Sorry, you need to enable JavaScript to visit this website.
Saturday , July   11, 2020
Saturday , July   11, 2020

പുകവലി വിരുദ്ധ സമരത്തിന്റെ സാമൂഹിക പ്രസക്തി

ആധുനിക ലോകം അഭിമുഖീകരിക്കുന്ന അതിഗുരുതരമായ നിരവധി സാമ്പത്തിക സാമൂഹിക സാംസ്‌കാരിക ആരോഗ്യപരമായ  പ്രശ്‌നങ്ങൾക്ക് പുകവലി നേരിട്ടോ അല്ലാതെയോ കാരണമാകുന്നുണ്ട്.  വ്യക്തി തലത്തിലും കുടുംബ തലത്തിലും  പുകവലി സൃഷ്ടിക്കുന്ന ദുരന്തങ്ങൾ ശാസ്ത്രീയമായി തന്നെ തെളിയിക്കപ്പെട്ടതാണെങ്കിലും പുകവലി വിരുദ്ധ സമരത്തിന്റെ സാമൂഹ്യ പ്രസക്തി പ്രായോഗിക തലത്തിൽ സമൂഹം ഇനിയും തിരിച്ചറിഞ്ഞിട്ടില്ല എന്നതാണ് യാഥാർഥ്യം.  
പുകയില ഉപഭോഗത്തിന്റെ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് ബോധവൽക്കരിക്കാനും ഉപഭോഗം കുറക്കുന്നതിനാവശ്യമായ കൂട്ടായ നടപടിക്കാഹ്വാനം ചെയ്തുകൊണ്ടുമാണ് കഴിഞ്ഞ കാൽ നൂറ്റാണ്ടിലേറെ കാലമായി ലോകാരോഗ്യ സംഘടന മെയ് 31 ലോക പുകവലി വിരുദ്ധ ദിനമായി ആചരിക്കുന്നത്. ലോകത്ത് നടക്കുന്ന പത്തു ശതമാനം മരണങ്ങൾക്കും നേരിട്ടു കാരണമായ പുകവലിയും ടുബാകോ ഉൽപന്നങ്ങളുടെ ഉപഭോഗവും 80 ലക്ഷത്തിലേറെ മനുഷ്യ ജീവനുകളാണ് വർഷം തോറും അപഹരിക്കുന്നത്. ഇതിൽ 10 ലക്ഷം പേരെങ്കിലും നിരപരാധികളായ സെക്കന്റ് ഹാന്റ് സ്‌മോക്കിംഗിന് വിധേയരാകുന്നവരാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മാത്രമല്ല, ലോകത്തുള്ള നോൺ കമ്മ്യൂണിക്കബിൾ ഡിസീസുകളിൽ 63 ശതമാനം റിസ്‌ക് ഫാക്ടറുകൾ ടുബാകോ ഉൽപന്നങ്ങളുടെ ഉപഭോഗമാണെന്നതും വളരെ ഗൗരവമുള്ളതാണ്. 
പുകവലി ഹൃദയത്തെ തകർക്കുന്നു. പ്രതിവർഷം 30 ലക്ഷം ഹൃദ്രോഗ സംബന്ധമായ മരണങ്ങൾക്ക് പുകവലി കാരണമാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ പഠനങ്ങൾ സൂചിപ്പിക്കുന്നത്. 
മാനവ രാശിയെ കാർന്നുനിന്ന പുകവലിയും ടുബാകോ ഉൽപന്നങ്ങളും സൃഷ്ടിക്കുന്ന അത്യന്തം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളും സാമൂഹ്യ പാരിസ്ഥിതിക, സാമ്പത്തിക പ്രശ്‌നങ്ങളും അനാവരണം ചെയ്യുന്ന പുകവലി വിരുദ്ധ സമരം കാലഘട്ടത്തിന്റെ അനിവാര്യതയായി മാറിയിരിക്കുന്നു. മത, രാഷ്ടീയ നേതൃത്വങ്ങളും സാമൂഹ്യ കൂട്ടായ്മകളും കൈകോർത്തുകൊണ്ടുള്ള പുകവലി വിരുദ്ധ സമരം വലിയ മാറ്റത്തിന് കാരണമായേക്കും. 
പുകവലി കാരണമായുണ്ടാകുന്ന വിവിധ രോഗങ്ങളുടെ ചികിൽസക്കും മറ്റുമായി കോടിക്കണക്കിന് രൂപയാണ് ചെലവഴിക്കപ്പെടുന്നത്. ഈ ദുഃസ്വഭാവത്തിനെതിരെ പൊതുജനാഭിപ്രായം രൂപീകരിക്കാനും പുകവലി നിർത്താനാഗ്രഹിക്കുന്നവർക്കാവശ്യമായ സഹായ സഹകരണങ്ങൾ ചെയ്തുകൊടുക്കാനും കൂട്ടായ പരിശ്രമങ്ങൾ ആവശ്യമാണ്. ഏതൊരു സാമൂഹ്യ തിൻമയുടെ നിർമാർജനത്തിലും സന്നദ്ധ പ്രവർത്തനങ്ങൾക്കും സേവനങ്ങൾക്കും വലിയ പങ്ക് വഹിക്കാനുണ്ട്. സമൂഹ ഗാത്രത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന പുകവലി അവസാനിപ്പിക്കുന്നതിലും ഗവൺമെന്റ് തലത്തിലുള്ള എല്ലാ നിയമപരമായ സഹായങ്ങളോടുമൊപ്പം സമൂഹത്തിന്റെ കൂട്ടായ്മക്ക് വമ്പിച്ച സ്വാധീനം ചെലുത്താൻ കഴിയും. 
പുകവലിയുടെ ദോഷത്തെക്കുറിച്ച തിരിച്ചറിവ് നമ്മുടെ സമൂഹത്തിൽ നിന്നും പുകവലി തുടച്ചുനീക്കുക എന്ന സാമൂഹ്യ പ്രതിബദ്ധതക്കാണ് ശക്തി പകരേണ്ടത്. പക്ഷേ പ്രതീക്ഷിക്കുന്ന തരത്തിലുള്ള ഒരു സാമൂഹ്യ കൂട്ടായ്മ പുകവലിക്കെതിരെ ഇനിയും രൂപീകരിക്കപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ പുകയില ഉൽപന്നങ്ങൾ പരസ്യമായി വിപണനം ചെയ്യപ്പെടുകയും പുകവലി സംസ്‌കാരം ഇളം തലമുറയെപ്പോലും നശിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. 
പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് ഏതൊരു കൊച്ചുകുട്ടിക്കും അറിയാം. ചെറുപ്പം മുതലേ നിയമപരമായ ഈ മുന്നറിയിപ്പ് നമ്മളൊക്കെ വസ്തുത അറിഞ്ഞോ അറിയാതെയോ വായിച്ചു പോവുകയോ കേൾക്കുകയോ ചെയ്തിട്ടുണ്ട്. എന്നെ ഉപയോഗിക്കുന്നത് അപകടകരമാണ് എന്ന് പരസ്യമായി എഴുതിവെച്ച് പൊതുമാർക്കറ്റിൽ നിയമ വിധേയമായി വിപണനം ചെയ്യപ്പെടുന്ന ഏക വസ്തു പുകയില ഉൽപന്നങ്ങളായിരിക്കുമെന്നാണ് തോന്നുന്നത്. ഈ സാമൂഹ്യ തിൻമക്കെതിരെ ജനം ഒറ്റക്കെട്ടായി രംഗത്തിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. 
പുകവലി ഒരു സാമൂഹ്യ തിൻമയായി  സമൂഹം ഇനിയും മനസ്സിലാക്കാത്തതാണ് മിക്കവാറും എല്ലാ പ്രശ്‌നങ്ങളുടെയും മൂലകാരണമെന്ന് തോന്നുന്നു. അതുകൊണ്ടാണ് പരസ്യമായി പുകവലിക്കാനും ചുറ്റുപാടുമുള്ളവരെ ഒട്ടും പരിഗണിക്കാതെ പുകച്ചുരുളുകൾ ഊതിവാടാനും പലരും ധൈര്യപ്പെടുന്നത്. ഓഫീസുകളിലും മാർക്കറ്റിലും പൊതുസ്ഥലത്തുമൊക്കെ ഇതൊരു ശല്യമായി മാറിയിരിക്കുന്നു. മിക്ക ഓഫീസുകളിലും മേശപ്പുറത്ത് പ്രത്യേകമായി ആഷ് ട്രേകൾ തന്നെയുണ്ട്. ഈ രീതി മാറ്റാത്തിടത്തോളം കാലം ഓഫീസിലും വീട്ടിലും പൊതു സ്ഥലങ്ങളിലുമൊക്കെ പുകവലി ഒരു ഒഴിയാബാധയായി തുടരുക തന്നെ ചെയ്യും. പുകവലി ഒരു സാമൂഹ്യ തിൻമയായി മനസ്സിലാക്കപ്പെടുകയും സമൂഹത്തിന്റെ സമീപനത്തിൽ മാറ്റമുണ്ടാവുകയും ചെയ്യലാണ് ഏറ്റവും പ്രധാനം. വർഷം തോറും പുകവലി മൂലമുണ്ടാകുന്ന രോഗങ്ങളുടെ ചികിൽസക്കും മറ്റുമായി ചെലവഴിക്കുന്ന കോടിക്കണക്കിന് രൂപയും അധ്വാനവും ഉൽപാദനപരമായ മാർഗത്തിൽ വിനിയോഗിക്കാൻ സാധിച്ചാൽ  ലോകത്ത് പട്ടിണി, പകർച്ചവ്യാധികൾ, തൊഴിലില്ലായ്മ തുടങ്ങി ഒട്ടനവധി പ്രശ്‌നങ്ങൾ പരിഹരിക്കാൻ സഹായകമായേക്കും. 
സിഗററ്റ് ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കാൻ വ്യാപാരികളെ പ്രോൽസാഹിപ്പിക്കുകയാണ് പുകവലി വിരുദ്ധ സമരത്തിന്റെ മറ്റൊരു പ്രധാന വശം. സമൂഹത്തിന് തിന്മ മാത്രം സമ്മാനിക്കുന്ന ഈ ബിസിനസിൽ നിന്നും കിട്ടുന്ന ലാഭം വേണ്ടെന്നുവെക്കാൻ കച്ചടവടക്കാർ സന്നദ്ധമായാൽ പുകയില ഉൽപന്നങ്ങളുടെ ലഭ്യത ഗണ്യമായി കുറക്കാൻ കഴിയും.  അതു പോലെ തന്നെ നികുതി കുത്തനെ ഉയർത്തി വില വർധനയുണ്ടാക്കുന്നതും നല്ലതാണ്.
പുകവലി വ്യക്തിക്കും സമൂഹത്തിനുമുണ്ടാക്കുന്ന ദൂഷ്യങ്ങളുടെ ഭീകരത ബോധ്യപ്പെടുന്ന ഓരോ വ്യക്തിയും ഓരോരുത്തരെ പുകവലിയിൽ നിന്ന് പിന്തിരിപ്പിച്ചാൽ ലോകത്തെ പുകവലിക്കാരുടെ എണ്ണം ഗണ്യമായി കുറയുമെന്നതിൽ രണ്ട് പക്ഷമുണ്ടാകാനിടയില്ല. എല്ലാവർക്കും ഓരോരുത്തരെ പിന്തിരിപ്പിക്കാനായില്ലെങ്കിൽ പോലും ആശാവഹമായ മാറ്റമാണ് പുകവലി വിരുദ്ധ കൂട്ടായ്മ സമ്മാനിക്കുക. 
 ഗൾഫിൽ ഹൃദ്രോഗങ്ങൾ കാരണം മലയാളികൾ മരണപ്പെടുന്ന വാർത്തകൾ ദിനേനയെന്നോണം നാം കേൾക്കുന്നുണ്ട്. കലോറി കൂടിയ ഭക്ഷണം അമിതമായി കഴിക്കുന്നതും ശാരീരികാധ്വാനത്തിന്റെ അഭാവവും പുകവലിയുമാണ് ഗൾഫിലെ വർധിച്ചുവരുന്ന ഹൃദ്രോഗങ്ങൾക്ക് കാരണമായി പറയപ്പെടുന്നത്. ഭക്ഷണക്രമം മാറ്റിയെടുക്കുകയും ലളിതമായ വ്യായാമ മുറകൾ പതിവാക്കുകയും പുകവലി ഉപേക്ഷിക്കുകയും ചെയ്താൽ ഒരു പരിധി വരെ ഇത് നിയന്ത്രിക്കാനാകുമെന്നാണ് ആരോഗ്യ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്. 
 പുകവലിയുടെ ദൂഷ്യങ്ങൾ നേരിട്ടോ അല്ലാതെയോ സഹിക്കുന്നവർ എന്ന നിലയിൽ  പുകവലി വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുക, നമ്മുടെ സുഹൃത്തുക്കളുടെ പുകവലി അവസാനിപ്പിക്കാനാവശ്യമായ സഹായങ്ങൾ ചെയ്തുകൊടുക്കുക എന്നിവയാണ് ഈ രംഗത്ത് നമുക്ക് ചെയ്യാൻ കഴിയുന്ന  ഒരു  വലിയ സേവനം.  നമുക്ക് ചുറ്റും ഈ തിൻമ പടരുന്നതും കണ്ട് കൈയും കെട്ടി നോക്കി നിന്നാൽ നമ്മെയും നമ്മുടെ ചുറ്റുപാടിനെയും പോലും പുകവലി അപകടപ്പെടുത്തുമെന്ന് തിരിച്ചറിയാൻ ഇനിയും വൈകിക്കൂടാ. പുകവലി ഒരു തരം പകർച്ചവ്യാധിയാണ്. നമ്മളറിയാതെ അത് നമ്മെ കീഴ്‌പ്പെടുത്താൻ ശ്രമിക്കുന്നു, പ്രത്യേകിച്ചും നാം അതിന്റെ ദോഷവശങ്ങളെക്കുറിച്ച് ബോധവാന്മാരല്ലെങ്കിൽ. മാത്രമല്ല ഒരിക്കൽ അടിപ്പെട്ട് കഴിഞ്ഞാൽ അതിൽനിന്നു മോചനം നേടൽ ശ്രമകരമായ ജോലിയാണ്. അതുകൊണ്ട് നമ്മുടെ ചുണ്ടുകളിൽ നിന്ന് പുകച്ചുരുളകൾ പൊങ്ങാതെ നോക്കുകയാണ് ഏറ്റവും പ്രധാനമായിട്ടുള്ളത്. 

Latest News