നീ എന്തിനാ പഠിക്കുന്നേ എന്ന് പുഛിച്ച കണക്ക് മാഷെ  ഞെട്ടിച്ച് ആദിവാസി പെണ്‍കുട്ടി വൈസ് ചാന്‍സലറായി 

റാഞ്ചി- ജാര്‍ഖണ്ഡിലെ ദുംക,സിഡോ കന്‍ഹു മുര്‍മു സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി പ്രൊഫ. സോനാചാര്യ മിന്‍സ് നിയമിതയായപ്പോള്‍ അത് സ്വാതന്ത്രാനന്തരഭാരതത്തിന്റെ ചരിത്രത്തിലെ അവിസ്മരണീയ സംഭവമായി. കാരണം രാജ്യത്ത് ആദ്യമായിട്ടാണ് ഒരു സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി പട്ടികവര്‍ഗ്ഗവിഭാഗത്തില്‍പെട്ട ഒരു വനിത നിയമിക്കപ്പെടുന്നത്. ആദിവാസി ഗോത്രത്തില്‍ നിന്ന് വന്ന പെണ്‍കുട്ടിയായതിനാല്‍ നീയൊരിക്കലും നന്നാവില്ലെന്നായിരുന്നു കണക്കുസാറിന്റെ ആദ്യത്തെ അനുഗ്രഹം എന്ന് സോനാചാര്യ പഴയകാലത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍  വേദനയോടെ പറയുന്നു.
കണക്ക് നിനക്ക് ഒരിക്കലും പറ്റിയ വിഷയമല്ലെന്ന് വിധിയെഴുതിയ കണക്ക് മാഷിനോടുള്ള വാശി ആ പെണ്‍കുട്ടിയെ പിന്നീട് എത്തിച്ചത്  കണക്കില്‍ ഉപരിപഠനത്തിലാണ്. അതേ അദ്ധ്യാപകന്റെ മുന്‍പില്‍ മൂന്നു തവണയും കണക്കിന് നൂറില്‍ നൂറു വാങ്ങാന്‍ സോനാചാര്യക്ക് കഴിഞ്ഞു. 
ആദിവാസിയായതിനാല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പ്രവേശനം കിട്ടിയിരുന്നില്ല. പിന്നീട് ഹിന്ദി മീഡിയം സ്‌കൂളായ സെന്റ് മാര്‍ഗരറ്റിലായിരുന്നു പഠനം. സത്യവും നീതിയുമെന്ന രണ്ടു തത്വങ്ങളിലാണ് തനിക്ക് വിശ്വാസമെന്ന് സോനാചാര്യ പറയുന്നു. 
1992ലാണ് സോനാചാര്യ അധ്യാപികയായി ജെഎന്‍യുവിലെത്തുന്നത്. 2018-19 കാലയളവില്‍ ജെഎന്‍യു ടീച്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ആയിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ നടന്ന ആക്രമണത്തില്‍ പരിക്കേറ്റ അദ്ധ്യാപകരില്‍ സോനാചാര്യയുമുണ്ട്.ആത്മവിശ്വാസം കൊണ്ട് ഉയരങ്ങള്‍ കീഴടക്കിയ സോനാചാര്യയുടെ ജീവിതം  നമുക്കൊരു പ്രചോദനമാകട്ടെ. നാം ഏത് ജാതിയില്‍ ജനിക്കുന്നു, എവിടെ ജീവിക്കുന്നു എന്നതിലല്ല, മറിച്ച് നാം ജീവിതത്തെ എങ്ങിനെ കാണുന്നു എന്നതിലാണ് കാര്യം. കഠിനാധ്വാനവും, ആത്മവിശ്വാസവുമായിരിക്കണം നമ്മുടെ കൈമുതല്‍. തളര്‍ത്താന്‍ ശ്രമിക്കുന്നവരുടെ വാക്കുകള്‍ ജയിക്കാനുള്ള പ്രചോദനമായികാണുക സോനാചാര്യയെ പോലെ.റാഞ്ചി-
 

Latest News