Sorry, you need to enable JavaScript to visit this website.

ഇന്ത്യയുടെ പേര് ഭാരതമാക്കണം; ഹാര്‍പിക് കണ്ണിലൊഴിച്ച് ട്വിറ്ററില്‍ പരിഹാസം

ന്യൂദല്‍ഹി- കുടിയേറ്റ തൊഴിലാളി പ്രശ്‌നത്തിലും രാഷ്ടീയ തടവുകാരുടെ പ്രശ്‌നത്തിലും തീര്‍പ്പ് മാറ്റിവെച്ച സുപ്രീം കോടതി ഇന്ത്യയുടെ പേര് ഭാരതമാക്കി മാറ്റണമെന്ന് ആവശ്യപ്പെടുന്ന ഹരജി പരിഗണിക്കുന്നതില്‍ ട്വിറ്ററില്‍ രൂക്ഷമായ എതിര്‍പ്പും പരിഹാസവും.

കോവിഡ് മഹാമാരിയും കുടിയേറ്റ തൊഴിലാളി പ്രശ്‌നവും നിലനില്‍ക്കെ സുപ്രീം കോടതിയുട മുന്‍ഗണനാ വിഷയങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ചോദ്യം ചെയ്യുന്നത്. രാജ്യത്തിന്റെ പേര് ഭാരതമാക്കി മാറ്റാനാണോ സുപ്രീം കോടതിക്ക് ധൃതിയെന്ന ചോദ്യം ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

പേരു മാറ്റുന്നതിന് ഭരണഘടന ഭേദഗതി ചെയ്യണമെന്ന ഹരജി ചൊവ്വാഴ്ചയാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. ഇന്ത്യയുടെ പേര് ഭാരതമെന്നോ ഹിന്ദുസ്ഥാനെന്നോ മാറ്റുന്നതിനായി ഭരണഘടന ഭേദഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്നാണ് ഹരജി. സ്വന്തം ദേശത്തെ കുറിച്ചുള്ള അഭിമാനമുയര്‍ത്താന്‍ ഇതു വഴി സാധിക്കുമെന്നും ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നു.

വെള്ളിയാഴ്ച ഹരജി പരിഗണിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും ജൂണ്‍ രണ്ടിന് പരിഗണിക്കുമെന്നാണ് ഇപ്പോള്‍ സുപ്രീം കോടതി വെബ്‌സൈറ്റിലുള്ളത്. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്്‌ഡെ മുമ്പാകെയാണ് ഹരജി പരിഗണനക്കു വരുന്നത്.

ഹാര്‍പിക് കണ്ണിലുറ്റിക്കുന്നതടക്കമുള്ള ചിത്രങ്ങളും പരിഹാസങ്ങളും വിമര്‍ശനങ്ങളുമാണ് ട്വിറ്ററില്‍ നിറയുന്നത്. ഇംഗ്ലീഷില്‍നിന്ന് ഹിന്ദിയിലേക്ക് പേരു മാറ്റുന്നതിലൂടെ എങ്ങനെയാണ് പ്രശ്്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന ചോദ്യം ട്വീറ്റുകളില്‍ പങ്കുവെക്കുന്നു.

കുടിയേറ്റ തൊഴിലാളികള്‍ അനുഭവിക്കുന്ന തുല്യതയില്ലാത്ത ദുരിതങ്ങള്‍ പരിഹരിക്കാനോ ദാരിദ്ര്യ നിര്‍മാര്‍ജനത്തിനോ തൊഴിലില്ലായ്മ പരിഹരിക്കാനോ ഇതുവഴി സാധിക്കുമോ? ജര്‍മന്‍കാര്‍ ഇതുവരെ അവരുടെ രാജ്യത്തിന്റെ പേര് ഡ്യൂഷ് ലാന്‍ഡെന്ന് മാറ്റിയിട്ടില്ല. ജപ്പാന്‍ ഒരിക്കലും പേര് നിപ്പോണ്‍ എന്നാക്കിയിട്ടില്ല. സ്‌പെയിന്‍കാര്‍ എസ്പാന എന്നുമാക്കിയില്ല. ഇവര്‍ക്കൊന്നും ഇന്ത്യയിലെ വലതുപക്ഷക്കാര്‍ക്കുള്ളതുപോലെ അപകര്‍ഷതാ ബോധമില്ലാത്തതിനാലാണിതെന്ന്് ട്വീറ്റുകളില്‍ പറയുന്നു. ഇന്ത്യയെന്ന് കേള്‍ക്കുമ്പോള്‍ അഭിമാനമുണരാത്തവര്‍ക്ക് ഭാരതെമന്ന് മാറ്റിയാലും ദേശാഭിമാനമുണ്ടാവില്ലെന്നാണ് മറ്റൊരു ട്വീറ്റ്.

 

Latest News