സൗദിയില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ 1000 റിയാല്‍ പിഴ, കോവിഡ് രോഗികളില്‍ 70 ശതമാനം പേരും മുക്തരായി- ആരോഗ്യമന്ത്രി

റിയാദ്- കോവിഡ് ബാധിച്ചവരില്‍ 70 പേരും രോഗമുക്തരായി എന്നും ജി 20 രാജ്യങ്ങളില്‍ ഏറ്റവും കുറഞ്ഞ മരണ നിരക്കുള്ളത് സൗദിയിലാണെന്നും ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ വ്യക്തമാക്കി. അല്‍അറബിയ ചാനലുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രാലയം പ്രഖ്യാപിച്ച മുന്‍കരുതല്‍ നടപടികള്‍ എല്ലാവരും പാലിക്കണമെന്നും ഇല്ലെങ്കില്‍ നമുക്ക് മുന്നോട്ട് സഞ്ചരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സൗദി വിദഗ്ധര്‍ തയ്യറാക്കിയ പ്രൊട്ടോകോളുകള്‍ നാം പിന്തുടരണം. കൃത്യമായ ഇടവേളകളില്‍ അവയില്‍ മാറ്റം വരുത്തിക്കൊണ്ടിരിക്കുന്നു. കോവിഡിന് വാക്‌സിന്‍ ലഭിക്കുകയാണെങ്കില്‍ ആദ്യം അത് കൈവശപ്പെടുത്തുന്ന രാജ്യങ്ങളിലൊന്നായിരിക്കും സൗദി. കോവിഡിനെ പ്രതിരോധിക്കാനുള്ള ശേഷി സൗദിക്കുണ്ട്. ഈ പ്രതിസന്ധിയെ നാം സുരക്ഷിതമായി അതിജീവിക്കും. അതിനാല്‍ എല്ലാവരും ആരോഗ്യവകുപ്പിന്റെ സുരക്ഷാകരുതലുകള്‍ പാലിക്കണം. അദ്ദേഹം പറഞ്ഞു.
അതേസമയം മാസ്‌ക് ധരിക്കാതിരിക്കുക, സാമൂഹിക അകലം പാലിക്കാതിരിക്കുക, സ്വകാര്യ, പൊതുമേഖല സ്ഥാപനങ്ങളില്‍ പോകുമ്പോള്‍ ശരീരോഷ്മാവ് പരിശോധിക്കാന്‍ അനുവദിക്കാതിരിക്കുക, 38 ഡിഗ്രിയില്‍ ശരീരോഷ്മാവ് വര്‍ധിക്കുമ്പോള്‍ നിര്‍ദേശിച്ച നടപടികള്‍ പാലിക്കാതിരിക്കുക എന്നീ നിയമലംഘനങ്ങള്‍ക്ക് 1000 റിയാല്‍ പിഴ നല്‍കേണ്ടിവരും. ലംഘനം തുടര്‍ന്നാല്‍ ഇരട്ടിക്കുകയും ചെയ്യും. ആഭ്യന്തരമന്ത്രാലയ വക്താവ് പറഞ്ഞു.

Latest News