പ്രബുദ്ധരെന്നും നമ്പർ വൺ എന്നുമൊക്കെ സ്വയം വിശേഷിപ്പിച്ച് നിർവൃതി കൊള്ളുന്നവരാണല്ലോ മലയാളികൾ. എന്നാൽ ആ വിശേഷണങ്ങൾ യാഥാർഥിൽ നിന്ന് എത്രയോ അകലെയാണെന്ന് വ്യക്തമാക്കുന്ന സംഭവങ്ങളാണ് ഇവിടെ നിരന്തരം ആവർത്തിക്കുന്നത്. അടുത്ത ദിവസങ്ങൡ നടന്ന മൂന്നു സംഭവങ്ങൾ തന്നെ മലയാളിയുടെ കാപട്യത്തിന്റെ ഉദാഹരണങ്ങളായി ചൂണ്ടിക്കാണിക്കാം. മുഖ്യധാരാ കേരളം എന്നു വിശേഷിക്കപ്പെടുന്നവർ സമൂഹത്തിന്റെ ഓരങ്ങളിലേക്ക് ആട്ടിപ്പായിക്കപ്പെടുന്നവരോടെടുക്കുന്ന നിലപാടുകൾ വ്യക്തമാക്കുന്ന സംഭവങ്ങളാണ് ഉദ്ദേശിക്കുന്നത്. ഉത്ര എന്ന പെൺകുട്ടിയുടെ വധം, ആതിര എന്ന പെൺകുട്ടിയുടെ കൊലയാളികളെ കോടതി വെറുതെ വിട്ടത്, അഞ്ജന ഹരീഷിന്റെ ആത്മഹത്യ. ഇവയിലെല്ലാം പൊതുവായി കാണുന്ന ചില സ്വഭാവങ്ങളുണ്ട്്. അതേക്കുറിച്ചാണ് ഈ കുറിപ്പ്.
സാമൂഹ്യ ജീവിതത്തിന്റെ പല മേഖലകളിലും കേരളം നേടിയ പല നേട്ടങ്ങളെയും കുറിച്ച് നാം വാചാലരാകാറുണ്ട്. ഒപ്പം അതിന്റെ അവകാശമാർക്കാണെന്നതിനെ കുറിച്ചും ചർച്ച ചെയ്യാറുണ്ട്. ഇത്തരം ചർച്ചകളിൽ പൊതുവിൽ ഉയർന്നു വരാറുള്ള പല പേരുകളുമുണ്ട്. നവോത്ഥാന പ്രസ്ഥാനം, ദേശീയ പ്രസ്ഥാനം, മിഷനറിമാർ, കമ്യൂണിസ്റ്റ് പ്രസ്ഥാനം എന്നിങ്ങനെ പോകുന്നു ഈ പട്ടിക. സമീപകാലത്ത് ഈ ലിസ്റ്റിൽ തിരുവിതാംകൂർ രാജാവും വന്നിട്ടുണ്ട്. അതെന്തോ ആകട്ടെ. നവകേരള സൃഷ്ടിയിൽ പങ്കുണ്ടെന്നു കരുതപ്പെടുന്ന ഇവരൊന്നും തൊടാത്ത ചില മേഖലകളുണ്ട്. അതിലൊന്നാണ് കുടുംബം. എല്ലാ മേഖലകളിലുമുള്ള ജനാധിപത്യവൽക്കരണത്തെ കുറിച്ചു ഘോരഘോരം പ്രസംഗിക്കുമ്പോഴും കുടുംബത്തെ ജനാധിപത്യവൽക്കരിക്കാൻ ഇവരാരും കാര്യമായി ശ്രമിച്ചിട്ടില്ല. അതിനാൽ തന്നെ കുടുംബമെന്നത് പുരുഷധിപത്യത്തിന്റെയും ജാത്യാധിപത്യത്തിന്റെയും പ്രതീകമായി തുടർന്നു. സാമൂഹ്യ ജീവിതത്തിൽ ഒഴിവാക്കിയെന്ന് പലരും അവകാശപ്പെടുന്ന മൂല്യങ്ങളെല്ലാം കുടുംബത്തിനകത്ത് തുടർന്നു പോരുന്നു. ഇപ്പോഴുമങ്ങനെ തുടരുന്നു. ഇടക്കാലത്ത് ചില ഫെമിനിസ്റ്റ് ഗ്രൂപ്പുകളാണ് ഈ വിഷയം അൽപമെങ്കിലും ഉന്നയിക്കാൻ ശ്രമിച്ചത്. എന്നാലതൊന്നും കാര്യമായി മുന്നോട്ടു പോയില്ല ന്നെതാണ് വസ്തുത.
കൊല്ലത്ത് അഞ്ചലിൽ ഇരുപത്തിയഞ്ചുകാരിയായ ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊന്ന സംഭവം നോക്കാം. കൊലപാതകത്തിന്റെ രീതിയെ കുറിച്ചുള്ള ചർച്ചകളൊക്കെ നടക്കട്ടെ. എന്നാലീ സംഭവത്തിലെ യഥാർത്ഥ വില്ലൻ സ്ത്രീധനമാണല്ലോ. ലിംഗനീതിയെ കുറിച്ചും സ്ത്രീനീതിയെ കുറിച്ചുമൊക്കെ ഘോരഘോരം വാചകമടിക്കുന്നവരാണല്ലോ നമ്മൾ. എന്നാൽ സ്ത്രീധനത്തിലും നമ്മൾ വളരെ മുന്നിലെന്നാണ് കണക്കുകൾ പറയുന്നത്. ''ഞങ്ങൾ സ്ത്രീധനം എത്ര വേണമെന്ന് പറയുന്നില്ല, എന്താണെന്നു വെച്ചാൽ തന്നാൽ മതി, തറവാട്ടു മഹിമക്കനുസരിച്ചു തന്നാൽ മതി, എന്തായാലും മോശമാവില്ല എന്നറിയാം'' എന്നിങ്ങനെയുള്ള സംഭാഷണങ്ങൾ വിവാഹ മാർക്കറ്റിൽ നിരന്തരം കേൾക്കുന്നതാണല്ലോ. കണക്കു കൃത്യമായി പറഞ്ഞഴ കൊടുക്കുന്നതാണ് ഒരർത്ഥത്തിൽ ഇതിനേക്കാൾ ഭേദം. അപ്പോഴത് യഥാർത്ഥ കച്ചവടമാകും. എങ്കിൽ കച്ചവടത്തിലെ മിനിമം മര്യാദയെങ്കിലുമുണ്ടാകും. ഇവിടെ അതു പോലുമില്ല. സ്വർഇത്തിന്റെയും ആഡംബര കാറിന്റെയും മറ്റും രൂപത്തിലാണല്ലോ നമ്മുടെ സ്ത്രീധനം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണക്കച്ചവടം നടക്കുന്നത് കേരളത്തിലാകാനും പ്രധാന വ്യാപാരികൾ മലയാളികളാകാനുമുള്ള കാരണം ഇതല്ലാതെ മറ്റെന്താണ്? അറവുശാലയിൽ മാടുകളെ വിൽക്കുന്നതു പോലെ നമ്മുടെ മിക്ക വിവാഹങ്ങളേക്കാൾ അന്തസ്സുള്ളതാണ്. വിവാഹ ശേഷം വലിയൊരു വിഭാഗം പെൺകുട്ടികളും നേരിടുന്ന സംഭവങ്ങൾ തന്നെയാണ് ഉത്രയും ഭർതൃഗൃഹത്തിൽ നേരിട്ടത് എന്നുറപ്പ്. കുടുംബത്തിന്റെ അന്തസ്സും വിാഹത്തിന്റെ പവിത്രതയും സംരക്ഷിക്കാനെന്ന പേരിൽ നമ്മുടെ പെൺകുട്ടികൾ വലിയൊരു ഭാഗവും സ്വയം എരിഞ്ഞടുങ്ങുകയാണ്. ഇടക്ക് ഇത്തരം സംഭവങ്ങളുണ്ടാകുമ്പോൾ ചില ചർച്ചകളൊക്കെ നടക്കും. പിന്നീടെല്ലാം പതിവുപടി. ഇക്കാര്യത്തിൽ കക്ഷിരാഷ്ട്രീയ - ജാതിമത ഭേദങ്ങളൊന്നുമില്ല. അക്കാര്യത്തിൽ മലയാളി ഒന്നാണ്.
ആതിരയിലേക്കു വരാം. ദുരഭിമാന കൊലകളുടെ പേരിൽ മറ്റു സംസ്ഥാനങ്ങളെ നിരന്തരം ആക്ഷേപിക്കുന്നവരാണല്ലോ നമ്മൾ. എന്നാൽ ഘോരഘോരം നടത്തുന്ന പ്രസംഗങ്ങളിലൊഴികെ ജാതി ഉപേക്ഷിക്കാൻ എത്ര മലയാളികൾ തയാറായിട്ടുണ്ട്? നമ്മുടെ കുടുംബത്തിന്റെ അടിത്തറ ഇപ്പോഴും ജാതിയല്ലാതെ മറ്റെന്താണ്? ദളിതരെയും ആദിവാസികളെയും ഒഴിവാക്കി മിശ്രവിവാഹം നടത്താനാഗ്രഹിക്കുന്നവരുടെയും സ്വജാതി വിവാഹ ബ്യൂറോകളുടെയും നാട്ടിലിരുന്നാണ് നമ്മൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ജാതിവെറിയെ കളിയാക്കാറുള്ളത്. പിന്നീടിതാ അതേ ദുരഭിമാന കൊലകൾ തന്നെ കേരളത്തിലും അരങ്ങേറി. അതിന്റെ ഇരയായിരുന്നു ദളിത് യുവാവിനെ വിവാഹം കഴിച്ചതിന് സ്വന്തം പിതാവിനാൽ കൊല ചെയ്യപ്പെട്ട ആതിര. വാസ്തവത്തിൽ ആതിരയുടേത് ദുരഭിമാന കൊലയല്ല. ജാതി കൊല തന്നെയാണ്. സ്വന്തം മകൾക്കെതിരെയല്ല, വാസ്തവത്തിൽ അവൾ വിവാഹം കഴിച്ച യുവാവടങ്ങിയ ദളിത് സമുദായത്തിനു നേരെയാണ് അയാൾ വെട്ടുകത്തി വീശിയത്. ഏറെ ചർച്ച ചെയ്യപ്പെട്ട ഈ സംഭവത്തിന്റെ ക്ലൈമാക്‌സോ? ആതിരയുടെ അമ്മയും സഹോദരനും - അതായത് കൊലയാളിയുടെ ഭാര്യയും മകനും - കോടതിയിൽ കൂറുമാറി. കുടുംബത്തെ സംരക്ഷിക്കാൻ. അങ്ങനെ തെളിവില്ലാത്തിന്റെ പേരിൽ ഈ ജാതിക്കൊലയും കുറ്റവിമുക്തമായി. പ്രബുദ്ധ കേരളത്തിന്റെ യഥാർത്ഥ ചിത്രം. അഞ്ജന ഹരീഷിന്റെ ആത്മഹത്യ ലൈംഗിക ന്യൂനപക്ഷ വിഭാഗങ്ങൾ കേരളത്തിൽ നേരിടുന്ന ഭയാനകമായ പീഡനങ്ങളുടെ പ്രതികരണമാണ്. അതും പ്രധാനമായും ബന്ധപ്പെട്ടു കിടക്കുന്നത് ''കുടുംബ മാഹാത്മ്യ''ത്തോടു തന്നെ. വ്യത്യസ്തയാണെന്നതിന്റെ പേരിൽ സ്വന്തം വീട്ടിൽ അഞ്ജന നേരിട്ട പീഡനങ്ങൾ ഏറെ വാർത്തയായിരുന്നു. ഏതോ പീഡന കേന്ദ്രത്തിൽ അവർ ഭീകരമായി പീഡിപ്പിക്കപ്പെട്ടിരുന്നു. പിന്നീട് വീട്ടുകാരോടൊപ്പം പോകാനിഷ്ടമില്ല എന്ന അവരുടെ മൊഴി കോടതി അംഗീകരിക്കുകയായിരുന്നു. എന്നാൽ ലൈംഗിക ന്യൂനപക്ഷങ്ങളെ ഇന്നും അംഗീകരിക്കാത്ത ഒരു സമൂഹത്തിൽ ജീവിക്കുക അവർക്ക് സാധ്യമായിരുന്നില്ല. അതിന്റെ തുടർച്ചയായിരുന്നു ആ ആത്മഹത്യ. എന്നാൽ ജനാധിപത്യ വിരുദ്ധമായ കുടുംബ സംവിധാനത്തിനെതിരെ ഉയർന്നുവരേണ്ട നൈതിക ബോധത്തെ വഴിതിരിച്ചു വിടാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതിന്റെ പേരിൽ ക്വിയർ ബഹുജൻ മുസ്‌ലിം ഫെമിനിസ്റ്റ് വിഭാഗങ്ങളുടെ ജനാധിപത്യാവകാശങ്ങൾക്കായുള്ള പോരാട്ടങ്ങളെ തകർക്കാനുള്ള സംഘടിത ശ്രമങ്ങളാണ് നടക്കുന്നത്. അക്കാര്യത്തിൽ സംഘപരിവാർ ശക്തികളും മുഖ്യധാരാ ഇടതുപക്ഷവും കോർക്കുന്ന കാഴ്ചയും കാണുന്നു.
ചുരുക്കത്തിൽ പുരുഷാധിപത്യത്തിന്റെയും ജാത്യാഭിമാനത്തിന്റെയും പ്രതീകവും ജനാധിപത്യ വിരുദ്ധവുമായ കുടുംബ സംവിധാനത്തെ മഹത്വവൽക്കരിക്കുകയും ദളിതരുടയും സ്ത്രീകളുടെയും ലൈംഗിക ന്യൂനപക്ഷങ്ങളുടെയും മനുഷ്യരായി ജീവിക്കാനുള്ള അവകാശത്തെ പോലും ഹനിക്കുകയും ചെയ്യുന്ന മൂല്യങ്ങളുയർത്തിപിടിച്ചാണ് മലയാളികൾ സ്വയം പ്രബുദ്ധരെന്ന് ഊറ്റം കൊള്ളുന്നത്. ആ ഊറ്റത്തിനു നേരെ ഉയരുന്ന ചൂണ്ടുവിരലുകളാണ് ഉത്രയുടെയും ആതിരയുടെയും അഞ്ജനയുടെയും അങ്ങനെയുള്ള നിരവധി പേരുടെയും സ്ഥാപനവൽക്കൃത കൊലപാതകങ്ങൾ. വരുംകാലങ്ങളിൽ ആ ചൂണ്ടുവിരലുകളുയർത്തുന്ന ചോദ്യങ്ങൾക്ക് മലയാളി മറുപടി പറയേണ്ടിവരും.






