Sorry, you need to enable JavaScript to visit this website.

ലോക്ക്ഡൗണ്‍; കുടുംബത്തെ പോറ്റാന്‍ വഴിയില്ല, അമ്പതുകാരന്‍ ആത്മഹത്യ ചെയ്തു

ലഖ്‌നൗ- കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ ലോക്ക്ടൗണ്‍ നീട്ടിയതിനെ തുടര്‍ന്ന് അമ്പതുകാരന്‍ ആത്മഹത്യ ചെയ്തു. രാജ്യത്ത് ലോക്ക്ടൗണ്‍ നീട്ടിയതിനാല്‍ തനിക്ക് കുടുംബത്തെ നോക്കാന്‍ മാര്‍ഗങ്ങളില്ലെന്നും അതുകൊണ്ട് ആത്മഹത്യ ചെയ്യുന്നുവെന്നും അദ്ദേഹത്തിന്റെ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. ലഖിംപൂര്‍ ഖേരി ജില്ലയിലെ റെയില്‍വേ ട്രാക്കിലാണ് ഭാനുപ്രകാശ് ഗുപ്തയുടെ മൃതദേഹം കണ്ടെത്തിയത്.

ഷാജഹാന്‍പൂര്‍ ജില്ലയിലുള്ള ഹോട്ടലിലെ തൊഴിലാളിയായിരുന്നു അദ്ദേഹം. നാലു മക്കളും ഭാര്യയും സുഖമില്ലാത്ത അമ്മയുമാണ് ഭാനുപ്രകാശിന്റെ കുടുംബം. ലോക്ക്ടൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ ജോലിയില്ലാതായ അദ്ദേഹം നിത്യചെലവുകള്‍ക്കായി നട്ടംതിരിയുകയായിരുന്നുവെന്നാണ് വിവരം.

'തന്റെ വീട്ടില്‍ കുറച്ച് ഗോതമ്പും അരിയുമുണ്ട്. അതിന് സര്‍ക്കാരിന്റെ റേഷന്‍കടയോട് നന്ദി പറയുന്നു. എന്നാല്‍ അതുകൊണ്ടൊന്നും മതിയാകില്ല. പഞ്ചസാരയോ ഉപ്പോ പാലോ ഒന്നും വാങ്ങാന്‍ തന്റെ പക്കല്‍ പണമില്ലെന്ന്'' ഭാനുപ്രകാശിന്റെ ആത്മഹത്യാകുറിപ്പില്‍ പറയുന്നു.തന്റെ അസുഖമുള്ള മാതാവിന് ചികിത്സിക്കാന്‍ പോലും തനിക്ക് സാധിക്കുന്നില്ല. ജില്ലാ ഭരണകൂടം സഹായിക്കുന്നില്ല. തനിക്ക് വല്ലാത്ത വിഷമമുണ്ടെന്നും അദ്ദേഹം  കുറിപ്പില്‍ പറയുന്നു.

ഭാനുപ്രകാശിന്റെ കുടുംബത്തിന് ആവശ്യമായ സഹായങ്ങള്‍ എത്തിക്കുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അറിയിച്ചു. അദ്ദേഹത്തിന്റെ വീട്ടില്‍ റേഷന്‍ ലഭിച്ചിട്ടുണ്ടെന്നും ക്വാട്ടയനുസരിച്ചുള്ള ധാന്യങ്ങള്‍ ലഭിച്ചതായി മനസിലായതായും ആത്മഹത്യയുടെ കാരണങ്ങള്‍ അന്വേഷിക്കുമെന്നും ജില്ലാ മജിസ്‌ട്രേറ്റ് ഷൈലേന്ദ്ര കുമാര്‍ സിങ് അറിയിച്ചു.
 

Latest News