഗ്രിയിൽ കൂടുതൽ ശരീര താപനിലയുള്ളവരെ സ്ഥാപനങ്ങളിൽ പ്രവേശിക്കാൻ അനുവദിക്കരുത്. മുഴുവൻ ഉപയോക്താക്കളെയും മാസ്‌കുകൾ ധരിക്കാൻ നിർബന്ധിക്കണമെന്നും പ്രവേശന കവാടങ്ങൾ, പുറത്തേക്കുള്ള വഴികൾ, എസ്‌കലേറ്ററുകൾ, ലിഫ്റ്റുകൾ, ടോയ്‌ലറ്റുകൾ പോലെ തിരക്കേറിയ സ്ഥലങ്ങളിൽ ഉപയോക്താക്കൾക്കിടയിൽ സുരക്ഷിത അകലം ഉറപ്പു വരുത്താൻ നിലത്ത് എളുപ്പത്തിൽ കാണുന്ന നിലക്ക് പോസ്റ്ററുകൾ പതിക്കണമെന്നും വ്യവസ്ഥയുണ്ട്. ഉൾവശത്തെ വിസ്തീർണത്തിൽ ഒമ്പതു ചതുരശ്ര മീറ്ററിന് ഒരാൾ എന്ന തോതിൽ ഉപയോക്താക്കളുടെ എണ്ണം നിശ്ചയിക്കുകയും സ്ഥാപനങ്ങൾക്കകത്തേക്ക് പ്രവേശനം നൽകാവുന്ന ഉപയോക്താക്കളുടെ എണ്ണം വ്യക്തമാക്കുന്ന ബോർഡുകൾ മുൻവശത്ത് സ്ഥാപിക്കുകയും വേണം. 


തിരക്കേറിയ സ്ഥലങ്ങളിൽ ജീവനക്കാർക്കിടയിലും ജീവനക്കാർക്കും ഉപയോക്താക്കൾക്കുമിടയിലും അകലം ഉറപ്പു വരുത്താൻ നിലത്ത് പോസ്റ്ററുകൾ പതിക്കണം. ജീവനക്കാരുടെ ശരീര താപനില എല്ലാ ദിവസവും പരിശോധിക്കണമെന്ന് വ്യവസ്ഥയുണ്ട്. 38 ഡിഗ്രിയിൽ കൂടുതൽ താപനിലയുള്ളവരെ സ്ഥാപനങ്ങളിൽ പ്രവേശിക്കാൻ അനുവദിക്കരുത്. കൊറോണബാധ അപകടകരമായി മാറുന്ന വിഭാഗങ്ങളിൽ പെട്ട ജീവനക്കാരെ ജോലി ചെയ്യാൻ അനുദിക്കരുത്. വീടുകളിൽ ഇരുന്ന് ജോലി ചെയ്യാൻ ഇവരെ നിർബന്ധിക്കണം. ജോലി സമയത്തു മുഴുവൻ ജീവനക്കാർ മാസ്‌കുകൾ ധരിക്കൽ നിർബന്ധമാണ്. സ്ഥാപനങ്ങൾക്കകത്ത് ഭക്ഷ്യവസ്തുക്കളുടെയും സൗന്ദര്യവർധക വസ്തുക്കളുടെയും മറ്റും സാമ്പിളുകൾ പരീക്ഷിച്ചുനോക്കലും വസ്ത്രങ്ങൾ ധരിച്ചുനോക്കലും വിലക്കിയിട്ടുണ്ട്. 


ജീവനക്കാരും ഉപയോക്താക്കളും സ്പർശിക്കുന്ന ഉപരിതലങ്ങൾ ദിവസത്തിൽ ചുരുങ്ങിയത് ഒരു തവണയെങ്കിലും അണുവിമുക്തമാക്കണം. ഷോപ്പിംഗ് ട്രോളികളും ബാസ്‌കറ്റുകളും ഓരോ തവണ ഉപയോഗിച്ചു കഴിഞ്ഞ ശേഷവും ഇതേ പോലെ അണവിമുക്തമാക്കൽ നിർബന്ധമാണ്. 
ടോയ്‌ലറ്റുകൾ അടക്കം എല്ലാ സ്ഥലങ്ങളിലും കൈകൾ അണുവിമുക്തമാക്കാൻ അണുനശീകരണികൾ സ്ഥാപിക്കണം. നമസ്‌കാര സ്ഥലങ്ങളും കുട്ടികളുടെ പ്ലേ ഏരിയകളും വസ്ത്രങ്ങളുടെ അളവ് പരിശോധിക്കുന്ന ഡ്രസിംഗ് റൂമുകളും അടച്ചിടണമെന്നും വ്യവസ്ഥയുണ്ട്.

 

Latest News